സങ്കീർത്തനങ്ങൾ 139:13-17

സങ്കീർത്തനങ്ങൾ 139:13-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചത്, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു; ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയത്!

സങ്കീർത്തനങ്ങൾ 139:13-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്നാണ് എന്റെ അന്തരേന്ദ്രിയങ്ങൾ സൃഷ്‍ടിച്ചത്, അമ്മയുടെ ഉദരത്തിൽ എന്നെ മെനഞ്ഞത് അവിടുന്നാണ്. ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു. അവിടുന്ന് എന്നെ അദ്ഭുതകരമായി സൃഷ്‍ടിച്ചു. അവിടുത്തെ സൃഷ്‍ടികൾ എത്ര വിസ്മയനീയം! അവിടുന്ന് എന്നെ നന്നായി അറിയുന്നു. ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും, ഭൂമിയുടെ അധോഭാഗങ്ങളിൽവച്ചു സൂക്ഷ്മതയോടെ സൃഷ്‍ടിക്കപ്പെടുകയും ചെയ്തപ്പോൾ, എന്റെ രൂപം അങ്ങേക്കു മറഞ്ഞിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അവിടുന്ന് എന്നെ ദർശിച്ചു. എന്റെ ആയുസ്സിന്റെ നാളുകൾ ഞാൻ ഉരുവാകുന്നതിനു മുമ്പുതന്നെ, അങ്ങ് അവിടുത്തെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. ദൈവമേ, അങ്ങയുടെ വിചാരങ്ങൾ എത്ര അഗാധം. അവ എത്രയോ വിശാലം!

സങ്കീർത്തനങ്ങൾ 139:13-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അങ്ങല്ലയോ എന്‍റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; എന്‍റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു. ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങേയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ എന്‍റെ അസ്ഥികൂടം അങ്ങേക്ക് മറഞ്ഞിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അങ്ങേയുടെ കണ്ണ് എന്നെ കണ്ടു; എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം അങ്ങേയുടെ പുസ്തകത്തിൽ എഴുതിയിരുന്നു; ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങേയുടെ വിചാരങ്ങൾ എത്ര ഘനമായവ! അവയുടെ ആകെത്തുകയും എത്ര വലിയത്!

സങ്കീർത്തനങ്ങൾ 139:13-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു; ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു!

സങ്കീർത്തനങ്ങൾ 139:13-17 സമകാലിക മലയാളവിവർത്തനം (MCV)

അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്; എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്. സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്, അതെനിക്കു നന്നായി അറിയാം. ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ, എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു; എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ, അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു. ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം! അവയുടെ ആകെത്തുക എത്ര വലുത്!