GENESIS 14
14
അബ്രാം ലോത്തിനെ രക്ഷിക്കുന്നു
1ശിനാറിലെ അമ്രാഫെൽ, എലാസാറിലെ അര്യോക്, ഏലാമിലെ കെദൊർ-ലായോമെർ, ഗോയിമിലെ തീദാൽ എന്നീ രാജാക്കന്മാർ 2സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശീനാബ്, സെബോയീംരാജാവായ ശെമേബെർ, ബേലയിലെ അഥവാ സോവറിലെ രാജാവ് എന്നിവരോടു യുദ്ധം ചെയ്യാൻ പുറപ്പെട്ടു. 3പിന്നീട് ചാവുകടലായി മാറിയ സിദ്ദീംതാഴ്വരയിൽ അവർ ഒന്നിച്ചുകൂടി. 4അവർ പന്ത്രണ്ടു വർഷം കെദൊർ-ലായോമെറിനു കീഴടങ്ങിക്കഴിഞ്ഞു. എന്നാൽ പതിമൂന്നാം വർഷം അവർ അയാളോടു മത്സരിച്ചു. 5പതിന്നാലാം വർഷം കെദൊർ-ലായോമെറും കൂടെയുള്ള രാജാക്കന്മാരും തങ്ങളുടെ സൈന്യങ്ങളോടുകൂടി വന്ന്, അസ്തെരോത്ത്-കർണയീമിലെ രെഫായീമിനെയും ഹാമിലെ സൂസീമിനെയും, ശാവേ- കിര്യാത്താമീലെ എമീമിനെയും 6സേയീർമലയിലെ ഹൊര്യരെയും തോല്പിച്ച് മരുഭൂമിയുടെ അതിർത്തിയിലുള്ള എൽ-പാരാൻവരെ ഓടിച്ചു. 7അതിനുശേഷം അന്നു എൻ- മിശ്പാത്ത് എന്ന പേരിൽ അറിഞ്ഞിരുന്ന കാദേശിൽ തിരിച്ചുവന്നു. അമാലേക്യരുടെ ദേശം മുഴുവൻ കീഴടക്കി. ഹസെസോൻ- താമാരിൽ നിവസിച്ചിരുന്ന അമോര്യരെയും അവർ തോല്പിച്ചു. 8അപ്പോൾ സൊദോമിലെയും ഗൊമോറായിലെയും, ആദ്മായിലെയും, സെബോയീമിലെയും സോവർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബേലയിലെയും രാജാക്കന്മാർ സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. 9ഏലാമിലെ കെദൊർ-ലായോമെർ, ഗോയീമിലെ രാജാവായ തീദാൽ, ശീനാറിലെ അമ്രാഫെൽ എലാസാറിലെ അര്യോക് എന്നീ രാജാക്കന്മാർക്കെതിരായി അണിനിരത്തി; അങ്ങനെ അഞ്ചു രാജാക്കന്മാർ നാലു രാജാക്കന്മാർക്കെതിരെ അണിനിരന്നു. 10സിദ്ദീംതാഴ്വരയിലെങ്ങും കീൽക്കുഴികൾ ഉണ്ടായിരുന്നു. സൊദോമിലെയും ഗൊമോറായിലെയും രാജാക്കന്മാർ പിന്തിരിഞ്ഞ് ഓടിയപ്പോൾ അവരിൽ ചിലർ ആ കുഴികളിൽ വീണു; മറ്റു ചിലർ മലകളിലേക്ക് ഓടിപ്പോയി. 11ശത്രുക്കൾ സൊദോമിലെയും ഗൊമോറായിലെയും സമ്പത്തും ഭക്ഷണസാധനങ്ങളും അപഹരിച്ചു. 12സൊദോമിൽ നിവസിച്ചിരുന്ന അബ്രാമിന്റെ സഹോദരപുത്രൻ ലോത്തിനെ അവന്റെ സമ്പാദ്യങ്ങളോടൊപ്പം അവർ പിടിച്ചുകൊണ്ടുപോയി. 13അവിടെനിന്നു രക്ഷപെട്ട ഒരാൾ എബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. അമോര്യരും എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനുമായ മമ്രെയുടെ കരിവേലകത്തോപ്പിനടുത്ത് അന്ന് അബ്രാം പാർക്കുകയായിരുന്നു. അവർ അബ്രാമുമായി സഖ്യം ചെയ്തിരുന്നു. 14തന്റെ സഹോദരപുത്രനെ പിടിച്ചുകൊണ്ടുപോയി എന്ന് അറിഞ്ഞപ്പോൾ അബ്രാം സ്വന്തം ഭവനത്തിൽ ജനിച്ചവരും പരിശീലനം സിദ്ധിച്ചവരുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ അവരെ പിന്തുടർന്നു. 15തന്നോടൊപ്പം ഉണ്ടായിരുന്നവരെ അദ്ദേഹം പല കൂട്ടങ്ങളായി തിരിച്ച് അണിനിരത്തി. അബ്രാം രാത്രിയിൽ ശത്രുക്കളെ ആക്രമിച്ചു തോല്പിച്ചു; ദമാസ്കസിന്റെ വടക്കുള്ള ഹോബാവരെ അവരെ പിന്തുടർന്നു. 16ശത്രുക്കൾ കൊണ്ടുപോയ സമ്പത്തു മുഴുവൻ പിടിച്ചെടുത്തു. ലോത്തിനെയും അവന്റെ ആളുകളെയും സ്ത്രീകളെയും അവന്റെ സമ്പത്തിനോടൊപ്പം വീണ്ടെടുത്തു.
മല്ക്കിസെദെക്ക് അബ്രാമിനെ അനുഗ്രഹിക്കുന്നു
17കെദൊർ-ലായോമെരിനെയും കൂടെയുണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചു മടങ്ങിവരുമ്പോൾ അബ്രാമിനെ എതിരേല്ക്കാൻ സൊദോംരാജാവ് രാജതാഴ്വര എന്ന് അറിയപ്പെട്ടിരുന്ന ശാവേതാഴ്വരയിൽ ചെന്നു. 18ശാലേംരാജാവായ മല്ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അദ്ദേഹം അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. 19അദ്ദേഹം അബ്രാമിനെ അനുഗ്രഹിച്ചു പറഞ്ഞു: “ആകാശവും ഭൂമിയും സൃഷ്ടിച്ച അത്യുന്നതനായ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. 20ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ചുതന്ന അത്യുന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.” അബ്രാം മല്ക്കിസെദെക്കിന് എല്ലാറ്റിന്റെയും ദശാംശം നല്കി. 21സൊദോംരാജാവ് അബ്രാമിനോടു പറഞ്ഞു: “എന്റെ ആളുകളെ എല്ലാം എനിക്കു വിട്ടുതരിക, സമ്പത്തൊക്കെയും നീ എടുത്തുകൊൾക.” 22അബ്രാം മറുപടി പറഞ്ഞു: “അബ്രാമിനെ ഞാൻ ധനികനാക്കി എന്ന് അങ്ങു പറയാതിരിക്കാൻ അങ്ങയുടെ വക ഒരു ചരടോ, ചെരുപ്പിന്റെ വാറോ പോലും ഞാൻ എടുക്കുകയില്ലെന്ന് 23ആകാശവും ഭൂമിയും സൃഷ്ടിച്ച അത്യുന്നതദൈവമായ സർവേശ്വരനോടു ഞാൻ സത്യം ചെയ്തിട്ടുണ്ട്. 24എന്റെ കൂടെയുള്ള യുവാക്കൾ ഭക്ഷിച്ചതും എന്റെകൂടെ ഉണ്ടായിരുന്ന ആനേർ, എശ്ക്കോൽ, മമ്രെ എന്നിവർക്ക് അവകാശപ്പെട്ടതും അല്ലാതെ മറ്റൊന്നും ഞാൻ എടുക്കുകയില്ല. തങ്ങളുടെ ഓഹരി അവർ മൂവരും എടുത്തുകൊള്ളട്ടെ.”
Aktualisht i përzgjedhur:
GENESIS 14: malclBSI
Thekso
Ndaje
Copy
A doni që theksimet tuaja të jenë të ruajtura në të gjitha pajisjet që keni? Regjistrohu ose hyr
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.