Logoja YouVersion
Ikona e kërkimit

GENESIS 27

27
യാക്കോബിനെ അനുഗ്രഹിക്കുന്നു
1ഇസ്ഹാക്ക് വൃദ്ധനായി, കാഴ്ചമങ്ങി. ഒരു ദിവസം മൂത്തമകനായ ഏശാവിനെ, “എന്റെ മകനേ” എന്നു വിളിച്ചു. “ഇതാ ഞാൻ ഇവിടെയുണ്ട്;” ഏശാവ് വിളി കേട്ടു. 2ഇസ്ഹാക്ക് പറഞ്ഞു: “നോക്കൂ, ഞാൻ വൃദ്ധനായി; എപ്പോൾ മരിക്കുമെന്നു ഞാൻ അറിയുന്നില്ല. 3നിന്റെ അമ്പും വില്ലുമെടുത്തു കാട്ടിൽ പോയി എനിക്കുവേണ്ടി ഏതെങ്കിലും മൃഗത്തെ ഉടനെതന്നെ വേട്ടയാടുക. 4വേട്ടയിറച്ചികൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവരിക. മരിക്കുംമുമ്പ് അതു ഭക്ഷിച്ച് ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ. 5“ഇസ്ഹാക്കും ഏശാവും തമ്മിലുള്ള സംഭാഷണം റിബേക്കാ കേട്ടു. 6ഏശാവ് വേട്ടയ്‍ക്കായി പോയപ്പോൾ അവൾ യാക്കോബിനോടു പറഞ്ഞു: “നീ വേട്ടയ്‍ക്കു പോയി രുചിയുള്ള ഭക്ഷണം പാകം ചെയ്തുതരിക. 7ഞാൻ മരിക്കുംമുമ്പ് അതു ഭക്ഷിച്ചു സർവേശ്വരന്റെ സന്നിധിയിൽ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു നിന്റെ പിതാവ് നിന്റെ സഹോദരനോടു പറയുന്നതു ഞാൻ കേട്ടു. 8അതുകൊണ്ട് എന്റെ മകനേ, ഞാൻ പറയുന്നതു നീ അനുസരിക്കുക. 9ആട്ടിൻകൂട്ടത്തിൽനിന്നു നല്ല രണ്ട് ആട്ടിൻകുട്ടികളെ പിടിച്ചു കൊണ്ടുവരിക. നിന്റെ പിതാവ് ഇഷ്ടപ്പെടുന്ന വിധത്തിൽ ഞാൻ അതു പാകം ചെയ്തുതരാം. 10അതു നീ പിതാവിനു കൊണ്ടുചെന്നു കൊടുക്കണം. അങ്ങനെ അപ്പൻ മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കട്ടെ.” 11യാക്കോബ് അമ്മയോടു പറഞ്ഞു: “എന്റെ സഹോദരനായ ഏശാവിന്റെ ദേഹം മുഴുവൻ രോമമുണ്ടല്ലോ. എന്റെ ദേഹമാകട്ടെ മിനുസ്സമുള്ളതും. 12ഒരുവേള പിതാവ് എന്നെ തൊട്ടുനോക്കിയാലോ? അപ്പോൾ ഞാൻ ചതിയനാണെന്നു വരും. അങ്ങനെ അനുഗ്രഹത്തിനു പകരം ശാപമായിരിക്കും എനിക്കു ലഭിക്കുക.” 13അമ്മ പറഞ്ഞു: “മകനേ, ആ ശാപം ഞാൻ ഏറ്റുകൊള്ളാം. ഞാൻ പറയുന്നതു നീ കേൾക്കൂ. നീ പോയി ആട്ടിൻകുട്ടികളെ കൊണ്ടുവരിക.” 14അങ്ങനെ യാക്കോബ് ചെന്ന് ആട്ടിൻകുട്ടികളെ പിടിച്ചുകൊണ്ടുവന്ന് അമ്മയെ ഏല്പിച്ചു; പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം അമ്മ തയ്യാറാക്കി. 15പിന്നെ റിബേക്കാ ഏശാവിന്റെ വകയായി താൻ സൂക്ഷിച്ചിരുന്ന ഏറ്റവും വിശേഷപ്പെട്ട വസ്ത്രങ്ങളെടുത്ത് യാക്കോബിനെ ധരിപ്പിച്ചു. 16ആട്ടിൻ തോലുകൊണ്ട് കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. 17പിന്നീട് താൻ പാകം ചെയ്ത രുചികരമായ ഇറച്ചിയും അപ്പവും യാക്കോബിന്റെ കൈയിൽ കൊടുത്തു. 18യാക്കോബ് പിതാവിന്റെ അടുക്കൽ ചെന്നു, “അപ്പാ” എന്നു വിളിച്ചു. പിതാവ് വിളി കേട്ടു. “മകനേ നീ ആരാണ്?” എന്നു ചോദിച്ചു. 19“ഞാൻ അങ്ങയുടെ മൂത്തമകൻ ഏശാവാണ്. അങ്ങു പറഞ്ഞതുപോലെ ഞാൻ വേട്ടയിറച്ചി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു യാക്കോബ് പറഞ്ഞു.
20“ഇത്രവേഗം നിനക്ക് എങ്ങനെ വേട്ടയിറച്ചി കിട്ടി?” എന്നു പിതാവ് അന്വേഷിച്ചു. “അങ്ങയുടെ ദൈവമായ സർവേശ്വരൻ സഹായിച്ചു” എന്നു യാക്കോബു മറുപടി പറഞ്ഞു. 21ഇസ്ഹാക്ക് യാക്കോബിനോടു പറഞ്ഞു: “മകനേ, അടുത്തു വരൂ; നീ എന്റെ മൂത്തമകൻ ഏശാവു തന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ.” 22യാക്കോബ് ഇസ്ഹാക്കിന്റെ സമീപത്തേക്കു ചെന്നു; അദ്ദേഹം അവനെ തപ്പിനോക്കിക്കൊണ്ടു പറഞ്ഞു: “ശബ്ദം യാക്കോബിൻറേതാണ്. എന്നാൽ കൈകൾ ഏശാവിൻറേതുപോലെ.” 23രോമത്തിൽ പൊതിഞ്ഞ യാക്കോബിന്റെ കൈകൾ ഏശാവിൻറേതെന്നു കരുതി ഇസ്ഹാക്ക് അവനെ അനുഗ്രഹിക്കാൻ ഭാവിച്ചു. 24ഇസ്ഹാക്കു വീണ്ടും ചോദിച്ചു: “നീ എന്റെ മകൻ ഏശാവുതന്നെയോ?” “ഞാൻതന്നെ” എന്ന് യാക്കോബു പറഞ്ഞു. 25ഇസ്ഹാക്കു പറഞ്ഞു “നീ പാകം ചെയ്ത മാംസം കൊണ്ടുവരിക. അതു ഭക്ഷിച്ച ശേഷം ഞാൻ നിന്നെ അനുഗ്രഹിക്കാം.” യാക്കോബ് ഭക്ഷണം വിളമ്പിക്കൊടുത്തു, ഇസ്ഹാക്ക് ഭക്ഷിച്ചു. കുറെ വീഞ്ഞും പകർന്നുകൊടുത്തു. 26ഇസ്ഹാക്ക് അതും കുടിച്ചു. പിന്നീട് ഇസ്ഹാക്ക് അവനോട് “മകനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു. അവൻ പിതാവിനെ ചുംബിച്ചു. 27അവന്റെ വസ്ത്രത്തിന്റെ മണം അറിഞ്ഞശേഷം ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പറഞ്ഞു:
“ഹാ, എന്റെ മകന്റെ മണം!
അതു സർവേശ്വരൻ അനുഗ്രഹിച്ച വയലിന്റെ
മണംപോലെ തന്നെ.
28ദൈവം ആകാശത്തുനിന്നു മഞ്ഞുപൊഴിച്ച്
നിന്റെ നിലത്തെ ഫലപുഷ്ടമാക്കട്ടെ;
ധാന്യവും വീഞ്ഞും അവിടുന്നു നിനക്കു
സമൃദ്ധമായി നല്‌കട്ടെ.
29ജനതകൾ നിന്നെ സേവിക്കും,
രാജ്യങ്ങൾ നിന്നെ വണങ്ങും,
നിന്റെ സ്വന്തക്കാർക്കു നീ യജമാനനാകും.
നിന്റെ അമ്മയുടെ തന്നെ മക്കൾ നിന്റെ
മുമ്പിൽ കുമ്പിടും;
നിന്നെ ശപിക്കുന്നവരെല്ലാം
ശപിക്കപ്പെട്ടവരും;
നിന്നെ അനുഗ്രഹിക്കുന്നവരെല്ലാം
അനുഗൃഹീതരുമാകും.”
ഏശാവ് അനുഗ്രഹം യാചിക്കുന്നു
30ഇസ്ഹാക്കിന്റെ അനുഗ്രഹം വാങ്ങി യാക്കോബ് പുറത്തുകടന്നപ്പോൾ ഏശാവു വേട്ട കഴിഞ്ഞു മടങ്ങിയെത്തി.
31അയാളും രുചികരമായ വേട്ടയിറച്ചി പാകം ചെയ്ത് പിതാവിന്റെ അടുക്കൽ കൊണ്ടുവന്നു. ഏശാവു പറഞ്ഞു: “അപ്പാ, ഇതാ ഞാൻ കൊണ്ടുവന്നിരിക്കുന്ന വേട്ടയിറച്ചി ഭക്ഷിച്ച ശേഷം എന്നെ അനുഗ്രഹിച്ചാലും.” 32ഇസ്ഹാക്ക് അവനോട്: “നീ ആരാണ്” എന്നു ചോദിച്ചു. “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവ്” എന്ന് അവൻ പ്രതിവചിച്ചു. 33ഇസ്ഹാക്ക് നടുങ്ങിപ്പോയി. അദ്ദേഹം ചോദിച്ചു: “അപ്പോൾ ആരാണ് ഇവിടെ വേട്ടയിറച്ചി കൊണ്ടുവന്നു തന്നത്? നീ വരുംമുമ്പേ ഞാൻ അതു ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചുവല്ലോ. അവൻ അനുഗൃഹീതനായിരിക്കും.” 34പിതാവിന്റെ വാക്കുകൾ കേട്ടപ്പോൾ ഏശാവ് പൊട്ടിക്കരഞ്ഞു. “അപ്പാ, എന്നെയും അനുഗ്രഹിക്കണമേ” എന്നു കേണപേക്ഷിച്ചു. 35ഇസ്ഹാക്കു പറഞ്ഞു: “നിന്റെ സഹോദരൻ കൗശലപൂർവം വന്നു നിനക്കു ലഭിക്കേണ്ടിയിരുന്ന അനുഗ്രഹം തട്ടിയെടുത്തിരിക്കുന്നു.” 36ഏശാവു പറഞ്ഞു: “വെറുതെയല്ല അവന് ‘യാക്കോബ്’ എന്നു പേരിട്ടിരിക്കുന്നത്. ഇപ്പോൾ രണ്ടു പ്രാവശ്യം അവൻ എന്നെ വഞ്ചിച്ചിരിക്കുന്നു. ആദ്യം എന്റെ ജ്യേഷ്ഠാവകാശം അവൻ അപഹരിച്ചു; ഇപ്പോൾ എനിക്കു വരേണ്ട അനുഗ്രഹവും അവൻ തട്ടിയെടുത്തിരിക്കുന്നു. എനിക്കുവേണ്ടി ഒരു അനുഗ്രഹവും അങ്ങ് കരുതിവച്ചിട്ടില്ലേ?” എന്ന് ഏശാവ് പിതാവിനോടു ചോദിച്ചു. 37ഇസ്ഹാക്കു പറഞ്ഞു: “ഞാൻ അവനെ നിന്റെ യജമാനനാക്കി. മറ്റു സഹോദരന്മാരെ അവന്റെ ദാസന്മാരുമാക്കി; ധാന്യത്തിനും വീഞ്ഞിനും അവനെ അവകാശിയാക്കി; എന്റെ മകനേ! നിനക്കുവേണ്ടി എനിക്കിനി എന്തു ചെയ്യാൻ കഴിയും?” 38ഏശാവ് പിതാവിനോടു: “അപ്പാ, അപ്പന്റെ പക്കൽ ഈ ഒരു അനുഗ്രഹം മാത്രമേയുള്ളോ? എന്നെയുംകൂടെ അനുഗ്രഹിക്കേണമേ” എന്ന് അപേക്ഷിച്ചുകൊണ്ട് അയാൾ ഉറക്കെ കരഞ്ഞു. 39അപ്പോൾ ഇസ്ഹാക്ക് പറഞ്ഞു: “നിന്റെ വാസസ്ഥലം ഐശ്വര്യസമൃദ്ധിയിൽനിന്നും ആകാശത്തിലെ മഞ്ഞുതുള്ളികളിൽനിന്നും അകന്നിരിക്കും.
40വാളുകൊണ്ട് നീ ഉപജീവിക്കും.
നിന്റെ സഹോദരനെ നീ സേവിക്കും.
എന്നാൽ നീ സ്വതന്ത്രനാകുമ്പോൾ
അവന്റെ നുകം നീ ചുമലിൽനിന്നു
കുടഞ്ഞുകളയും.”
41പിതാവ് യാക്കോബിനെ അനുഗ്രഹിച്ചതുകൊണ്ട് ഏശാവ് യാക്കോബിനെ വെറുത്തു. “പിതാവിന്റെ മരണകാലം അടുത്തിരിക്കുന്നു; അദ്ദേഹത്തെച്ചൊല്ലി വിലപിക്കാനുള്ള കാലം കഴിഞ്ഞ് ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്ന് ഏശാവ് ഉള്ളിൽ പറഞ്ഞു. 42ഏശാവിന്റെ അന്തർഗതം മനസ്സിലാക്കിയ റിബേക്കാ യാക്കോബിനെ വിളിച്ചു പറഞ്ഞു: “നിന്റെ സഹോദരൻ നിന്നെ കൊന്നു പകവീട്ടാൻ ഒരുങ്ങിയിരിക്കുകയാണ്. 43അതുകൊണ്ട് ഞാൻ പറയുന്നതനുസരിക്കുക. ഹാരാനിലുള്ള എന്റെ സഹോദരൻ ലാബാന്റെ അടുക്കലേക്കു നീ ഓടി രക്ഷപെടുക. 44നിന്റെ സഹോദരന്റെ ക്രോധം ശമിക്കുന്നതുവരെ നീ അവിടെ പാർക്കുക. 45അവന്റെ കോപം അടങ്ങുകയും നീ ചെയ്തത് അവൻ വിസ്മരിക്കുകയും ചെയ്യുന്നതുവരെ നീ അവിടെത്തന്നെ താമസിക്കുക. പിന്നീട് ഞാനാളയച്ചു നിന്നെ വരുത്തിക്കൊള്ളാം. നിങ്ങൾ രണ്ടുപേരും ഒരു ദിവസംതന്നെ എനിക്കു നഷ്ടപ്പെടരുതല്ലോ.”
യാക്കോബ് ലാബാന്റെ അടുക്കലേക്ക്
46റിബേക്കാ ഇസ്ഹാക്കിനോടു പറഞ്ഞു: “ഏശാവിന്റെ ഭാര്യമാരായ ഹിത്യസ്‍ത്രീകൾ നിമിത്തം ഞാൻ വലഞ്ഞു. യാക്കോബും ഹിത്യരുടെ ഇടയിൽനിന്നു വിവാഹം ചെയ്താൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.”

Aktualisht i përzgjedhur:

GENESIS 27: malclBSI

Thekso

Ndaje

Copy

None

A doni që theksimet tuaja të jenë të ruajtura në të gjitha pajisjet që keni? Regjistrohu ose hyr