JOHANA 1
1
ജീവന്റെ വചനം
1ആദിയിൽത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു. 2ആ വചനം ആദിയിൽത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു. 3വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളിൽ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല. 4വചനത്തിൽ ജീവനുണ്ടായിരുന്നു; ആ ജീവൻ മനുഷ്യവർഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു. 5ഇരുളിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചത്തെ ഇരുൾ ഒരിക്കലും കീഴടക്കിയിട്ടില്ല.
6യോഹന്നാൻ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു. 7അദ്ദേഹം സാക്ഷ്യം വഹിക്കുവാൻ, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിനു വെളിച്ചത്തിനു സാക്ഷ്യം വഹിക്കുവാൻ തന്നെ വന്നു. 8അദ്ദേഹം വെളിച്ചമായിരുന്നില്ല; വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം വഹിക്കുവാൻ വന്നവൻ മാത്രമായിരുന്നു. 9സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യവെളിച്ചം പ്രപഞ്ചത്തിലേക്കു വന്നുകൊണ്ടിരുന്നു.
10അവിടുന്നു പ്രപഞ്ചത്തിലുണ്ടായിരുന്നു. പ്രപഞ്ചം അവിടുന്നു മുഖാന്തരമാണു സൃഷ്‍ടിക്കപ്പെട്ടത്; എങ്കിലും ലോകം അവിടുത്തെ അറിഞ്ഞില്ല. 11അവിടുന്നു സ്വന്തമായതിലേക്കു വന്നു; എന്നാൽ സ്വജനങ്ങൾ അവിടുത്തെ സ്വീകരിച്ചില്ല. 12തന്നെ സ്വീകരിച്ച്, തന്റെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കൾ ആകുവാനുള്ള അധികാരം അവിടുന്നു നല്‌കി. 13അവിടുന്നു ജനിച്ചത് മനുഷ്യരക്തത്തിൽ നിന്നല്ല; ലൈംഗിക പ്രേരണയാലും പുരുഷന്റെ ഇച്ഛയാലും അല്ല; പ്രത്യുത, ദൈവത്തിൽ നിന്നത്രേ.
14വചനം മനുഷ്യജന്മമെടുത്തു, ദൈവത്തിന്റെ വരപ്രസാദവും സത്യവും സമ്പൂർണമായി നിറഞ്ഞ് നമ്മുടെ ഇടയിൽ വസിച്ചു; അവിടുത്തെ തേജസ്സ് പിതാവിൽനിന്നുള്ള ഏകജാതന്റെ തേജസ്സായി ഞങ്ങൾ ദർശിച്ചു.
15യോഹന്നാൻ അവിടുത്തെ സാക്ഷ്യം വഹിച്ചുകൊണ്ട് ഇപ്രകാരം ഉദ്ഘോഷിച്ചു: “എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ടെന്നും, അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാൽ എന്നെക്കാൾ ശ്രേഷ്ഠനാണെന്നും ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചാണ്.”
16അവിടുത്തെ സമ്പൂർണതയിൽനിന്നു നമുക്കെല്ലാവർക്കും മേല്‌ക്കുമേൽ കൃപ ലഭിച്ചിരിക്കുന്നു. മോശ മുഖാന്തരം ധാർമിക നിയമങ്ങൾ നല്‌കപ്പെട്ടു; 17കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരിക്കലും ദർശിച്ചിട്ടില്ല; 18പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രൻ അവിടുത്തെ വെളിപ്പെടുത്തിയിരിക്കുന്നു.
സ്നാപകയോഹന്നാന്റെ സാക്ഷ്യം
(മത്താ. 3:1-12; മർക്കോ. 1:1-8; ലൂക്കോ. 3:1-18)
19‘അങ്ങ് ആരാകുന്നു?’ എന്നു യോഹന്നാനോട് ചോദിക്കുന്നതിനു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അദ്ദേഹത്തിന്റെ അടുക്കലേക്കയച്ചു.
20അദ്ദേഹം അവരോടു തുറന്നു പറഞ്ഞു: “ഞാൻ ക്രിസ്തുവല്ല.”
21അപ്പോൾ അവർ ചോദിച്ചു: “പിന്നെ അങ്ങ് ആരാണ്? ഏലിയാ ആണോ?” “അല്ല” എന്ന് അദ്ദേഹം പ്രതിവചിച്ചു. അവർ വീണ്ടും ചോദിച്ചു: “ഞങ്ങൾ പ്രതീക്ഷിക്കുന്ന ആ പ്രവാചകനാണോ താങ്കൾ?” “അല്ല” എന്ന് അദ്ദേഹം പറഞ്ഞു.
22അവർ പിന്നെയും അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ആരാണെന്നു പറഞ്ഞാലും: ഞങ്ങളെ പറഞ്ഞയച്ചവരോട് ഒരു മറുപടി പറയണമല്ലോ. അങ്ങയെക്കുറിച്ച് എന്താണ് പറയുന്നത്?”
23അദ്ദേഹം പറഞ്ഞു: “യെശയ്യാപ്രവാചകൻ പറഞ്ഞിട്ടുള്ളതുപോലെ ‘കർത്താവിന്റെ വഴി നേരേയാക്കുക’ എന്നു മരുഭൂമിയിൽ ഉദ്ഘോഷിക്കുന്നവന്റെ ശബ്ദമാകുന്നു ഞാൻ.”
24പരീശകക്ഷിയിൽപ്പെട്ടവരായിരുന്നു അവരെ അയച്ചത്. അവർ ചോദിച്ചു: 25“അങ്ങു ക്രിസ്തുവല്ല, ഏലിയായുമല്ല, വരുവാനുള്ള പ്രവാചകനുമല്ല എങ്കിൽ പിന്നെ അങ്ങ് എന്തിനു സ്നാപനം നടത്തുന്നു?”
26യോഹന്നാൻ പ്രതിവചിച്ചു: “ഞാൻ ജലംകൊണ്ടു സ്നാപനം ചെയ്യുന്നു. എന്നാൽ നിങ്ങൾക്ക് അജ്ഞാതനായ ഒരാൾ നിങ്ങളുടെ മധ്യത്തിൽ നില്‌ക്കുന്നുണ്ട്. 27അവിടുന്ന് എന്റെ പിന്നാലെ വരുന്നു എങ്കിലും അവിടുത്തെ ചെരുപ്പിന്റെ വാറ് അഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല.”
28യോഹന്നാൻ സ്നാപനം നടത്തിക്കൊണ്ടിരുന്ന യോർദ്ദാൻനദിയുടെ തീരപ്രദേശമായ ബേഥാന്യയിലാണ് ഇവയെല്ലാം സംഭവിച്ചത്.
ദൈവത്തിന്റെ കുഞ്ഞാട്
29അടുത്ത ദിവസം യേശു തന്റെ അടുക്കലേക്കു വരുന്നത് യോഹന്നാൻ കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപഭാരം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. 30ഇദ്ദേഹത്തെക്കുറിച്ചാണു ഞാൻ പറഞ്ഞത്, ‘എന്റെ പിന്നാലെ ഒരാൾ വരുന്നു; അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാൽ എന്നെക്കാൾ ശ്രേഷ്ഠനാണ്’ എന്ന്. 31ഞാൻപോലും അവിടുത്തെ മനസ്സിലാക്കിയില്ല; എങ്കിലും ഇസ്രായേൽജനതയ്‍ക്ക് അവിടുത്തെ വെളിപ്പെടുത്തിക്കൊടുക്കുവാനാണ് ഞാൻ ജലംകൊണ്ടു സ്നാപനം നടത്തുവാൻ വന്നത്.”
32“യോഹന്നാൻ തന്റെ സാക്ഷ്യം ഇങ്ങനെ തുടർന്നു: “ഒരു പ്രാവെന്നപോലെ ആത്മാവു സ്വർഗത്തിൽ നിന്നിറങ്ങിവന്ന് അദ്ദേഹത്തിൽ ആവസിക്കുന്നതു ഞാൻ കണ്ടു. 33എങ്കിലും ഞാൻ അദ്ദേഹത്തെ മനസ്സിലാക്കിയില്ല. എന്നാൽ ജലംകൊണ്ടു സ്നാപനം നടത്താൻ എന്നെ അയച്ചവൻ എന്നോട് അരുൾചെയ്തു: ‘ആത്മാവു സ്വർഗത്തിൽനിന്ന് ഇറങ്ങി ആരുടെമേൽ ആവസിക്കുന്നതായി നീ കാണുന്നുവോ, അദ്ദേഹമാണ് പരിശുദ്ധാത്മാവിനാൽ സ്നാപനം നടത്തുന്നവൻ.’ 34അതു ഞാൻ കാണുകയും അവിടുന്ന് ദൈവപുത്രനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുകയും ചെയ്തിരിക്കുന്നു.”
ആദ്യത്തെ ശിഷ്യന്മാർ
35പിറ്റേദിവസം യോഹന്നാൻ വീണ്ടും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരോടുകൂടി അവിടെ നില്‌ക്കുമ്പോൾ, 36യേശു അതുവഴി കടന്നുപോകുന്നതു കണ്ടു. അപ്പോൾ യോഹന്നാൻ പറഞ്ഞു: “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!”. 37ഇതുകേട്ട് ആ ശിഷ്യന്മാർ രണ്ടുപേരും യേശുവിനെ അനുഗമിച്ചു. 38യേശു തിരിഞ്ഞു നോക്കി, തന്റെ പിന്നാലെ അവർ ചെല്ലുന്നതുകണ്ട് “നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു, അപ്പോൾ അവർ, “റബ്ബീ, അങ്ങ് എവിടെയാണു പാർക്കുന്നത്?” എന്നു ചോദിച്ചു. 39‘റബ്ബീ’ എന്ന വാക്കിന് ‘ഗുരു’ എന്നർഥം. “വന്നു കാണുക” എന്ന് യേശു പറഞ്ഞു. അവർ ചെന്ന് അവിടുത്തെ വാസസ്ഥലം കണ്ടു; അപ്പോൾ ഏകദേശം നാലുമണി സമയം ആയിരുന്നതിനാൽ അന്ന് അവർ അദ്ദേഹത്തിന്റെ കൂടെ പാർത്തു. 40യോഹന്നാൻ പറഞ്ഞതുകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയാസ് ആയിരുന്നു. 41അയാൾ ആദ്യമായി തന്റെ സഹോദരൻ ശിമോനെ കണ്ടു പറഞ്ഞു: “ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു.” ‘മിശിഹ’ എന്നതിനു ‘ക്രിസ്തു’ അഥവാ ‘അഭിഷിക്തൻ’ എന്നർഥം. 42അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും.” അതിനു പത്രോസ് അഥവാ പാറ എന്നർഥം.
ഫീലിപ്പോസിനെയും നഥാനിയേലിനെയും വിളിക്കുന്നു
43അടുത്ത ദിവസം യേശു ഗലീലയിലേക്കു പോകുവാൻ തീരുമാനിച്ചു. അവിടുന്നു ഫീലിപ്പോസിനെ കണ്ട് “എന്റെകൂടെ വരിക” എന്നു പറഞ്ഞു. 44പത്രോസിന്റെയും അന്ത്രയാസിന്റെയും പട്ടണമായ ബെത്‍സെയ്ദാ ആയിരുന്നു ഫീലിപ്പോസിന്റെയും ജന്മസ്ഥലം. 45ഫീലിപ്പോസ് നഥാനിയേലിനെ കണ്ടു പറഞ്ഞു: “മോശയുടെ നിയമഗ്രന്ഥത്തിലും പ്രവാചകന്മാരുടെ പുസ്തകങ്ങളിലും ആരെക്കുറിച്ച് എഴുതിയിരിക്കുന്നുവോ അവിടുത്തെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു, യോസേഫിന്റെ പുത്രൻ നസറെത്തിൽനിന്നുള്ള യേശുവിനെത്തന്നെ.”
46അപ്പോൾ നഥാനിയേൽ ചോദിച്ചു: “നസറെത്തോ? അവിടെനിന്നു വല്ല നന്മയും ഉണ്ടാകുമോ?”
ഫീലിപ്പോസ് അയാളോട്: “വന്നു കാണുക” എന്നു പറഞ്ഞു.
47നഥാനിയേൽ തന്റെ അടുക്കലേക്കു വരുന്നതു കണ്ട് യേശു പറഞ്ഞു: “ഇതാ, ഒരു യഥാർഥ ഇസ്രായേല്യൻ; ഇയാളിൽ യാതൊരു കാപട്യവുമില്ല.”
48നഥാനിയേൽ യേശുവിനോടു ചോദിച്ചു: “അവിടുന്ന് എന്നെ എങ്ങനെ അറിഞ്ഞു?”
“ഫീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ് നീ അത്തിവൃക്ഷത്തിന്റെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നു യേശു ഉത്തരമരുളി.
49നഥാനിയേൽ യേശുവിനോട്: “ഗുരോ, അങ്ങു ദൈവത്തിന്റെ പുത്രൻ; അങ്ങ് ഇസ്രായേലിന്റെ രാജാവുതന്നെ” എന്നു പറഞ്ഞു.
50യേശു ഇപ്രകാരം പ്രതിവചിച്ചു: “നിന്നെ ഞാൻ അത്തിയുടെ ചുവട്ടിൽവച്ചു കണ്ടു എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? ഇതിനെക്കാൾ വലിയ കാര്യങ്ങൾ നീ കാണും.”
51പിന്നീട് അവിടുന്ന് അയാളോട് അരുൾചെയ്തു: “സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ ദൂതന്മാർ മനുഷ്യപുത്രൻ മുഖേന കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.”
Поточний вибір:
JOHANA 1: malclBSI
Позначайте
Поділитись
Копіювати
Хочете, щоб ваші позначення зберігалися на всіх ваших пристроях? Зареєструйтеся або увійдіть
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.