ഉല്പ. 15

15
അബ്രാമിനോടുള്ള ദൈവത്തിന്‍റെ ഉടമ്പടി
1അതിന്‍റെശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.”
2അതിന് അബ്രാം: “കർത്താവായ യഹോവേ, അങ്ങ് എനിക്ക് എന്ത് തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്‍റെ വീടിന്‍റെ അവകാശി ദമ്മേശെക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു. 3“നോക്കൂ, അങ്ങ് എനിക്ക് സന്തതിയെ തന്നിട്ടില്ല, എന്‍റെ വീട്ടിൽ ജനിച്ച ദാസൻ എന്‍റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു.
4അപ്പോൾ, യഹോവയുടെ അരുളപ്പാടു അവനു ഉണ്ടായതെന്തെന്നാൽ: “അവൻ നിന്‍റെ അവകാശിയാകയില്ല; നിന്‍റെ ഉദരത്തില്‍നിന്ന് പുറപ്പെടുന്നവൻ തന്നെ നിന്‍റെ അവകാശിയാകും.” 5പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കല്പിച്ചു. “നിന്‍റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു.
6അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു#15:6 ഗലാ 3:6.
7പിന്നെ അവനോട്: “ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയരുടെ പട്ടണമായ ഊരിൽനിന്നു#15:7 ഊരിൽനിന്നുകൽദയപട്ടണമാണ് ഊർ. നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു” എന്നു അരുളിച്ചെയ്തു.
8“കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എങ്ങനെ അറിയാം?“ എന്നു അവൻ ചോദിച്ചു.
9അവിടുന്ന് അവനോട്: “മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നുവയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു. 10ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല. 11ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു.
12സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; അതാ, ഭീതിയും കൂരിരുട്ടും അവന്‍റെമേൽ വീണു. 13അപ്പോൾ അവിടുന്ന് അബ്രാമിനോട്: “നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ നാനൂറ് (400) വർഷം അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊള്ളുക. 14എന്നാൽ അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ വളരെ സമ്പത്തോടുംകൂടി പുറപ്പെട്ടുപോരും. 15നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോട് ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും. 16നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്നു അരുളിച്ചെയ്തു.
17സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂളയും ആ ഭാഗങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു ജ്വലിക്കുന്ന പന്തവും അവിടെ കാണപ്പെട്ടു. 18ആ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടിചെയ്തു: “നിന്‍റെ സന്തതിക്ക് ഞാൻ മിസ്രയീം നദി മുതൽ യൂഫ്രട്ടീസ് മഹാനദിവരെയുള്ള ഈ ദേശത്തെ, 19കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, 20പെരിസ്യർ, രെഫയീമ്യർ, അമോര്യർ, 21കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു” എന്നു അരുളിച്ചെയ്തു.

Àwon tá yàn lọ́wọ́lọ́wọ́ báyìí:

ഉല്പ. 15: IRVMAL

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀