ലൂക്കൊസ് 11
11
1അവൻ ഒരു സ്ഥലത്തു പ്രാർഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോട്: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. 2അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പ്രാർഥിക്കുമ്പോൾ ചൊല്ലേണ്ടത്: [സ്വർഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;] 3ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. 4ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ; [ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ].
5പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹിതൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം; 6എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവനു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്ന് അവനോടു പറഞ്ഞാൽ: 7എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്ന് അകത്തുനിന്ന് ഉത്തരം പറഞ്ഞാലും 8അവൻ സ്നേഹിതനാകകൊണ്ട് എഴുന്നേറ്റ് അവന് കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റ് അവന് വേണ്ടുന്നേടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 9യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, എന്നാൽ നിങ്ങൾക്കു തുറക്കും. 10യാചിക്കുന്നവന് ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 11എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ? 12മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? 13അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
14ഒരിക്കൽ അവൻ ഊമയായൊരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു. 15അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു. 16വേറേ ചിലർ അവനെ പരീക്ഷിച്ച് ആകാശത്തുനിന്ന് ഒരടയാളം അവനോടു ചോദിച്ചു. 17അവൻ അവരുടെ വിചാരം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽത്തന്നെ ഛിദ്രിച്ച രാജ്യം എല്ലാം പാഴായിപ്പോകും; വീട് ഓരോന്നും വീഴും. 18സാത്താനും തന്നോടുതന്നെ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. 19ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും. 20എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. 21ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. 22അവനിലും ബലവാനായവൻ വന്ന് അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവായുധവർഗം പിടിച്ചുപറിച്ച് അവന്റെ കൊള്ള പകുതി ചെയ്യുന്നു. 23എനിക്ക് അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. 24അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ടു, നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ട്: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്ന്, 25അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. 26അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവയും അതിൽ കടന്നു പാർത്തിട്ട് ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനെക്കാൾ വല്ലാതെയായി ഭവിക്കും.
27ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. 28അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
29പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കയില്ല. 30യോനാ നീനെവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും. 31തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. 32നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനായിലും വലിയവൻ.
33വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിൻകീഴിലോ വയ്ക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്. 34ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നെ. 35ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. 36നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്ക് തിളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.
37അവൻ സംസാരിക്കുമ്പോൾതന്നെ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്ന് ഭക്ഷണത്തിനിരുന്നു; 38മുത്താഴത്തിനു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു. 39കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. 40മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയത്? 41അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
42പരീശന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം. 43പരീശന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. 44നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ കാൺമാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.
45ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോട്: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു. 46അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. 47നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു. 48അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു. 49അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും. 50ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ചു 51പട്ടുപോയ സെഖര്യാവിന്റെ രക്തംവരെ ലോകസ്ഥാപനംമുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിനു തന്നെ. അതേ, ഈ തലമുറയോട് അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 52ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നെ കടന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു.
53അവൻ അവിടംവിട്ടു പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും 54അവന്റെ വായിൽനിന്നു വല്ലതും പിടിക്കാമോ എന്നുവച്ച് അവനായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.
Цяпер абрана:
ലൂക്കൊസ് 11: MALOVBSI
Пазнака
Падзяліцца
Капіяваць
Хочаце, каб вашыя адзнакі былі захаваны на ўсіх вашых прыладах? Зарэгіструйцеся або ўвайдзіце
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.