KOLOSA 3
3
1നിങ്ങൾ ക്രിസ്തുവിനോടുകൂടി പുനരുത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്വർഗത്തിലുള്ള കാര്യങ്ങൾ അന്വേഷിക്കുക. ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നുവല്ലോ. 2ഭൂമിയിലുള്ള കാര്യങ്ങളിലല്ല, സ്വർഗത്തിലുള്ള കാര്യങ്ങളിൽത്തന്നെ നിങ്ങളുടെ മനസ്സ് ഉറപ്പിക്കുക. 3എന്തെന്നാൽ നിങ്ങൾ മരിച്ചുകഴിഞ്ഞു; നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടി ദൈവത്തിൽ മറഞ്ഞിരിക്കുകയാണ്. 4നമ്മുടെ യഥാർഥ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നിങ്ങളും അവിടുത്തോടുകൂടി തേജസ്സിൽ പ്രത്യക്ഷരാകും.
ജീവിതം - പഴയതും പുതിയതും
5നിങ്ങളിൽ വ്യാപരിക്കുന്ന അസാന്മാർഗികത, അശ്ലീലത, വിഷയാസക്തി, ദുഷ്കാമം, വിഗ്രഹാരാധനയുടെ മറ്റൊരു രൂപമായ അത്യാഗ്രഹം മുതലായ ഭൗമികമായ സ്വഭാവങ്ങളെ നിങ്ങൾ നിഗ്രഹിക്കണം. 6എന്തെന്നാൽ #3:6 ചില കൈയെഴുത്തു പ്രതികളിൽ ‘എന്തെന്നാൽ ഇവ മൂലം ദൈവത്തിന്റെ ശിക്ഷ വന്നുചേരുന്നു’ എന്നു മാത്രമാണ്; ‘അനുസരണമില്ലാത്തവരുടെമേൽ’ എന്നില്ല.അനുസരണമില്ലാത്തവരുടെമേൽ ഇവമൂലം ദൈവത്തിന്റെ ശിക്ഷ വന്നുചേരുന്നു. 7ഒരു കാലത്ത് നിങ്ങൾ അവയ്ക്കു വിധേയരായിരുന്നു. അന്ന് അവ നിങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരുന്നു.
8എന്നാൽ ഇന്ന് കോപം, അമർഷം, ദോഷം എന്നിവയെല്ലാം നിങ്ങൾ ഉപേക്ഷിക്കേണ്ടതാണ്. അധിക്ഷേപവാക്കുകളോ, അശ്ലീലഭാഷണമോ നിങ്ങളുടെ അധരങ്ങളിൽനിന്നു പുറപ്പെടരുത്. 9നിങ്ങൾ അന്യോന്യം അസത്യം പറയരുത്. നിങ്ങളുടെ പഴയ മനുഷ്യനെ അവന്റെ പഴയ സ്വഭാവത്തോടുകൂടി നിഷ്കാസനം ചെയ്തിരിക്കുകയാണല്ലോ. 10ഇപ്പോൾ പുതിയ പ്രകൃതി നിങ്ങൾ ധരിച്ചിരിക്കുന്നു. സ്രഷ്ടാവായ ദൈവത്തെ പൂർണമായി നിങ്ങൾ അറിയുന്നതിനുവേണ്ടി ആ പ്രകൃതിയെ തന്റെ പ്രതിച്ഛായയിൽ അവിടുന്ന് അനുസ്യൂതം നവീകരിച്ചുകൊണ്ടിരിക്കുന്നു. 11അതിൽ യെഹൂദനെന്നോ, വിജാതീയനെന്നോ, പരിച്ഛേദനകർമത്തിനു വിധേയനോ അല്ലാത്തവനോ എന്നോ, ഭേദമില്ല; കിരാതൻ, അപരിഷ്കൃതൻ, ദാസൻ, സ്വതന്ത്രൻ എന്നീ ഭേദങ്ങളുമില്ല; ക്രിസ്തുവാണ് എല്ലാവരിലും എല്ലാം ആയിരിക്കുന്നത്.
12നിങ്ങൾ ദൈവത്തിന്റെ ജനമാകുന്നു; അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും തന്റെ സ്വന്തം ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമാശീലം ഇവ നിങ്ങൾ ധരിക്കണം. 13നിങ്ങൾ അന്യോന്യം സഹിക്കുകയും പൊറുക്കുകയും ഒരുവനു മറ്റൊരുവനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പരസ്പരം ക്ഷമിക്കുകയും വേണം. കർത്താവു നിങ്ങളോടു ക്ഷമിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം ക്ഷമിക്കേണ്ടതാണ്. 14സർവോപരി, സമ്പൂർണമായ ഐക്യത്തിൽ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സ്നേഹം ധരിച്ചുകൊള്ളുക. 15ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് ദൈവം നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക. 16ക്രിസ്തുവിന്റെ സന്ദേശം അതിന്റെ സർവസമൃദ്ധിയോടുംകൂടി നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണം. സകല ജ്ഞാനത്തോടും കൂടി അന്യോന്യം പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക. സങ്കീർത്തനങ്ങളും സ്തോത്രഗീതങ്ങളും ആത്മീയ ഗാനങ്ങളും ആലപിക്കുക; നിങ്ങളുടെ ഹൃദയത്തിൽനിന്നു ദൈവത്തിനു കൃതജ്ഞതയോടുകൂടിയ ഗാനം ഉയരട്ടെ. 17നിങ്ങൾ ചെയ്യുന്നതും പറയുന്നതും എല്ലാം കർത്താവായ യേശുവിൽകൂടി പിതാവായ ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ട് അവിടുത്തെ നാമത്തിൽ ആയിരിക്കേണ്ടതാണ്.
വ്യക്തിപരമായ ബന്ധങ്ങൾ
18ഭാര്യമാരേ, കർത്താവിന്റെ അനുയായികൾ എന്ന നിലയിൽ കടമ എന്നു കരുതി നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക.
19ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക; അവരോടു പരുഷമായി പെരുമാറരുത്.
20കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; എന്തെന്നാൽ അതാണ് കർത്താവിനു പ്രസാദകരമായിട്ടുള്ളത്.
21മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്; അങ്ങനെ ചെയ്താൽ അവർ ധൈര്യഹീനരായിത്തീരും.
22ദാസന്മാരേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ലൗകികയജമാനന്മാരെ അനുസരിക്കുക; അവരുടെ പ്രീതി കിട്ടുന്നതിനുവേണ്ടി, അവരുടെ കൺമുമ്പിൽ മാത്രമല്ല അനുസരിക്കേണ്ടത്. കർത്താവിനോടുള്ള ഭയഭക്തിമൂലം ആത്മാർഥമായി അനുസരിക്കുക. 23നിങ്ങൾ എന്തുചെയ്താലും മനുഷ്യർക്കുവേണ്ടിയല്ല, കർത്താവിനുവേണ്ടിയത്രേ ചെയ്യുന്നത് എന്ന ചിന്തയിൽ പൂർണഹൃദയത്തോടുകൂടി ചെയ്യണം. 24തന്റെ ജനത്തിനു നല്കുവാൻ കരുതിവച്ചിട്ടുള്ള പൈതൃകം കർത്താവു പ്രതിഫലമായി നിങ്ങൾക്കു നല്കുമെന്നുള്ളത് ഓർത്തുകൊള്ളുക. 25എന്തെന്നാൽ ക്രിസ്തു എന്ന യജമാനനെയാണ് നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്. തെറ്റു ചെയ്യുന്നവന് അർഹിക്കുന്ന ശിക്ഷ കിട്ടും; ഒരേ അളവുകോൽകൊണ്ടാണ് ദൈവം എല്ലാവരെയും അളക്കുന്നത്.
Currently Selected:
KOLOSA 3: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.