KOLOSA 4
4
1യജമാനന്മാരേ, ദാസന്മാരോടു ന്യായമായും നീതിയായും പെരുമാറുക. നിങ്ങൾക്കും സ്വർഗത്തിൽ ഒരു യജമാനൻ ഉണ്ടെന്നുള്ളത് ഓർക്കുക.
ഉപദേശങ്ങൾ
2പ്രാർഥനയിൽ ജാഗരൂകരായി ദൈവത്തിനു സ്തോത്രം അർപ്പിച്ചുകൊണ്ട് ഉറച്ചുനില്‌ക്കുക. 3ക്രിസ്തുവിന്റെ രഹസ്യം പ്രസംഗിക്കുന്നതിനു വചനത്തിന്റെ വാതിൽ തുറന്നു കിട്ടുവാനായി ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക. അതിനുവേണ്ടിയാണല്ലോ ഞാൻ ഇപ്പോൾ തടവിലായിരിക്കുന്നത്. 4ആ മർമ്മം സ്പഷ്ടമാക്കുന്ന വിധത്തിൽ യഥോചിതം പ്രസംഗിക്കുവാൻ എനിക്കു കഴിയുന്നതിനുവേണ്ടിയും പ്രാർഥിക്കുക.
5നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്, വിശ്വാസികളല്ലാത്തവരോടു വിവേകപൂർവം വർത്തിക്കുക. 6നിങ്ങളുടെ സംഭാഷണം ഹൃദ്യവും മധുരോദാരവുമായിരിക്കണം. എല്ലാവർക്കും സമുചിതമായ മറുപടി നല്‌കേണ്ടത് എങ്ങനെയാണെന്നു നിങ്ങൾ അറിഞ്ഞിരിക്കുകയും വേണം.
ആശംസകൾ
7നമ്മുടെ പ്രിയ സഹോദരനും കർത്താവിന്റെ വേലയിൽ വിശ്വസ്തനും സഹഭൃത്യനുമായ തിഹിക്കൊസ് എന്നെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങളോടു പറയും. 8ഞങ്ങളുടെ വിവരങ്ങൾ അറിയിച്ച് നിങ്ങളെ സമാശ്വസിപ്പിക്കുന്നതിനുവേണ്ടിയത്രേ അയാളെ ഞാൻ അയയ്‍ക്കുന്നത്. 9നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട പ്രിയങ്കരനും വിശ്വസ്തനുമായ ഒനേസിമോസും അയാളുടെ കൂടെ വരുന്നുണ്ട്. ഇവിടത്തെ എല്ലാ വിവരങ്ങളും അവർ നിങ്ങളെ അറിയിക്കും.
10എന്റെ കൂടെ തടവിൽ കിടക്കുന്ന അരിസ്തർഹൊസും ബർനബാസിന്റെ പിതൃവ്യപുത്രനായ മർക്കോസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. മർക്കോസ് നിങ്ങളുടെ അടുക്കൽ വരികയാണെങ്കിൽ അയാളെ നിങ്ങൾ സ്വീകരിക്കണമെന്നു നേരത്തെ നിർദേശിച്ചിട്ടുണ്ടല്ലോ. 11യുസ്തൊസ് എന്നു വിളിക്കുന്ന യേശുവും നിങ്ങൾക്കു വന്ദനം പറയുന്നു. എന്നോടുകൂടി ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരിൽ ഈ മൂന്നുപേർ മാത്രമാണ്, വിശ്വാസം സ്വീകരിച്ചിട്ടുള്ള യെഹൂദന്മാർ. അവർ എനിക്കു വലിയ സഹായമായിത്തീർന്നു.
12നിങ്ങളുടെ കൂട്ടത്തിലുള്ളവനും ക്രിസ്തുയേശുവിന്റെ ഭൃത്യനുമായ എപ്പഫ്രാസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. നിങ്ങൾ ദൃഢവിശ്വാസമുള്ളവരും പക്വമതികളുമായി ദൈവഹിതം പൂർണമായി അനുസരിക്കുന്നതിൽ പതറാതെ ഉറച്ചുനില്‌ക്കുന്നതിനുവേണ്ടി അയാൾ ഏറ്റവും ശുഷ്കാന്തിയോടുകൂടി എപ്പോഴും പ്രാർഥിക്കുന്നു. 13നിങ്ങൾക്കും ലവൊദിക്യയിലും ഹിയരാപ്പൊലിസിലുള്ളവർക്കുംവേണ്ടി അയാൾ ചെയ്യുന്ന കഠിനാധ്വാനത്തിനു ഞാൻ സാക്ഷിയാണ്. 14നമ്മുടെ പ്രിയപ്പെട്ട വൈദ്യനായ ലൂക്കോസും, ദേമാസും നിങ്ങൾക്കു വന്ദനം പറയുന്നു.
15ലവൊദിക്യയിലുള്ള സഹോദരന്മാർക്കും, #4:15 ചില കൈയെഴുത്തു പ്രതികളിൽ ‘നിംഫാസിനും അയാളുടെ ഭവനത്തിൽ..... ആശംസകൾ’ എന്നാണ്.നിംഫയ്‍ക്കും, അവളുടെ ഭവനത്തിൽ കൂടുന്ന സഭയ്‍ക്കും, ഞങ്ങളുടെ ആശംസകൾ. 16നിങ്ങൾ ഈ കത്തു വായിച്ചശേഷം ലവൊദിക്യയിലെ സഭയിലും ഇതു വായിക്കണം. 17അതുപോലെതന്നെ ലവൊദിക്യയിലെ സഹോദരന്മാർ നിങ്ങൾക്കയച്ചുതരുന്ന കത്തും നിങ്ങൾ വായിക്കേണ്ടതാണ്. കർത്തൃശുശ്രൂഷയിൽ തന്നെ ഏല്പിച്ചിട്ടുള്ള ചുമതല നിർവഹിക്കണമെന്ന് അർഹിപ്പൊസിനോടു പറയുക.
18നിങ്ങൾക്ക് എന്റെ അഭിവാദനങ്ങൾ! പൗലൊസ് എന്ന ഞാൻ എന്റെ സ്വന്തം കൈകൊണ്ട് ഇതെഴുതിയിരിക്കുന്നു. ഞാൻ തടവിലാണ് എന്നുള്ളത് നിങ്ങൾ മറക്കരുത്.
ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.
Currently Selected:
KOLOSA 4: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.