DEUTERONOMY 10
10
വീണ്ടും കല്പനകൾ നല്‌കുന്നു
(പുറ. 34:1-10)
1സർവേശ്വരൻ എന്നോട് കല്പിച്ചു: “ആദ്യത്തേതുപോലെയുള്ള രണ്ടു കല്പലകകൾ ചെത്തിയുണ്ടാക്കി മലയിൽ എന്റെ അടുത്തു കയറി വരിക; തടികൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക. 2നീ ഉടച്ചുകളഞ്ഞ കല്പലകകളിൽ ഉണ്ടായിരുന്ന വാക്കുകൾ ഈ കല്പലകകളിലും ഞാൻ എഴുതും. നീ അവ പെട്ടകത്തിൽ വയ്‍ക്കണം. 3“കരുവേലകമരംകൊണ്ട് ഒരു പെട്ടകം ഞാൻ ഉണ്ടാക്കി. ആദ്യത്തേതുപോലെയുള്ള രണ്ടു കല്പലകകളും ചെത്തിയെടുത്തു; ആ കല്പലകകളുമായി ഞാൻ പർവതത്തിലേക്കു കയറിച്ചെന്നു. 4മുമ്പ് എഴുതിയിരുന്നതുപോലെതന്നെ സർവേശ്വരൻ ഈ കല്പലകകളിലും എഴുതി. നിങ്ങൾ ഒരുമിച്ചുകൂടിയിരുന്നപ്പോൾ പർവതത്തിൽ അഗ്നിമധ്യത്തിൽനിന്ന് അവിടുന്ന് അരുളിച്ചെയ്ത പത്തു കല്പനകളായിരുന്നു അവയിൽ എഴുതിയത്. അവിടുന്ന് അവ എന്നെ ഏല്പിച്ചു. 5ഞാൻ പർവതത്തിൽനിന്ന് ഇറങ്ങി വന്ന്, ഞാൻ നിർമ്മിച്ച പെട്ടകത്തിൽ അവ വച്ചു. സർവേശ്വരൻ എന്നോട് കല്പിച്ചതുപോലെ അവ അവിടെ സൂക്ഷിച്ചിരിക്കുന്നു. 6ഇസ്രായേൽജനം ബെനേ-യാഖാൻ എന്ന ബേരോത്തിൽനിന്നു യാത്രതിരിച്ച് മോസേരയിലെത്തി. അവിടെവച്ച് അഹരോൻ മരണമടഞ്ഞു; അവിടെ അദ്ദേഹത്തെ സംസ്കരിച്ചു. അഹരോന്റെ പുത്രനായ എലെയാസാർ പകരം പുരോഹിതശുശ്രൂഷ ഏറ്റെടുത്തു. 7മോസേരയിൽനിന്നു ഗുദ്ഗോദെയിലും അവിടെനിന്ന് അരുവികളുടെ ദേശമായ യൊത്-ബത്തെയിലും അവർ എത്തി. 8അപ്പോൾ സർവേശ്വരന്റെ ഉടമ്പടിയുടെ പെട്ടകം ചുമക്കുന്നതിനും ഇപ്പോൾ നടന്നു വരുന്നതുപോലെ സർവേശ്വരസന്നിധിയിൽ ശുശ്രൂഷ ചെയ്യുന്നതിനും അവിടുത്തെ നാമത്തിൽ ജനത്തെ ആശീർവദിക്കുന്നതിനുമായി ലേവിഗോത്രക്കാരെ സർവേശ്വരൻ വേർതിരിച്ചു. 9അതുകൊണ്ടാണ് ലേവ്യർക്ക് തങ്ങളുടെ സഹോദരന്മാരോടൊപ്പം അവകാശവും ഓഹരിയും ലഭിക്കാഞ്ഞത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടുന്നു തന്നെയാണ് അവരുടെ അവകാശം. 10മുമ്പു ചെയ്തതുപോലെ നാല്പതു പകലും നാല്പതു രാവും ഞാൻ പർവതത്തിൽ കഴിച്ചുകൂട്ടി. ആ പ്രാവശ്യവും സർവേശ്വരൻ എന്റെ പ്രാർഥന കേട്ടു; അങ്ങനെ അവിടുന്നു നിങ്ങളെ നശിപ്പിച്ചില്ല. 11പിന്നീട് സർവേശ്വരൻ അരുളിച്ചെയ്തു: “അവരുടെ പിതാക്കന്മാർക്കു നല്‌കുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കുവാൻ നീ ചെന്ന് അവരെ മുന്നോട്ടു നയിക്കുക.”
12ഇസ്രായേൽജനമേ, നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും അവിടുത്തെ സ്നേഹിക്കുകയും നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി സേവിക്കുകയും ചെയ്യുകയല്ലാതെ മറ്റെന്താണു സർവേശ്വരൻ നിങ്ങളോട് ആവശ്യപ്പെടുന്നത്. 13നിങ്ങളുടെ നന്മയ്‍ക്കുവേണ്ടി ഞാൻ നല്‌കുന്ന സകല കല്പനകളും ചട്ടങ്ങളും നിങ്ങൾ പാലിക്കണം. 14ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അതിലുള്ള സമസ്തവും നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വകയാണ്. 15എന്നിട്ടും അവിടുന്ന് നിങ്ങളുടെ പിതാക്കന്മാരിൽ സംപ്രീതനായി അവരെ സ്നേഹിച്ചു. അവർക്കുശേഷം അവരുടെ സന്താനങ്ങളായ നിങ്ങളെ ഇന്നു കാണുന്നതുപോലെ സർവജനതകൾക്കുംമേലെ തിരഞ്ഞെടുത്തു. 16അതുകൊണ്ട് നിങ്ങൾ മനംതിരിഞ്ഞു ദൈവത്തെ അനുസരിക്കുക; ഒരിക്കലും ദുശ്ശാഠ്യം കാണിക്കരുത്. 17നിങ്ങളുടെ ദൈവമായ സർവേശ്വരൻ ദേവാധിദേവനും കർത്താധികർത്താവും ആകുന്നു. അവിടുന്നു മഹത്ത്വമേറിയവനും സർവശക്തനും ഭീതിദനുമായ ദൈവമാണ്. അവിടുത്തേക്കു പക്ഷഭേദം ഇല്ല; അവിടുന്നു കോഴ വാങ്ങാത്തവനുമാണ്. 18അവിടുന്ന് അനാഥർക്കും വിധവകൾക്കും നീതി നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിക്കുകയും അവന് അന്നവസ്ത്രാദികൾ നല്‌കുകയും ചെയ്യുന്നു. 19നിങ്ങൾ പരദേശികളെ സ്നേഹിക്കുക; നിങ്ങളും ഈജിപ്തിൽ പരദേശികളായിരുന്നുവല്ലോ. 20നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടുക; അവിടുത്തെ മാത്രം ആരാധിക്കുക. അവിടുത്തോടു വിശ്വസ്തരായിരിക്കുക; അവിടുത്തെ നാമത്തിൽ മാത്രമേ സത്യം ചെയ്യാവൂ. 21സർവേശ്വരനെ പുകഴ്ത്തുക; അവിടുന്നാകുന്നു നിങ്ങളുടെ ദൈവം. നിങ്ങൾ കണ്ട അദ്ഭുതകരവും ഭീതിദവുമായ കാര്യങ്ങൾ നിങ്ങൾക്കുവേണ്ടി ചെയ്തത് അവിടുന്നാണല്ലോ; 22നിങ്ങളുടെ പിതാക്കന്മാർ എഴുപതു പേരാണ് ഈജിപ്തിലേക്കു പോയത്. എന്നാൽ ഇപ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായി വർധിപ്പിച്ചിരിക്കുന്നു.
Currently Selected:
DEUTERONOMY 10: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.