YouVersion Logo
Search Icon

DEUTERONOMY 11

11
സർവേശ്വരന്റെ മഹത്ത്വം
1നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിച്ച് അവിടുത്തെ അനുശാസനങ്ങളും നിയമങ്ങളും എന്നും അനുസരിക്കണം. 2നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ശിക്ഷണം ലഭിച്ചത് നിങ്ങളുടെ മക്കൾക്കല്ല, നിങ്ങൾക്കുതന്നെ ആയിരുന്നു എന്ന് ഓർക്കുക; അവിടുത്തെ മഹത്ത്വവും കരബലവും നീട്ടിയ ഭുജവും 3ഈജിപ്തിലെ രാജാവായ ഫറവോയോടും അദ്ദേഹത്തിന്റെ രാജ്യത്തോടും അവിടുന്നു ചെയ്ത അദ്ഭുതങ്ങളും അടയാളങ്ങളും നിങ്ങൾ കണ്ടതാണല്ലോ. 4ഈജിപ്തുകാരുടെ സൈന്യങ്ങൾ നിങ്ങളെ പിന്തുടർന്നപ്പോൾ അവരെ അവരുടെ കുതിരകളോടും രഥങ്ങളോടുംകൂടെ ചെങ്കടലിൽ മുക്കിയതും ഇന്നുവരെ അവരെ നശിപ്പിച്ചതും നിങ്ങൾ കണ്ടു. 5നിങ്ങൾ ഇവിടെ എത്തുന്നതുവരെ നിങ്ങൾക്കുവേണ്ടി സർവേശ്വരൻ മരുഭൂമിയിൽ ചെയ്തിട്ടുള്ളതും 6രൂബേന്റെ പുത്രനായ എലീയാബിന്റെ പുത്രന്മാരായ ദാഥാനോടും അബീരാമിനോടും അവിടുന്നു പ്രവർത്തിച്ചതും നിങ്ങൾ ഓർമിക്കണം. ഇസ്രായേല്യരുടെ മധ്യത്തിൽവച്ച് അവരെ അവരുടെ കുടുംബത്തോടും കൂടാരങ്ങളോടും മനുഷ്യമൃഗാദികളോടും സകല സമ്പത്തോടുംകൂടി ഭൂമി പിളർന്നു വിഴുങ്ങിക്കളഞ്ഞല്ലോ. 7അവിടുന്നു ചെയ്ത ഈ വൻകാര്യങ്ങൾക്കെല്ലാം നിങ്ങൾ ദൃക്സാക്ഷികളായിരുന്നുവല്ലോ.
അനുഗ്രഹവും ശാപവും
8“നിങ്ങൾ നദി കടന്നു പ്രവേശിക്കാൻ പോകുന്ന സ്ഥലം കൈവശപ്പെടുത്തി സ്വന്തമാക്കുവാനും നിങ്ങൾ ശക്തരായിരിക്കാനും 9നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്താനങ്ങൾക്കും നല്‌കുമെന്നു സർവേശ്വരൻ വാഗ്ദാനം ചെയ്തിരുന്ന പാലും തേനും ഒഴുകുന്നതുമായ ആ ദേശത്ത് നിങ്ങൾ ദീർഘായുസ്സോടിരിക്കാനും ഞാൻ നല്‌കുന്ന സകല കല്പനകളും നിങ്ങൾ അനുസരിക്കണം. 10നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശം നിങ്ങൾ വിട്ടുപോന്ന ഈജിപ്തുപോലെയല്ല; അവിടെ വിത്തു വിതച്ചതിനുശേഷം പച്ചക്കറിത്തോട്ടത്തിൽ എന്നപോലെ നിങ്ങൾ ക്ലേശിച്ചു നനയ്‍ക്കേണ്ടിയിരുന്നു. 11എന്നാൽ നിങ്ങൾ കൈവശമാക്കാൻ പോകുന്ന ദേശം ധാരാളം മഴ ലഭിക്കുന്ന മലകളും താഴ്‌വരകളും നിറഞ്ഞതാണ്; 12ആ ദേശം നിങ്ങളുടെ ദൈവമായ സർവേശ്വരൻ പരിപാലിക്കുന്നു; വർഷാരംഭംമുതൽ വർഷാവസാനംവരെ എപ്പോഴും അവിടുന്ന് അതിനെ കടാക്ഷിക്കുന്നു. 13“അതുകൊണ്ട് ഞാൻ ഇന്നു നല്‌കിയ കല്പനകൾ അനുസരിച്ച് നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടി സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്താൽ 14നിങ്ങളുടെ കൃഷിക്കാവശ്യമായ മുൻമഴയും പിൻമഴയും യഥാവസരം അവിടുന്നു നല്‌കും; നിങ്ങൾക്കാവശ്യമായ ധാന്യവും വീഞ്ഞും എണ്ണയും സുലഭമായിരിക്കും. 15നിങ്ങളുടെ കന്നുകാലികൾക്കുവേണ്ട പുല്ല് അവിടുന്നു നല്‌കും; നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകും. 16വഞ്ചിതരായി വഴിതെറ്റി മറ്റു ദേവന്മാരെ ആരാധിക്കാനും അവയെ നമസ്കരിക്കാനും ഇടയാകാതെ സൂക്ഷിച്ചുകൊൾക. 17ഇല്ലെങ്കിൽ സർവേശ്വരന്റെ കോപം നിങ്ങളുടെമേൽ ജ്വലിക്കും. അവിടുന്ന് ആകാശം അടയ്‍ക്കും, മഴ ലഭിക്കുകയില്ല. തന്നിമിത്തം ഭൂമി വിളവു നല്‌കാതാകും. അങ്ങനെ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ അതിവേഗം തുടച്ചുനീക്കപ്പെടും. 18“എന്റെ ഈ വചനം നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും എപ്പോഴും ഉണ്ടായിരിക്കട്ടെ. അടയാളമായി അവ എഴുതി നിങ്ങളുടെ കൈയിൽ കെട്ടുകയും നെറ്റിപ്പട്ടമായി അണിയുകയും ചെയ്യുവിൻ. 19അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. വീട്ടിലിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെപ്പറ്റി നിങ്ങളുടെ മക്കളോടു സംസാരിക്കണം. 20അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതിവയ്‍ക്കണം. 21അങ്ങനെ ചെയ്താൽ നിങ്ങളുടെ പിതാക്കന്മാർക്കു നല്‌കുമെന്നു നിങ്ങളുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ സന്താനങ്ങളും ദീർഘകാലം വസിക്കും; ഭൂമിക്കുമേൽ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം നിങ്ങൾ അവിടെ പാർക്കും. 22ഞാൻ നിങ്ങൾക്കു നല്‌കിയ സകല കല്പനകളും ശ്രദ്ധാപൂർവം അനുസരിക്കണം; നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കണം; അവിടുത്തെ വഴികളിൽ നടക്കണം. അവിടുത്തോടു വിശ്വസ്തരായിരിക്കുകയും വേണം. 23അങ്ങനെ ചെയ്താൽ ഈ ജനതകളെയെല്ലാം സർവേശ്വരൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാൾ വലിയവരും ശക്തരുമായ ജനതകളുടെ ദേശം നിങ്ങൾ കൈവശമാക്കുകയും ചെയ്യും. 24നിങ്ങളുടെ പാദം സ്പർശിക്കുന്ന ദേശങ്ങളെല്ലാം നിങ്ങളുടേതായിത്തീരും. മരുഭൂമിമുതൽ ലെബാനോൻവരെയും യൂഫ്രട്ടീസ്നദിമുതൽ മധ്യധരണ്യാഴിവരെയും നിങ്ങളുടെ ദേശം വ്യാപിച്ചിരിക്കും. 25ആർക്കും നിങ്ങളെ എതിർക്കാനാവില്ല. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ നിങ്ങളുടെ കാൽ സ്പർശിക്കുന്ന സകല ദേശങ്ങളിലും നിങ്ങളെക്കുറിച്ച് ഭീതിയും പരിഭ്രാന്തിയും അവിടുന്ന് ഉളവാക്കും.
26“ഇതാ ഇന്നു ഞാൻ നിങ്ങളുടെ മുമ്പാകെ ഒരു അനുഗ്രഹവും ശാപവും വയ്‍ക്കുന്നു; 27ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ അനുസരിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും. 28നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ അനുസരിക്കാതെ അതിൽനിന്നു വ്യതിചലിച്ച് നിങ്ങൾക്ക് അജ്ഞാതരായ അന്യദേവന്മാരെ അനുഗമിച്ചാൽ നിങ്ങൾ ശപിക്കപ്പെടും.
29നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തു നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ പ്രവേശിപ്പിക്കുമ്പോൾ ഗെരിസീം മലയിൽവച്ച് അനുഗ്രഹവും ഏബാൽമലയിൽവച്ചു ശാപവും പ്രഖ്യാപിക്കണം. 30യോർദ്ദാൻനദിയുടെ പടിഞ്ഞാറു വശത്ത് നദീതടത്തിൽ പാർക്കുന്ന കനാന്യരുടെ ദേശത്തുള്ളവയാണല്ലോ ഈ രണ്ടു മലകളും. ഗില്ഗാലിനടുത്തുള്ള മോരെയിലെ കരുവേലകമരങ്ങൾക്ക് അടുത്താണവ. 31നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശം അധീനമാക്കുവാൻ യോർദ്ദാൻനദി കടക്കേണ്ടിയിരിക്കുന്നു; അതു കൈവശപ്പെടുത്തി അവിടെ പാർക്കുവിൻ. 32ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന നിയമങ്ങളും ചട്ടങ്ങളും നിങ്ങൾ ശ്രദ്ധയോടെ പാലിക്കണം.

Currently Selected:

DEUTERONOMY 11: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in