FILIPI മുഖവുര
മുഖവുര
പൗലൊസ് യൂറോപ്പിൽ സ്ഥാപിച്ച ആദ്യത്തെ സഭയാണ് ഫിലിപ്പി. റോമൻ സംസ്ഥാനമായിരുന്ന മാസിഡോണിയയിലെ ഒരു പട്ടണമായിരുന്നു ഫിലിപ്പി. തന്റെ കാരാഗൃഹവാസ കാലത്ത് പൗലൊസ് എഴുതിയ കത്തുകളിൽ ഇത് ഉൾപ്പെടുന്നു. ക്രിസ്തീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചിലരുടെ എതിർപ്പുകൾമൂലം അപ്പോസ്തോലനു ചില വിഷമതകളുണ്ടായി. ഫിലിപ്പിസഭയിൽ അന്ന് പ്രചരിച്ചുകൊണ്ടിരുന്ന ദുരുപദേശങ്ങൾ അദ്ദേഹത്തെ ആകുലപ്പെടുത്തുകയും ചെയ്തു. എങ്കിലും യേശുക്രിസ്തുവിലുള്ള ആഴമേറിയ വിശ്വാസം നിമിത്തമുള്ള സന്തോഷവും ആത്മവിശ്വാസവും അദ്ദേഹം ഈ കത്തിൽ പ്രകടിപ്പിക്കുന്നുണ്ട്.
അത്യാവശ്യസമയത്തു ഫിലിപ്പിയിലെ സഭ അയച്ചുകൊടുത്ത സംഭാവനയ്ക്കു നന്ദി പറയുന്നതിനുവേണ്ടിയാണ് ഈ കത്തെഴുതിയത്. തനിക്കും അവർക്കും എന്തെല്ലാം ബുദ്ധിമുട്ടും ക്ലേശങ്ങളും ഉണ്ടെന്നിരുന്നാലും ധൈര്യവും ദൃഢവിശ്വാസവും ഉണ്ടാകേണ്ടതിന് അവരെ വീണ്ടും ഉറപ്പിക്കുന്നതിന് ഈ സന്ദർഭം പൗലൊസ് ഉപയോഗിക്കുന്നു. സ്വാർഥപരമായ അധികാരതൃഷ്ണയ്ക്കും അഹന്തയ്ക്കും അധീനരാകാതെ യേശുവിന്റെ വിനീതമനോഭാവം ഉള്ളവരായിത്തീരുവാൻ അദ്ദേഹം അവരോട് അഭ്യർഥിക്കുന്നു. ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള അവരുടെ ജീവിതം ദൈവകൃപയുടെ ദാനമാകുന്നു എന്ന് അവരെ അദ്ദേഹം അനുസ്മരിപ്പിക്കുന്നു. അതു യെഹൂദനിയമങ്ങൾക്കനുസൃതമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ടല്ല, പ്രത്യുത വിശ്വാസംകൊണ്ടു മാത്രമാണ് സിദ്ധിക്കുന്നത്. ക്രിസ്തുവിനോട് ഏകീഭവിച്ച് ജീവിക്കുന്നവർക്കു നല്കപ്പെടുന്ന ആനന്ദത്തെയും സമാധാനത്തെയും സംബന്ധിച്ചും അദ്ദേഹം എഴുതുന്നു.
ക്രിസ്തീയ വിശ്വാസത്തിലും ജീവിതത്തിലുമുള്ള സ്ഥിരപരിശ്രമം, ഐക്യം, ദൃഢവിശ്വാസം, ആനന്ദം ഇവയ്ക്ക് ഈ കത്തിൽ ഊന്നൽ നല്കിയിരിക്കുന്നു. ഫിലിപ്പിയിലെ സഭയോടു തനിക്കുള്ള ഉറ്റസ്നേഹവും വാത്സല്യവും പൗലൊസ് ഈ കത്തിൽ പ്രത്യക്ഷമാക്കുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-11
പൗലൊസിന്റെ വ്യക്തിപരമായ പരിതഃസ്ഥിതികൾ 1:12-26
ക്രിസ്തുവിലുള്ള ജീവിതം 1:27-2:18
തിമൊഥെയോസിനെയും എപ്പഫ്രൊദിത്തോസിനെയും സംബന്ധിച്ച പദ്ധതികൾ 2:19-30
ശത്രുക്കളെയും അപകടങ്ങളെയും സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ 3:1-4:9
പൗലൊസും ഫിലിപ്പിയിലെ സുഹൃത്തുക്കളും 4:10-20
ഉപസംഹാരം 4:21-23
Currently Selected:
FILIPI മുഖവുര: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.