YouVersion Logo
Search Icon

SAM 49

49
ധനത്തിന്റെ നശ്വരത
ഗായകസംഘനേതാവിന്; കോരഹ്പുത്രന്മാരുടെ സങ്കീർത്തനം
1ജനതകളേ കേൾക്കുവിൻ,
ഭൂവാസികളേ ശ്രദ്ധിക്കുവിൻ.
2താണവരും ഉയർന്നവരും
ധനികരും ദരിദ്രരും ഒരുപോലെ ചെവികൊടുക്കുവിൻ.
3ഞാൻ ജ്ഞാനം പ്രഘോഷിക്കും.
എന്റെ ഹൃദയവിചാരങ്ങൾ വിവേകം നിറഞ്ഞതായിരിക്കും.
4സുഭാഷിതം ഞാൻ ശ്രദ്ധിക്കും;
കിന്നരം മീട്ടിക്കൊണ്ട് എന്റെ കടങ്കഥയുടെ പൊരുൾ ഞാൻ വിവരിക്കും.
5വഞ്ചകരായ ശത്രുക്കൾ എന്നെ വലയം ചെയ്യുന്ന
അനർഥകാലത്തു ഞാൻ ഭയപ്പെടുകയില്ല.
6അവർ തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നു.
ധനസമൃദ്ധിയിൽ അവർ അഹങ്കരിക്കുന്നു.
7തന്നെത്തന്നെ വീണ്ടെടുക്കാനോ,
സ്വജീവന്റെ വില ദൈവത്തിനു കൊടുക്കാനോ,
ആർക്കും കഴിയുകയില്ല.
8-9എന്നേക്കും ജീവിക്കാനോ, പാതാളം
കാണാതിരിക്കാനോ ആർക്കും കഴിയുകയില്ല.
മനുഷ്യന്റെ വീണ്ടെടുപ്പുവില അത്ര വലുതാണ്.
എത്ര കൊടുത്താലും അതു മതിയാകയില്ല.
10മടയനും മൂഢനും മാത്രമല്ല ജ്ഞാനിയും മരിക്കുമെന്നും;
തങ്ങളുടെ സമ്പത്ത് അവർ മറ്റുള്ളവർക്കായി ഉപേക്ഷിച്ചുപോകുന്നു എന്നും അവർ കാണും.
11ദേശങ്ങൾ സ്വന്തപേരിലാക്കിയാലും
ശവക്കുഴിയാണ് അവരുടെ നിത്യവസതി.
തലമുറകളോളം അവരുടെ വാസസ്ഥലം
12മനുഷ്യനു പ്രതാപൈശ്വര്യത്തിൽ നിലനില്‌ക്കാൻ കഴിയുകയില്ല.
മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.
13വിവേകശൂന്യമായ ആത്മവിശ്വാസം പുലർത്തുന്നവരുടെ ഗതി ഇതാണ്;
ധനത്തിലാശ്രയിക്കുന്നവരുടെ അവസാനം ഇതുതന്നെ.
14കൊല്ലാനുള്ള ആടുകളെപ്പോലെ അവർ മരണത്തിനു വിധിക്കപ്പെട്ടവരാണ്.
മൃത്യുവാണ് അവരുടെ ഇടയൻ.
നീതിമാന്മാർ അവരുടെമേൽ വിജയം നേടും,
അവരുടെ രൂപസൗന്ദര്യം ജീർണതയടയും.
പാതാളമായിരിക്കും അവരുടെ പാർപ്പിടം.
15എന്നാൽ ദൈവം എന്നെ പാതാളത്തിൽ നിന്നു വീണ്ടെടുക്കും;
അവിടുന്നെന്നെ സ്വീകരിക്കും.
16ഒരുവൻ സമ്പന്നനായാലും അവന്റെ ഭവനത്തിന്റെ മഹത്ത്വം വർധിച്ചാലും നീ അസ്വസ്ഥനാകരുത്.
17അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല.
അവന്റെ മഹത്ത്വം അവനെ പിന്തുടരുകയില്ല.
18ഐഹിക ജീവിതകാലത്തു താൻ ഭാഗ്യവാനാണെന്നു ഒരുവൻ കരുതിയാലും
അവന്റെ ഐശ്വര്യത്തിൽ അന്യർ പ്രശംസിച്ചാലും;
19അവൻ മരിച്ചു തന്റെ പിതാക്കന്മാരോടു ചേരും.
അവൻ എന്നും അന്ധകാരത്തിൽ വസിക്കും.
20മനുഷ്യനു തന്റെ പ്രതാപത്തിലും ധനത്തിലും നിലനില്‌ക്കാൻ കഴിയുകയില്ല.
മൃഗങ്ങളെപ്പോലെ അവൻ നശിച്ചുപോകും.

Currently Selected:

SAM 49: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in