2 ശമൂവേൽ 16
16
1ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും നൂറ് അത്തിയടയും ഒരു തുരുത്തിവീഞ്ഞും കയറ്റിയിരുന്നു. 2രാജാവ് സീബയോട്: ഇത് എന്തിന് എന്നു ചോദിച്ചു. അതിനു സീബ: കഴുതകൾ രാജാവിന്റെ കുടുംബക്കാർക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാർക്കു തിന്മാനും വീഞ്ഞ് മരുഭൂമിയിൽ ക്ഷീണിച്ചവർക്കു കുടിപ്പാനും തന്നെ എന്നു പറഞ്ഞു. 3നിന്റെ യജമാനന്റെ മകൻ എവിടെ എന്നു രാജാവ് ചോദിച്ചതിന് സീബ രാജാവിനോട്: അവൻ യെരൂശലേമിൽ പാർക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്ന് എനിക്കു തിരികെ തരുമെന്ന് അവൻ പറയുന്നു എന്നു പറഞ്ഞു. 4രാജാവ് സീബയോട്: ഇതാ, മെഫീബോശെത്തിനുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിനു സീബ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.
5ദാവീദ്‍രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു. 6അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു. 7ശിമെയി ശപിച്ചുംകൊണ്ട് ഇവ്വണ്ണം പറഞ്ഞു: രക്തപാതകാ, 8നീചാ, പോ, പോ. ശൗൽഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവനു പകരമല്ലോ നീ രാജാവായത്; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നു ഭവിച്ചിരിക്കുന്നു. 9അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: ഈ ചത്ത നായ് എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നത് എന്ത്? ഞാൻ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു. 10അതിനു രാജാവ്: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്ത് എന്ന് ആർ ചോദിക്കും എന്നു പറഞ്ഞു. 11പിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞത്: എന്റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകൻ എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു. 12പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിനു പകരം എനിക്ക് അനുഗ്രഹം നല്കും. 13ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽക്കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു. 14രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.
15എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി. 16ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ട് അബ്ശാലോമിനോട്: രാജാവേ, ജയ ജയ എന്നു പറഞ്ഞു. 17അപ്പോൾ അബ്ശാലോം ഹൂശായിയോട്: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നത് എന്ത് എന്നു ചോദിച്ചു. 18അതിനു ഹൂശായി അബ്ശാലോമിനോട്: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവൻ ആകുന്നു ഞാൻ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും. 19ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു. 20അനന്തരം അബ്ശാലോം അഹീഥോഫെലിനോട്: നാം ചെയ്യേണ്ടത് എന്ത് എന്നു നിങ്ങൾ ആലോചിച്ചു പറവിൻ എന്നു പറഞ്ഞു. 21അഹീഥോഫെൽ അബ്ശാലോമിനോട്: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പനു നിന്നെത്തന്നെ വെറുപ്പാക്കി എന്ന് എല്ലാ യിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവരൊക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു. 22അങ്ങനെ അവർ അബ്ശാലോമിനു വെൺമാടത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലാ യിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു. 23അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെതന്നെ ആയിരുന്നു.
Currently Selected:
2 ശമൂവേൽ 16: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.