2 തെസ്സലൊനീക്യർ 3
3
1ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്ത്വപ്പെടുവാനും 2വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയിൽനിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർഥിപ്പിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ. 3കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ച് ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും. 4ഞങ്ങൾ ആജ്ഞാപിക്കുന്നത് നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറച്ചിരിക്കുന്നു. 5കർത്താവ് താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണുതയിലേക്കും തിരിക്കുമാറാകട്ടെ.
6സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിക്കുന്നു. 7ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമംകെട്ടു നടന്നിട്ടില്ല, 8ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങൾ അധ്വാനത്തോടും പ്രയാസത്തോടും കൂടെ 9രാപ്പകൽ വേല ചെയ്തുപോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ. 10വേല ചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്ന് ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾതന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. 11നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. 12ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേല ചെയ്ത് അഹോവൃത്തി കഴിക്കേണം എന്ന് കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു. 13നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുത്. 14ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗം വിട്ട് അവനെ വേർതിരിപ്പിൻ. 15എങ്കിലും ശത്രു എന്ന് വിചാരിക്കാതെ സഹോദരൻ എന്നുവച്ച് അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്.
16സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്ക് എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
17പൗലൊസായ എന്റെ കൈയാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നെ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു. 18നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
Currently Selected:
2 തെസ്സലൊനീക്യർ 3: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.