ദാനീയേൽ 1
1
1യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽരാജാവായ നെബൂഖദ്നേസർ യെരൂശലേമിലേക്കു വന്ന് അതിനെ നിരോധിച്ചു. 2കർത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കൈയിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വച്ചു. 3അനന്തരം രാജാവ് തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോട്: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലുംവച്ച് 4അംഗഭംഗമില്ലാത്തവരും സുന്ദരന്മാരും സകല ജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു. 5രാജാവ് അവർക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തിയിട്ട് അവർ രാജസന്നിധിയിൽ നില്ക്കേണം എന്നു കല്പിച്ചു. 6അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു. 7ഷണ്ഡാധിപൻ അവർക്കു പേരിട്ടു; ദാനീയേലിന് അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു. 8എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ച്, തനിക്ക് അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോട് അപേക്ഷിച്ചു. 9ദൈവം ദാനീയേലിനു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി. ഷണ്ഡാധിപൻ ദാനീയേലിനോട്: 10നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോട് ഒത്തുനോക്കിയാൽ മെലിഞ്ഞു കാണുന്നത് എന്തിന്? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലയ്ക്ക് അപകടം വരുത്തും എന്നു പറഞ്ഞു. 11ദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിനും ഹനന്യാവിനും മീശായേലിനും അസര്യാവിനും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട്: 12അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചു നോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർഥവും കുടിപ്പാൻ പച്ചവെള്ളവും തന്നുനോക്കട്ടെ. 13അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തുനോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. 14അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു. 15പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്‍ടിയുള്ളവരും എന്നു കണ്ടു. 16അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർഥം കൊടുത്തു. 17ഈ നാലു ബാലന്മാർക്കോ ദൈവം സകല വിദ്യയിലും ജ്ഞാനത്തിലും നിപുണതയും സാമർഥ്യവും കൊടുത്തു; ദാനീയേൽ സകല ദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു. 18അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവ് കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ്നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു. 19രാജാവ് അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വച്ച് ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷയ്ക്കു നിന്നു. 20രാജാവ് അവരോടു ജ്ഞാനവിവേക സംബന്ധമായി ചോദിച്ചതിലൊക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു. 21ദാനീയേലോ കോരെശ്‍രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.
Currently Selected:
ദാനീയേൽ 1: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.