YouVersion Logo
Search Icon

ആവർത്തനപുസ്തകം 2

2
1അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്ര പുറപ്പെട്ടു; നാം ഏറിയനാൾ സേയീർപർവതത്തെ ചുറ്റിനടന്നു. 2പിന്നെ യഹോവ എന്നോടു കല്പിച്ചത്: 3നിങ്ങൾ ഈ പർവതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ. 4നീ ജനത്തോടു കല്പിക്കേണ്ടത് എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽക്കൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം. 5നിങ്ങൾ അവരോടു പടയെടുക്കരുത്: അവരുടെ ദേശത്തു ഞാൻ നിങ്ങൾക്ക് ഒരു കാൽ വയ്പാൻപോലും ഇടംതരികയില്ല; സേയീർപർവതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു. 6നിങ്ങൾ അവരോട് ആഹാരം വിലയ്ക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലയ്ക്കു വാങ്ങി കുടിക്കേണം. 7നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നത് അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിനും മുട്ടും വന്നിട്ടില്ല. 8അങ്ങനെ നാം സേയീരിൽ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ച് അരാബാവഴിയായി ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ട് തിരിഞ്ഞ് മോവാബുമരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.
9അപ്പോൾ യഹോവ എന്നോടു കല്പിച്ചത്: മോവാബ്യരെ ഞെരുക്കരുത്; അവരോടു പടയെടുക്കയും അരുത്; ഞാൻ അവരുടെ ദേശത്തു നിനക്ക് ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു- 10വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ട് അവിടെ പാർത്തിരുന്നു. 11ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്ക് ഏമ്യർ എന്നു പേർ പറയുന്നു. 12ഹോര്യരും പണ്ടു സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവർക്കു പകരം കുടിപാർക്കയും ചെയ്തു; യിസ്രായേലിനു യഹോവ കൊടുത്ത അവകാശദേശത്ത് അവർ ചെയ്തതുപോലെ തന്നെ. 13ഇപ്പോൾ എഴുന്നേറ്റു സേരെദുതോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദുതോട് കടന്നു; 14നാം കാദേശ്-ബർന്നേയയിൽനിന്നു പുറപ്പെട്ടതുമുതൽ സേരെദുതോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിനിടയിൽ യോദ്ധാക്കളായിരുന്ന തലമുറയൊക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തിൽനിന്നു മുടിഞ്ഞുപോയി. 15അവർ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്നു നശിപ്പിപ്പാൻ തക്കവണ്ണം അവർക്കു വിരോധമായിരുന്നു.
16ഇങ്ങനെ യോദ്ധാക്കളൊക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ച് ഒടുങ്ങിയശേഷം 17യഹോവ എന്നോടു കല്പിച്ചത്: 18നീ ഇന്ന് ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു. 19അമ്മോന്യരോട് അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുത്; അവരോടു പടയെടുക്കയും അരുത്; ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്ക് അവകാശം തരികയില്ല; അതു ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു. 20അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാർ പണ്ട് അവിടെ പാർത്തിരുന്നു; അമ്മോന്യർ അവരെ സംസുമ്മ്യർ എന്നു പറയുന്നു. 21അവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചു; ഇങ്ങനെ അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാർത്തു. 22അവൻ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെതന്നെ, അവൻ ഹോര്യരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചിട്ട് അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്ത് ഇന്നുവരെയും പാർക്കുന്നു. 23കഫ്തോരിൽനിന്നു വന്ന കഫ്തോര്യരും ഗസ്സാവരെയുള്ള ഊരുകളിൽ പാർത്തിരുന്ന അവ്യരെ നശിപ്പിച്ച് അവരുടെ സ്ഥലത്തു കുടിപാർത്തു. 24നിങ്ങൾ എഴുന്നേറ്റു യാത്ര പുറപ്പെട്ട് അർന്നോൻതാഴ്‌വര കടപ്പിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാൻ തുടങ്ങുക. 25നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിൻകീഴെങ്ങും ഉള്ള ജാതികളുടെമേൽ വരുത്തുവാൻ ഞാൻ ഇന്നുതന്നെ തുടങ്ങും; അവർ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറയ്ക്കുകയും നടുങ്ങുകയും ചെയ്യും.
26പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്നു ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനവാക്കുകളോടുകൂടെ ദൂതന്മാരെ അയച്ചു: 27ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽക്കൂടി മാത്രം നടക്കും. 28സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാർക്കുന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലയ്ക്കു തരുന്ന ആഹാരം ഞാൻ കഴിക്കയും വിലയ്ക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം. 29യോർദ്ദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്ത് എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം എന്നു പറയിച്ചു. 30എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കൈയിൽ ഏല്പിക്കേണ്ടതിന് അവന്റെ മനസ്സു കടുപ്പിച്ച് അവന്റെ ഹൃദയം കഠിനമാക്കി. 31യഹോവ എന്നോട്: ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന് അത് അടക്കുവാൻ തുടങ്ങുക എന്നു കല്പിച്ചു. 32അങ്ങനെ സീഹോനും അവന്റെ സർവജനവും നമ്മുടെ നേരേ പുറപ്പെട്ടുവന്നു യാഹാസിൽവച്ചു പടയേറ്റു. 33നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കൈയിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവജനത്തെയും സംഹരിച്ചു. 34അക്കാലത്തു നാം അവന്റെ എല്ലാ പട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല. 35നാല്ക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ട് എടുത്തു. 36അർന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേരും താഴ്‌വരയിലെ പട്ടണവുംമുതൽ ഗിലെയാദുവരെ നമ്മുടെ കൈക്ക് എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കൈയിൽ ഏല്പിച്ചു. 37അമ്മോന്യരുടെ ദേശവും യബ്ബോക്നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in