YouVersion Logo
Search Icon

പുറപ്പാട് 19

19
1യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേ ദിവസം അവർ സീനായി മരുഭൂമിയിൽ എത്തി. 2അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവതത്തിനെതിരേ യിസ്രായേൽ പാളയമിറങ്ങി. 3മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവതത്തിൽനിന്നു അവനോടു വിളിച്ചു കല്പിച്ചത്: നീ യാക്കോബ്ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോട് അറിയിക്കയും ചെയ്യേണ്ടത് എന്തെന്നാൽ: 4ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ. 5ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ട് അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജാതികളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമിയൊക്കെയും എനിക്കുള്ളതല്ലോ. 6നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു. 7മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേൾപ്പിച്ചു. 8യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്ക് യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു. 9യഹോവ മോശെയോട്: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു എന്ന് അരുളിച്ചെയ്തു. ജനത്തിന്റെ വാക്ക് മോശെ യഹോവയോടു ബോധിപ്പിച്ചു. 10യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ ജനത്തിന്റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; 11അവർ വസ്ത്രം അലക്കി, മൂന്നാംദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവതത്തിൽ ഇറങ്ങും. 12ജനം പർവതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവർക്കായി ചുറ്റും അതിർ തിരിക്കേണം; പർവതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം. 13കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവതത്തിന് അടുത്തുവരട്ടെ. 14മോശെ പർവതത്തിൽനിന്നു ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു. 15അവൻ ജനത്തോട്: മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിപ്പിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത് എന്നു പറഞ്ഞു. 16മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനമൊക്കെയും നടുങ്ങി. 17ദൈവത്തെ എതിരേല്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവർ പർവതത്തിന്റെ അടിവാരത്തു നിന്നു. 18യഹോവ തീയിൽ സീനായിപർവതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവതമൊക്കെയും ഏറ്റവും കുലുങ്ങി. 19കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചുവന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി. 20യഹോവ സീനായിപർവതത്തിൽ പർവതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു. 21യഹോവ മോശെയോട് കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിനു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്ന് അവരോട് അമർച്ചയായി കല്പിക്ക. 22യഹോവയോട് അടുക്കുന്ന പുരോഹിതന്മാരും യഹോവ അവർക്കു ഹാനി വരുത്താതിരിക്കേണ്ടതിനു തങ്ങളെ ശുദ്ധീകരിക്കട്ടെ. 23മോശെ യഹോവയോട്: ജനത്തിനു സീനായിപർവതത്തിൽ കയറുവാൻ പാടില്ല; പർവതത്തിന് അതിർ തിരിച്ച് അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോട് അമർച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു. 24യഹോവ അവനോട്: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കു നാശം വരുത്താതിരിക്കേണ്ടതിന് അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുത്. 25അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in