പുറപ്പാട് 21
21
1അവരുടെ മുമ്പാകെ നീ വയ്ക്കേണ്ടുന്ന ന്യായങ്ങളാവിത്: 2ഒരു എബ്രായദാസനെ വിലയ്ക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ട് ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ. 3ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവനു ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ. 4അവന്റെ യജമാനൻ അവനു ഭാര്യയെ കൊടുക്കയും അവൾ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ഇരിക്കേണം; അവൻ ഏകനായി പോകേണം. 5എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തുപറഞ്ഞാൽ 6യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്ന് കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തിയിട്ട് സൂചികൊണ്ട് അവന്റെ കാത് കുത്തിത്തുളക്കേണം; പിന്നെ അവൻ എന്നേക്കും അവനു ദാസനായിരിക്കേണം. 7ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാർ പോകുന്നതുപോലെ പോകരുത്. 8അവളെ തനിക്കു സംബന്ധത്തിനു നിയമിച്ച യജമാനന് അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കു വിറ്റുകളവാൻ അവന് അധികാരം ഇല്ല. 9അവൻ അവളെ തന്റെ പുത്രനു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിനു തക്കവണ്ണം അവളോടു പെരുമാറേണം. 10അവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്. 11ഈ മൂന്നു കാര്യവും അവൻ അവൾക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.
12ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. 13അവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കൈയാൽ സംഭവിപ്പാൻ ദൈവം സംഗതി വരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും. 14എന്നാൽ ഒരുത്തൻ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിനു നീ അവനെ എന്റെ യാഗപീഠത്തിങ്കൽനിന്നും പിടിച്ചുകൊണ്ടുപോകേണം.
15തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
16ഒരുത്തൻ ഒരാളെ മോഷ്‍ടിച്ചിട്ട് അവനെ വില്ക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.
17തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
18മനുഷ്യർ തമ്മിൽ ശണ്ഠകൂടിയിട്ട് ഒരുത്തൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്‍ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകയും 19പിന്നെയും എഴുന്നേറ്റു വടിയൂന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും അവൻ അവന്റെ മിനക്കേടിനുവേണ്ടി കൊടുത്ത് അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.
20ഒരുത്തൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ട് അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം. 21എങ്കിലും അവൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുത്; അവൻ അവന്റെ മുതലല്ലോ.
22മനുഷ്യർ തമ്മിൽ ശണ്ഠകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുംപോലെ അവൻ കൊടുക്കേണം. 23മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവനു പകരം ജീവൻ കൊടുക്കേണം. 24കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്; കൈക്കു പകരം കൈ; കാലിനു പകരം കാൽ; 25പൊള്ളലിനു പകരം പൊള്ളൽ; മുറിവിനു പകരം മുറിവ്; തിണർപ്പിനു പകരം തിണർപ്പ്.
26ഒരുത്തൻ അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാൽ അവൻ കണ്ണിനു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം. 27അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചുതകർത്താൽ അവൻ പല്ലിനു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
28ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ. 29എന്നാൽ ആ കാള മുമ്പേതന്നെ കുത്തുന്നതായും ഉടമസ്ഥൻ അത് അറിഞ്ഞുമിരിക്കെ അവൻ അതിനെ സൂക്ഷിക്കായ്കകൊണ്ട് അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം. 30ഉദ്ധാരണദ്രവ്യം അവന്റെമേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്റെമേൽ ചുമത്തിയതൊക്കെയും അവൻ കൊടുക്കേണം. 31അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം. 32കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥനു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.
33ഒരുത്തൻ ഒരു കുഴി തുറന്നു വയ്ക്കുകയോ കുഴി കുഴിച്ച് അതിനെ മൂടാതിരിക്കയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ, 34കുഴിയുടെ ഉടമസ്ഥൻ വില കൊടുത്ത് അതിന്റെ യജമാനനു തൃപ്തി വരുത്തേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം.
35ഒരുത്തന്റെ കാള മറ്റൊരുത്തന്റെ കാളയെ കുത്തിയിട്ട് അതു ചത്തുപോയാൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റ് അതിന്റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം. 36അല്ലെങ്കിൽ ആ കാള മുമ്പേതന്നെ കുത്തുന്നത് എന്ന് അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളയ്ക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം.
Currently Selected:
പുറപ്പാട് 21: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.