പുറപ്പാട് 8
8
1യഹോവ നദിയെ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞപ്പോൾ മോശെയോടു കല്പിച്ചത്: നീ ഫറവോന്റെ അടുക്കൽ ചെന്നു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക. 2നീ അവരെ വിട്ടയപ്പാൻ സമ്മതിക്കയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെയൊക്കെയും തവളയെക്കൊണ്ടു ബാധിക്കും. 3നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും. 4തവള നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ സകല ഭൃത്യന്മാരുടെമേലും കയറും. 5യഹോവ പിന്നെയും മോശെയോട്: മിസ്രയീംദേശത്തു തവള കയറുവാൻ നദികളിന്മേലും പുഴകളിന്മേലും കുളങ്ങളിന്മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു. 6അങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിന്മേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി. 7മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി. 8എന്നാറെ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിനു യഹോവയോടു പ്രാർഥിപ്പിൻ. എന്നാൽ യഹോവയ്ക്കു യാഗം കഴിപ്പാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം എന്നു പറഞ്ഞു. 9മോശെ ഫറവോനോട്: തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിനു ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനുംവേണ്ടി എപ്പോൾ പ്രാർഥിക്കേണം എന്ന് എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു. 10നാളെ എന്ന് അവൻ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിനു നിന്റെ വാക്കുപോലെ ആകട്ടെ; 11തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും എന്ന് അവൻ പറഞ്ഞു. 12അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് ഇറങ്ങി ഫറവോന്റെമേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോടു പ്രാർഥിച്ചു. 13മോശെയുടെ പ്രാർഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി. 14അവർ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു. 15എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.
16അപ്പോൾ യഹോവ മോശെയോട്: നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്ന് അഹരോനോടു പറക. അതു മിസ്രയീംദേശത്ത് എല്ലാടവും പേൻ ആയിത്തീരും എന്നു കല്പിച്ചു. 17അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പേൻ ആയിത്തീർന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു. 18മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേൻ ഉളവാക്കുവാൻ അതുപോലെ ചെയ്തു; അവർക്കു കഴിഞ്ഞില്ലതാനും. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ ഉളവായതുകൊണ്ടു മന്ത്രവാദികൾ ഫറവോനോട്: 19ഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
20പിന്നെ യഹോവ മോശെയോടു കല്പിച്ചത്: നീ നാളെ നന്നാ രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നില്ക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക. 21നീ എന്റെ ജനത്തെ വിട്ടയയ്ക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിന്മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും. 22ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്നു നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. 23എന്റെ ജനത്തിനും നിന്റെ ജനത്തിനും മധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും. 24യഹോവ അങ്ങനെതന്നെ ചെയ്തു; അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്ത് എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു. 25അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവച്ചുതന്നെ നിങ്ങളുടെ ദൈവത്തിനു യാഗം കഴിപ്പിൻ എന്നു പറഞ്ഞു. 26അതിനു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്ക് അറപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്ക് അറപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ? 27ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവനു യാഗം കഴിക്കേണം എന്നു പറഞ്ഞു. 28അപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മരുഭൂമിയിൽവച്ചു യാഗം കഴിക്കേണ്ടതിനു നിങ്ങളെ വിട്ടയയ്ക്കാം; അതിദൂരത്തു മാത്രം പോകരുത്; എനിക്കുവേണ്ടി പ്രാർഥിപ്പിൻ എന്നു പറഞ്ഞു. 29അതിനു മോശെ: ഞാൻ നിന്റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാർഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവയ്ക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയയ്ക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുത് എന്നു പറഞ്ഞു. 30അങ്ങനെ മോശെ ഫറവോന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർഥിച്ചു. 31യഹോവ മോശെയുടെ പ്രാർഥനപ്രകാരം ചെയ്തു; നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി. 32എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.
Currently Selected:
പുറപ്പാട് 8: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.