ഉൽപത്തി 1
1
1ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു. 2ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. 3വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. 4വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. 5ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
6ദൈവം: വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. 7വിതാനം ഉണ്ടാക്കിയിട്ടു ദൈവം വിതാനത്തിൻകീഴുള്ള വെള്ളവും വിതാനത്തിന്മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. 8ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
9ദൈവം: ആകാശത്തിൻകീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. 10ഉണങ്ങിയ നിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു. 11ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 12ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു. 13സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
14പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; 15ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 16പകൽ വാഴേണ്ടതിനു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. 17ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി 18ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവം കണ്ടു. 19സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
20വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെമീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. 21ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതുതരം പറവജാതിയെയും സൃഷ്‍ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു. 22നിങ്ങൾ വർധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. 23സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
24അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 25ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു. 26അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. 27ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു. 28ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു. 29ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ; 30ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യമൊക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 31താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.
Currently Selected:
ഉൽപത്തി 1: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.