യാക്കോബ് 4
4
1നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്ന്? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ? 2നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല. 3നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല. 4വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. 5അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നുവോ? 6എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോട് എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. 7ആകയാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. 8ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; 9സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. 10കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.
11സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുത്; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. 12ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളൂ: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നെ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?
13ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ: 14നാളത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ. 15കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്. 16നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു. 17നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപംതന്നെ.
Currently Selected:
യാക്കോബ് 4: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.