മത്തായി 19
19
1ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ടു യേശു ഗലീല വിട്ടു, 2യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവച്ച് അവരെ സൗഖ്യമാക്കി.
3പരീശന്മാർ അവന്റെ അടുക്കൽ വന്ന്: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു. 4അതിന് അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, 5അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും എന്ന് അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? 6അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. 7അവർ അവനോട്: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചത് എന്ത് എന്നു ചോദിച്ചു. 8അവൻ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചത്; ആദിയിൽ അങ്ങനെയല്ലായിരുന്നു. 9ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. 10ശിഷ്യന്മാർ അവനോട്: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു. 11അവൻ അവരോട്: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. 12അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.
13അവൻ കൈ വച്ചു പ്രാർഥിക്കേണ്ടതിനു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി. 14യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു. 15അങ്ങനെ അവൻ അവരുടെമേൽ കൈവച്ചു പിന്നെ അവിടെനിന്നു യാത്രയായി.
16അനന്തരം ഒരുത്തൻ വന്ന് അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന് അവൻ: 17എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നത് എന്ത്? നല്ലവൻ ഒരുത്തനേ ഉള്ളൂ. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്ന് അവനോടു പറഞ്ഞു. 18ഏവ എന്ന് അവൻ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്; 19അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്ക എന്നിവ തന്നെ എന്നു പറഞ്ഞു. 20യൗവനക്കാരൻ അവനോട്: ഇവയൊക്കെയും ഞാൻ പ്രമാണിച്ചുപോരുന്നു; ഇനി കുറവുള്ളത് എന്ത് എന്നു പറഞ്ഞു. 21യേശു അവനോട്: സൽഗുണപൂർണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 22യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
23യേശു തന്റെ ശിഷ്യന്മാരോട്: ധനവാൻ സ്വർഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നെ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 24ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 25അതു കേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 26യേശു അവരെ നോക്കി: അതു മനുഷ്യർക്ക് അസാധ്യം എങ്കിലും ദൈവത്തിനു സകലവും സാധ്യം എന്നു പറഞ്ഞു. 27പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്ക് എന്തു കിട്ടും എന്നു ചോദിച്ചു. 28യേശു അവരോടു പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 29എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവന് എല്ലാം നൂറു മടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. 30എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.
Currently Selected:
മത്തായി 19: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.