YouVersion Logo
Search Icon

മർക്കൊസ് 12

12
1പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയത്: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലി കെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി. 2കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു. 3അവർ അവനെ പിടിച്ചു തല്ലി വെറുതേ അയച്ചുകളഞ്ഞു. 4പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു. 5അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു. 6അവന് ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു. 7ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു. 8അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽനിന്ന് എറിഞ്ഞുകളഞ്ഞു. 9എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്ന് ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
10“വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു. ഇതു കർത്താവിനാൽ സംഭവിച്ചു. 11നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു”
എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ? 12ഈ ഉപമ തങ്ങളെക്കുറിച്ച് ആകുന്നു പറഞ്ഞത് എന്നു ഗ്രഹിച്ചിട്ട് അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ട് അവനെ വിട്ടുപോയി.
13അനന്തരം അവനെ വാക്കിൽ കുടുക്കുവാൻവേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു. അവർ വന്ന്: 14ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടത് എന്ന് അവനോടു ചോദിച്ചു. 15അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു. 16അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേത് എന്ന് അവരോടു ചോദിച്ചതിന്: കൈസരുടേത് എന്ന് അവർ പറഞ്ഞു. 17യേശു അവരോട്: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
18പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ: 19ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ, ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. 20എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചുപോയി. 21രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെതന്നെ. 22എഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു. 23പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവനു ഭാര്യയാകും? എഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ. 24യേശു അവരോടു പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്? 25മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; സ്വർഗത്തിലെ ദൂതന്മാരെപ്പോലെയാകും. 26എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ, മുൾപ്പടർപ്പുഭാഗത്തു ദൈവം അവനോട്: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്ന് അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ? 27അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
28ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നതു കേട്ട് അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്: എല്ലാറ്റിലും മുഖ്യകല്പന ഏത് എന്ന് അവനോടു ചോദിച്ചു. 29അതിന് യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: 'യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. 30നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം' എന്ന് ആകുന്നു. 31രണ്ടാമത്തേതോ: 'കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം' എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്ന് ഉത്തരം പറഞ്ഞു. 32ശാസ്ത്രി അവനോട്: നന്ന്, ഗുരോ, നീ പറഞ്ഞതു സത്യംതന്നെ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. 33അവനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നെ എന്നു പറഞ്ഞു. 34അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്ന് യേശു കണ്ടിട്ട്: നീ ദൈവരാജ്യത്തോട് അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
35യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയത്: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ?
36“കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്ന് അരുളിച്ചെയ്തു”
എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു. 37ദാവീദ് തന്നെ അവനെ കർത്താവ് എന്നു പറയുന്നുവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു.
38അവൻ തന്റെ ഉപദേശത്തിൽ അവരോട്: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ വന്ദനവും 39പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. 40അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർഥന കഴിക്കയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
41പിന്നെ യേശു ശ്രീഭണ്ഡാരത്തിനു നേരേ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു. 42ദരിദ്രയായ ഒരു വിധവ വന്ന് ഒരു പൈസയ്ക്കു ശരിയായ രണ്ടു കാശ് ഇട്ടു.
43അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 44എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്ന് ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് അവരോടു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for മർക്കൊസ് 12