YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 14

14
1സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു;
ഭോഷത്തമുള്ളവളോ അതു സ്വന്ത കൈകളാൽ പൊളിച്ചുകളയുന്നു.
2നേരായി നടക്കുന്നവൻ യഹോവാഭക്തൻ;
നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.
3ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്;
ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.
4കാളകൾ ഇല്ലാത്തേടത്തു തൊഴുത്ത് വെടിപ്പുള്ളത്;
കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ട്.
5വിശ്വസ്തസാക്ഷി ഭോഷ്ക് പറകയില്ല;
കള്ളസ്സാക്ഷിയോ ഭോഷ്ക് നിശ്വസിക്കുന്നു.
6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;
വിവേകമുള്ളവനോ പരിജ്ഞാനം എളുപ്പം.
7മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക;
പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
8വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം;
ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.
9ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു.
നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ട്.
10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;
അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.
11ദുഷ്ടന്മാരുടെ വീട് മുടിഞ്ഞുപോകും;
നീതിമാന്റെ കൂടാരമോ തഴയ്ക്കും.
12ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും;
അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
13ചിരിക്കുമ്പോൾ തന്നെയും ഹൃദയം ദുഃഖിച്ചിരിക്കാം;
സന്തോഷത്തിന്റെ അവസാനം ദുഃഖമാകുകയുമാവാം.
14ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവനു തന്റെ നടപ്പിൽ മടുപ്പു വരും;
നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽതന്നെ തൃപ്തിവരും.
15അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു;
സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.
16ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റി നടക്കുന്നു;
ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു.
17മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.
18അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കിക്കൊള്ളുന്നു;
സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
19ദുർജനം സജ്ജനത്തിന്റെ മുമ്പിലും
ദുഷ്ടന്മാർ നീതിമാന്മാരുടെ വാതിൽക്കലും വണങ്ങിനില്ക്കുന്നു.
20ദരിദ്രനെ കൂട്ടുകാരൻപോലും പകയ്ക്കുന്നു;
ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.
21കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;
എളിയവരോടു കൃപ കാണിക്കുന്നവനോ ഭാഗ്യവാൻ.
22ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ?
നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.
23എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും;
അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരൂ.
24ജ്ഞാനികളുടെ ധനം അവർക്കു കിരീടം;
മൂഢന്മാരുടെ ഭോഷത്തമോ ഭോഷത്തം തന്നെ.
25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;
ഭോഷ്ക് നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
26യഹോവാഭക്തനു ദൃഢധൈര്യം ഉണ്ട്;
അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.
27യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.
28പ്രജാബാഹുല്യം രാജാവിനു ബഹുമാനം;
പ്രജാന്യൂനതയോ പ്രഭുവിനു നാശം.
29ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.
30ശാന്തമനസ്സ് ദേഹത്തിനു ജീവൻ;
അസൂയയോ അസ്ഥികൾക്കു ദ്രവത്വം.
31എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.
32ദുഷ്ടനു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;
നീതിമാനോ മരണത്തിലും പ്രത്യാശയുണ്ട്.
33വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;
മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.
34നീതി ജാതിയെ ഉയർത്തുന്നു;
പാപമോ വംശങ്ങൾക്കു അപമാനം.
35ബുദ്ധിമാനായ ദാസനു രാജാവിന്റെ പ്രീതി ലഭിക്കുന്നു.
നാണംകെട്ടവനോ അവന്റെ കോപം നേരിടും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in