സങ്കീർത്തനങ്ങൾ 49
49
സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ;
സകല ഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ.
2സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ.
3എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും;
എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.
4ഞാൻ സദൃശവാക്യത്തിന് എന്റെ ചെവി ചായ്ക്കും;
കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.
5അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്ന്
എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നത് എന്തിന്?
6അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും
ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.
7സഹോദരൻ ശവക്കുഴി കാണാതെ
എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്
8അവനെ വീണ്ടെടുപ്പാനോ
ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല.
9അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയത്;
അത് ഒരുനാളും സാധിക്കയില്ല.
10ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും
തങ്ങളുടെ സമ്പാദ്യം മറ്റുള്ളവർക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
11തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും
തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും
എന്നിങ്ങനെയാകുന്നു അവരുടെ അന്തർഗതം;
തങ്ങളുടെ നിലങ്ങൾക്ക് അവർ തങ്ങളുടെ പേരിടുന്നു.
12എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കയില്ല.
അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ.
13ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു;
അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ.
14അവരെ പാതാളത്തിന് ആടുകളായി ഏല്പിച്ചിരിക്കുന്നു;
മൃത്യു അവരെ മേയിക്കുന്നു;
നേരുള്ളവർ പുലർച്ചയ്ക്ക് അവരുടെമേൽ വാഴും;
അവരുടെ രൂപം ഇല്ലാതെയാകും;
പാതാളം അവരുടെ പാർപ്പിടം.
15എങ്കിലും എന്റെ പ്രാണനെ ദൈവം
പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും;
അവൻ എന്നെ കൈക്കൊള്ളും. സേലാ.
16ഒരുത്തൻ ധനവാനായിത്തീർന്നാലും
അവന്റെ ഭവനത്തിന്റെ മഹത്ത്വം വർധിച്ചാലും നീ ഭയപ്പെടരുത്.
17അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല;
അവന്റെ മഹത്ത്വം അവനെ പിൻചെല്ലുകയുമില്ല.
18അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു;
നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.
19അവൻ തന്റെ പിതാക്കന്മാരുടെ
തലമുറയോടു ചെന്നുചേരും;
അവർ ഒരുനാളും വെളിച്ചം കാണുകയില്ല.
20മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ
നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.
Currently Selected:
സങ്കീർത്തനങ്ങൾ 49: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.