YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 62

62
സംഗീതപ്രമാണിക്ക്; യെദൂഥൂന്യ രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;
എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.
2അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;
എന്റെ ഗോപുരം അവൻ തന്നെ;
ഞാൻ ഏറെ കുലുങ്ങുകയില്ല.
3നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ
ഒരു മനുഷ്യനെ കൊല്ലേണ്ടതിന് എത്രത്തോളം അവനെ ആക്രമിക്കും?
4അവന്റെ പദവിയിൽനിന്ന് അവനെ
തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്:
അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു;
വായ്കൊണ്ട് അവർ അനുഗ്രഹിക്കുന്നു;
എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. സേലാ.
5എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക;
എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.
6അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;
എന്റെ ഗോപുരം അവൻ തന്നെ;
ഞാൻ കുലുങ്ങുകയില്ല.
7എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു;
എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
8ജനമേ, എല്ലാക്കാലത്തും അവനിൽ ആശ്രയിപ്പിൻ;
നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ;
ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ;
തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;
അവർ ആകപ്പാടെ ഒരു ശ്വാസത്തെക്കാൾ ലഘുവാകുന്നു.
10പീഡനത്തിൽ ആശ്രയിക്കരുത്;
കവർച്ചയിൽ മയങ്ങിപ്പോകരുത്;
സമ്പത്തു വർധിച്ചാൽ അതിൽ മനസ്സു വയ്ക്കരുത്.
11ബലം ദൈവത്തിനുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു.
ഞാൻ രണ്ടു പ്രാവശ്യം കേട്ടുമിരിക്കുന്നു.
12കർത്താവേ, ദയയും നിനക്കുള്ളതാകുന്നു.
നീ ഓരോരുത്തന് അവനവന്റെ
പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in