സങ്കീർത്തനങ്ങൾ 90
90
നാലാം പുസ്തകം
ദൈവപുരുഷനായ മോശെയുടെ ഒരു പ്രാർഥന.
1കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
2പർവതങ്ങൾ ഉണ്ടായതിനും
നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുമ്പേ
നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
3നീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു;
മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു.
4ആയിരം സംവത്സരം നിന്റെ ദൃഷ്‍ടിയിൽ
ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
5നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ;
അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
6അതു രാവിലെ തഴച്ചുവളരുന്നു;
വൈകുന്നേരം അത് അരിഞ്ഞു വാടിപ്പോകുന്നു.
7ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും
നിന്റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു.
8നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും
ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു.
9ഞങ്ങളുടെ നാളുകളൊക്കെയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി;
ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.
10ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം;
ഏറെ ആയാൽ എൺപതു സംവത്സരം;
അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ;
അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു.
11നിന്റെ കോപത്തിന്റെ ശക്തിയെയും
നിന്നെ ഭയപ്പെടുവാന്തക്കവണ്ണം
നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?
12ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം
ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
13യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം?
അടിയങ്ങളോടു സഹതാപം തോന്നേണമേ.
14കാലത്തുതന്നെ ഞങ്ങളെ നിന്റെ ദയ കൊണ്ടു തൃപ്തരാക്കേണമേ;
എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
15നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും
ഞങ്ങൾ അനർഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
16നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും
അവരുടെ മക്കൾക്കു നിന്റെ മഹത്ത്വവും വെളിപ്പെടുമാറാകട്ടെ.
17ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ;
ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കിത്തരേണമേ;
അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കിത്തരേണമേ.
Currently Selected:
സങ്കീർത്തനങ്ങൾ 90: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.