1 ശമു. 2
2
ഹന്നായുടെ പ്രാർത്ഥന
1അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു:
“എന്‍റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്‍റെ കൊമ്പ്#2:1 കൊമ്പ് ശക്തി യഹോവയാൽ ഉയര്‍ന്നിരിക്കുന്നു;
അങ്ങേയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട്;
ഞാൻ എന്‍റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു;
2യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;
അങ്ങല്ലാതെ മറ്റാരുമില്ലല്ലോ;
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും#2:2 പാറ - ഉറപ്പോടെ നമുക്കു ആശ്രയിക്കാവുന്ന സങ്കേതം ഇല്ല.
3അഹങ്കാരത്തോടെ ഇനി സംസാരിക്കരുത്;
നിങ്ങളുടെ വായിൽനിന്ന് ഡംഭമുള്ള വാക്കുകൾ പുറപ്പെടരുത്.
യഹോവ സർവ്വജ്ഞാനമുള്ള ദൈവം;
അവിടുന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു.
4വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു;
ബലഹീനർ ശക്തി പ്രാപിക്കുന്നു.
5മുൻകാലത്ത് സമ്പന്നരായിരുന്നവർ
ഇപ്പോൾ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു;
വിശന്നവർ വിശ്രമം പ്രാപിക്കുന്നു;
മച്ചി#2:5 മച്ചി - പ്രസവിക്കാൻ കഴിയാത്ത സ്ത്രീ ഏഴു പ്രസവിക്കുന്നു;
അനേകം മക്കൾ ഉള്ളവൾക്കു
ആരും ആശ്രയമില്ലാതാകുന്നു.
6യഹോവ ജീവൻ എടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു;
പാതാളത്തിൽ ഇറക്കുകയും അവിടെനിന്ന് തിരികെ കയറ്റുകയും ചെയ്യുന്നു.
7യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു;
അവിടുന്ന് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.
8യഹോവ ദരിദ്രനെ പൊടിയിൽനിന്നു ഉയർത്തുന്നു;
അഗതിയെ കുപ്പയിൽനിന്ന്#2:8 കുപ്പ - ചപ്പു ചവറുകൾ എഴുന്നേല്പിക്കുന്നു;
പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും
മഹത്വ സിംഹാസനം അവകാശമായി നല്കുവാനും തന്നെ.
ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയ്ക്കുള്ളവ;
ഭൂമണ്ഡലത്തെ അവയുടെമേൽ ഉറപ്പിച്ചിരിക്കുന്നു.
9തന്‍റെ വിശുദ്ധന്മാരുടെ കാലുകളെ യഹോവ കാക്കുന്നു;
ദുഷ്ടന്മാർ അന്ധകാരത്തിൽ നിശബ്ദരാകുന്നു;
സ്വന്തശക്തിയാൽ ആരും ജയിക്കുകയില്ല.
10യഹോവയോടു എതിർക്കുന്നവൻ തകർന്നുപോകുന്നു;
അവിടുന്ന് ആകാശത്തുനിന്നു അവരുടെ മേൽ ഇടി വെട്ടിക്കുന്നു.
യഹോവ ഭൂമിയെ മുഴുവൻ വിധിക്കുന്നു;
തന്‍റെ രാജാവിന് ശക്തി കൊടുക്കുന്നു;
തന്‍റെ അഭിഷിക്തന്‍റെ ശിരസ്സ് ഉയർത്തുന്നു.”
11പിന്നെ എല്ക്കാനാ രാമയിൽ തന്‍റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്ക് ശുശ്രൂഷ ചെയ്തുവന്നു.
ഏലിയുടെ ദുഷ്ടന്മാരായ പുത്രന്മാർ
12എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്പ്രവർത്തി#2:12 ദുഷ്പ്രവർത്തി ബെലിയാല്‍ ചെയ്യുന്നവരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. 13ഈ പുരോഹിതന്മാർ ജനത്തോട് ഇപ്രകാരം ചെയ്തു: ആരെങ്കിലും യാഗം കഴിക്കുമ്പോൾ, മാംസം വേവിക്കുന്ന സമയത്ത് പുരോഹിതന്‍റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി#2:13 മുപ്പല്ലി - ഭക്ഷണം കുത്തിയെടുക്കുന്ന ഉപകരണം വന്ന് 14കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതെല്ലാം പുരോഹിതൻ എടുക്കും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും. 15മേദസ്സ്#2:15 മേദസ്സു - മാംസത്തിൻ്റെ കൊഴുപ്പ് ദഹിപ്പിക്കും മുമ്പെ പുരോഹിതന്‍റെ ബാല്യക്കാരൻ വന്ന് യാഗം കഴിക്കുന്നവനോടു: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല” എന്നു പറയും.
16“മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്‍റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക” എന്നു യാഗം കഴിക്കുന്നവൻ പറഞ്ഞാൽ ബാല്യക്കാരൻ അവനോട്: “അല്ല, ഇപ്പോൾ തന്നെ തരേണം; അല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു പറയും. 17ഇങ്ങനെ ഏലിയുടെ പുത്രന്മാർ യഹോവയുടെ വഴിപാടിനെ നിന്ദിച്ചതുകൊണ്ടു അവരുടെ#2:17 അവരുടെ ജനങ്ങളുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.
18എന്നാൽ ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുവന്നു. 19ശമുവേലിന്‍റെ അമ്മ എല്ലാ വർഷവും ഒരു ചെറിയ അങ്കി ഉണ്ടാക്കും. തന്‍റെ ഭർത്താവിനോടുകൂടെ എല്ലാ വർഷവുമുള്ള യാഗം അർപ്പിക്കുവാൻ വരുമ്പോൾ അത് ശമുവേലിന് കൊണ്ടുവന്ന് കൊടുക്കും. 20എന്നാൽ ഏലി എല്ക്കാനായെയും അവന്‍റെ ഭാര്യയെയും അനുഗ്രഹിച്ചു; “ഈ സ്ത്രീ യഹോവയ്ക്ക് സമർപ്പിച്ച ബാലന് പകരം, യഹോവ അവളിൽ നിന്ന് നിനക്ക് മക്കളെ നല്കുമാറാകട്ടെ” എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്ക് പോയി. 21യഹോവ ഹന്നായെ അനുഗ്രഹിച്ചു; അവൾ ഗർഭംധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നു.
22ഏലി വൃദ്ധനായി. അവന്‍റെ പുത്രന്മാർ എല്ലാ യിസ്രായേൽമക്കളോടും ചെയ്യുന്നതിനെക്കുറിച്ചും, സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതിനെക്കുറിച്ചും അവൻ കേട്ടു. 23അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞ് ഞാൻ കേൾക്കുന്നു. 24അങ്ങനെ അരുത്, എന്‍റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്ന കേൾവി നന്നല്ല. 25മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന് വേണ്ടി ദൈവത്തോടു#2:25 ദൈവത്തോടു ന്യായാധിപനോട് അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന് വേണ്ടി ആർ അപേക്ഷിക്കും?” എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്‍റെ വാക്ക് അനുസരിച്ചില്ല.
26ശമൂവേൽബാലനോ യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.
ഏലിയുടെ ഭവനത്തിന് എതിരെയുള്ള പ്രവചനം
27അതിനുശേഷം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് അവനോട് പറഞ്ഞത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:നിന്‍റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്‍റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ എന്നെ അഹരോന് വെളിപ്പെടുത്തി. 28എന്‍റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്‍റെ സന്നിധിയിൽ ഏഫോദ്#2:28 ഏഫോദ് - ശുശ്രൂഷ ചെയ്യുവാനുള്ള അങ്കി ധരിക്കുവാനും ഞാൻ അവനെ യിസ്രായേലിന്‍റെ സകലഗോത്രത്തിൽനിന്നും എനിക്ക് പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽ മക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്‍റെ പിതൃഭവനത്തിന് കൊടുത്തു. 29തിരുനിവാസത്തിൽ അർപ്പിക്കുവാൻ ഞാൻ കല്പിച്ചിട്ടുള്ള എന്‍റെ യാഗവും വഴിപാടും നിങ്ങൾ നിന്ദിക്കുന്നത് എന്തിന്#2:29 നിന്ദിക്കുന്നത് എന്തിന് കാലുകൊണ്ട് തട്ടിക്കളയുന്നത് എന്തിന് ? എന്‍റെ ജനമായ യിസ്രായേലിന്‍റെ എല്ലാ വഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നെ കൊഴുപ്പിക്കുവാൻ തക്കവണ്ണം നീ നിന്‍റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കുകയും ചെയ്യുന്നത് എന്ത്?
30“അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഭവനവും നിന്‍റെ പിതൃഭവനവും എന്‍റെ സന്നിധിയിൽ നിത്യം ശുശ്രൂഷ ചെയ്യുമെന്ന് ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകുകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. 31നിന്‍റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്‍റെയും നിന്‍റെ പിതൃഭവനത്തിന്‍റെയും ശക്തി#2:31 ശക്തി ഭുജം തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു. 32യിസ്രായേലിനു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു എതിരാളിയെ കാണും; നിന്‍റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധനും ഉണ്ടാകുകയില്ല. 33നിന്‍റെ മക്കളൊക്കെയും യൗവ്വനത്തിൽ മരിക്കും. നിന്‍റെ കണ്ണ് ക്ഷീണിപ്പിക്കുവാനും നിന്‍റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്‍റെ ഭവനത്തിൽ ഒരാളെ എന്‍റെ യാഗപീഠത്തിൽ നിന്നു നശിപ്പിക്കാതെ വച്ചേക്കും. 34നിന്‍റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരേ ദിവസത്തിൽ തന്നെ മരിക്കും. അത് നിനക്ക് ഒരു അടയാളം ആകും;
35“എന്നാൽ എന്‍റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ തിരഞ്ഞെടുക്കും; അവന് ഞാൻ സ്ഥിരമായ ഒരു ഭവനം പണിയും; അവൻ എന്‍റെ അഭിഷിക്തന്‍റെ മുൻപിൽ നിത്യം ശുശ്രൂഷ ചെയ്യും. 36നിന്‍റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്‍റെ അടുക്കൽവന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനും ആയി അവനെ കുമ്പിട്ട് ഒരു കഷണം അപ്പം ലഭിക്കേണ്ടതിന് എന്നെ ഒരു പുരോഹിതന്‍റെ വേലയ്ക്കാക്കേണമേ എന്നപേക്ഷിക്കും.”
Currently Selected:
1 ശമു. 2: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.