YouVersion Logo
Search Icon

2 കൊരി. 1

1
അഭിവാദനം
1ദൈവഹിതത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസും, സഹോദരനായ തിമൊഥെയൊസും കൊരിന്ത്യയിലെ ദൈവസഭയ്ക്കും അഖായയിൽ എല്ലായിടങ്ങളിലുമുള്ളതായ സകലവിശുദ്ധന്മാർക്കും കൂടെ എഴുതുന്നത്: 2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
സകല ആശ്വാസങ്ങളുടെയും ദൈവം
3കരുണ നിറഞ്ഞ പിതാവും സർവ്വ ആശ്വാസത്തിൻ്റെ ദൈവവുമായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. 4ദൈവം നമ്മെ ആശ്വസിപ്പിച്ചിരിക്കുന്ന ആശ്വാസത്താൽ ഏതെങ്കിലും കഷ്ടങ്ങളിലായിരിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ കഴിവുള്ളവരായിത്തീരത്തക്കവണ്ണം നമ്മുടെ കഷ്ടങ്ങളിൽ ഒക്കെയും അവൻ നമ്മെ ആശ്വസിപ്പിച്ചിരിക്കുന്നു. 5എന്തെന്നാൽ ക്രിസ്തുവിന്‍റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. 6ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും ആകുന്നു; ഞങ്ങൾക്ക് ആശ്വാസം വരുന്നു എങ്കിൽ അത് ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നെ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിനായി ഫലിക്കുന്നു. 7നിങ്ങൾ കഷ്ടങ്ങൾക്ക് കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിനും കൂട്ടാളികൾ എന്നറിയുകയാൽ നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രത്യാശ നിശ്ചയമുള്ളത് തന്നെ.
8സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ കഷ്ടങ്ങളെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരായിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറ്, ഞങ്ങളുടെ ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടു. 9വാസ്തവമായും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെന്ന് ഞങ്ങൾക്ക് തോന്നിയതുകൊണ്ട്, ഞങ്ങളിൽ തന്നെ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നെ ആശ്രയം വച്ചു. 10ഇത്ര ഭയങ്കരമായ മരണവിപത്തിൽ നിന്ന് ദൈവം ഞങ്ങളെ വിടുവിച്ചു; വിടുവിക്കുകയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ഉറച്ചുമിരിക്കുന്നു. 11അതിന് നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണയാകുന്നു; അങ്ങനെ പലരുടെ പ്രാർത്ഥന മുഖാന്തരം ഞങ്ങൾക്ക് കിട്ടിയ കൃപയ്ക്ക് വേണ്ടി പലരാലും ഞങ്ങൾ നിമിത്തം ദൈവത്തിന് നന്ദി കരേറ്റുവാൻ ഇടവരും.
പൗലോസിന്‍റെ പദ്ധതിയുടെ മാറ്റം
12ലോകത്തിൽ ഞങ്ങളുടെ പെരുമാറ്റം, വിശേഷാൽ നിങ്ങളോട്, മാനുഷികജ്ഞാനത്തിൽ അല്ല, ദൈവകൃപയിൽ തന്നെ, നിർമ്മലതയിലും ദൈവിക പരമാർത്ഥതയിലും ആയിരുന്നു എന്ന ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യമാണ് ഞങ്ങളുടെ അഭിമാനകരമായ പ്രശംസ. 13നിങ്ങൾക്ക് വായിക്കുവാനും ഗ്രഹിക്കുവാനും കഴിയാത്തതൊന്നും ഞങ്ങൾ എഴുതുന്നില്ല; 14നമ്മുടെ കർത്താവായ യേശുവിന്‍റെ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കിയിരിക്കുന്നതുപോലെ, പൂർണ്ണമായി ഗ്രഹിക്കും എന്നു ഞാൻ ഉറച്ചിരിക്കുന്നു.
15അതുകൊണ്ട് ഈ ഉറപ്പിൽ രണ്ടു അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകേണ്ടതിനായി, 16മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും അങ്ങനെ ആ വഴിയായി മക്കെദോന്യയ്ക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്ന് നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്ക് യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു. 17ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാഞ്ചാടുകയായിരുന്നുവോ? അല്ലെങ്കിൽ എന്‍റെ വാക്ക് ഉവ്വ്, ഉവ്വ് എന്നും; ഇല്ല, ഇല്ല എന്നും ആകേണ്ടതിന് എന്‍റെ ഉദ്ദേശ്യം മാനുഷികമായിരുന്നുവോ? 18ദൈവം വിശ്വസ്തനായിരിക്കുന്നതുപോലെ, നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല. 19എന്തെന്നാൽ, ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വ് എന്നു മാത്രമേയുള്ളു. 20ദൈവത്തിന്‍റെ എല്ലാ വാഗ്ദത്തങ്ങളും ക്രിസ്തുവിൽ ഉവ്വ് എന്നത്രേ; അതുകൊണ്ട് ഞങ്ങൾ നിമിത്തം ദൈവത്തിന് മഹത്വം ഉണ്ടാകുമാറ് ക്രിസ്തുവിൽ ആമേൻ എന്നും തന്നെ.
21ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ നിയോഗിച്ചതും ദൈവമല്ലോ. 22അവൻ നമ്മെ മുദ്രയിട്ടും നമ്മുടെ ഉറപ്പിനായി ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
23പക്ഷേ എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ പിന്നെയും കൊരിന്ത്യയിൽ വരാതിരുന്നത് എന്നതിന് ദൈവം സാക്ഷി. 24നിങ്ങളുടെ വിശ്വാസത്തിന്മേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, നിങ്ങളുടെ സന്തോഷത്തിന് ഞങ്ങൾ നിങ്ങളോടുകൂടെ പ്രവർത്തിക്കുന്നവർ എന്നത്രേ; എന്തെന്നാൽ, നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾ ഉറച്ചുനില്ക്കുന്നുവല്ലോ.

Currently Selected:

2 കൊരി. 1: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in