2 ശമു. 17
17
ഹൂശായി അബ്ശാലോമിനെ വഞ്ചിക്കുന്നു
1പിന്നീട് അഹീഥോഫെൽ അബ്ശാലോമിനോട് പറഞ്ഞത്: “ഞാൻ പന്ത്രണ്ടായിരം പേരെ തിരഞ്ഞെടുത്ത്, ഇന്ന് രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ. 2ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ച് ഭയപ്പെടുത്തും; അപ്പോൾ അവനോടുകൂടിയുള്ള ജനമെല്ലാവരും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും. 3പിന്നെ ഞാൻ സകലജനത്തെയും നിന്‍റെ അടുക്കൽ മടക്കിവരുത്തും; നീ കൊല്ലാൻ അന്വേഷിക്കുന്ന മനുഷ്യൻ ഒഴികെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും.” 4ഈ വാക്കു അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാർക്കും വളരെ ബോധിച്ചു.
5എന്നാൽ അബ്ശാലോം: “അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവന്‍റെ അഭിപ്രായവും കേൾക്കാമല്ലോ” എന്നു പറഞ്ഞു. 6ഹൂശായി അബ്ശാലോമിന്‍റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോട്: “അഹീഥോഫെൽ ഞങ്ങൾക്കുതന്ന ഉപദേശം ഇതാണ്; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറയുക” എന്നു പറഞ്ഞു.
7ഹൂശായി അബ്ശാലോമിനോട് പറഞ്ഞത്: “അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നല്ലതല്ല.” 8ഹൂശായി തുടര്‍ന്നു പറഞ്ഞത്: “നിന്‍റെ അപ്പനും അവന്‍റെ ആളുകളും വീരന്മാരും, കാട്ടിൽ കുട്ടികൾ കവർച്ച ചെയ്യപ്പെട്ട അമ്മക്കരടിയെപ്പോലെ കോപാകുലരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്‍റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടി രാത്രിപാർക്കുകയില്ല. 9അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കുകയായിരിക്കും; ആദ്യം തന്നെ ഇവരിൽ ചിലർ പട്ടുപോയാൽ അത് കേൾക്കുന്ന എല്ലാവരും ‘അബ്ശാലോമിന്‍റെ പക്ഷക്കാരിൽ സംഹാരമുണ്ടായി’ എന്നു പറയും. 10അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനുംകൂടെ പൂർണ്ണമായി ഉരുകിപ്പോകും; നിന്‍റെ അപ്പൻ വീരനും അവനോടുകൂടിയുള്ളവർ ശൂരന്മാരും എന്നു എല്ലാ യിസ്രായേലും അറിയുന്നു. 11അതുകൊണ്ട് ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻ മുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്‍റെ അടുക്കൽ ഒന്നിച്ച് കൂടുകയും നീ തന്നെ യുദ്ധത്തിന് പോകുകയും വേണം. 12ദാവീദിനെ കാണുന്ന ഇടത്തുവച്ച് നമ്മൾ അവനെ ആക്രമിച്ച് മഞ്ഞ് നിലത്ത് പൊഴിയുന്നതുപോലെ അവന്‍റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോട് കൂടെയുള്ള എല്ലാവരിലും യാതൊരുത്തൻ പോലും ആകട്ടെ ശേഷിക്കുകയില്ല. 13അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന് കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും ശേഷിക്കാത്തവിധം ആ പട്ടണത്തെ നദിയിൽ വലിച്ചിട്ടുകളയും.”
14അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: “അഹീഥോഫെലിന്‍റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലത്” എന്നു പറഞ്ഞു. അബ്ശാലോമിന് അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്‍റെ നല്ല ആലോചനയെ പരാജയപ്പെടുത്തുവാൻ യഹോവ നിശ്ചയിച്ചിരുന്നു.
15പിന്നീട് ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും: “അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ഇപ്രകാരം ആലോചന പറഞ്ഞു; ഇപ്രകാരമെല്ലാം ഞാനും ആലോചന പറഞ്ഞിരിക്കുന്നു. 16ആകയാൽ നിങ്ങൾ വേഗത്തിൽ ആളയച്ച്: ‘ഈ രാത്രി മരുഭൂമിയിലേക്കുള്ള പ്രവേശനത്തിങ്കൽ താമസിക്കരുത്; രാജാവിനും കൂടെയുള്ള സകലജനത്തിനും നാശം വരാതിരിക്കേണ്ടതിന് ഏത് വിധത്തിലും അക്കരെ കടന്നുപോകണം’ എന്നു ദാവീദിനെ അറിയിക്കുവിൻ” എന്നു പറഞ്ഞു.
17എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്നു സ്വയം പ്രത്യക്ഷരാകാൻ പാടില്ലാതിരുന്നതുകൊണ്ട് ഏൻ-രോഗേലിനരികിൽ കാത്തുനില്ക്കും; ഒരു വേലക്കാരി ചെന്നു അവരെ അറിയിക്കുകയും അവർ ചെന്നു ദാവീദ് രാജാവിനെ അറിയിക്കുകയും ചെയ്യും; 18എന്നാൽ ഒരു ബാലൻ അവരെ കണ്ടിട്ട് അബ്ശാലോമിന് അറിവുകൊടുത്തു. അതുകൊണ്ട് അവർ ഇരുവരും വേഗം പോയി ബഹൂരീമിൽ ഒരു ആളിന്‍റെ വീട്ടിൽ കയറി; അവന്‍റെ മുറ്റത്ത് ഒരു കിണർ ഉണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി. 19ഗൃഹനായിക മൂടുവിരി എടുത്ത് കിണറിന്‍റെ മുകളിൽ വിരിച്ചു അതിൽ ധാന്യം നിരത്തി; ഇങ്ങനെ കാര്യം അറിയുവാൻ ഇടയായില്ല.
20അബ്ശാലോമിന്‍റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നപ്പോൾ അഹീമാസും യോനാഥാനും എവിടെ എന്നു അവർ ചോദിച്ചതിന്: “അവർ അരുവി കടന്നുപോയി” എന്നു സ്ത്രീ പറഞ്ഞു. അവർ അന്വേഷിച്ചിട്ട് കാണായ്കയാൽ യെരൂശലേമിലേക്ക് മടങ്ങിപ്പോയി.
21അവർ പോയശേഷം അവർ കിണറ്റിൽനിന്ന് കയറിച്ചെന്ന് ദാവീദ് രാജാവിനെ അറിയിച്ചു: “നിങ്ങൾ എഴുന്നേറ്റ് വേഗം നദികടന്നു പോകുവിൻ; ഇപ്രകാരമെല്ലാം അഹീഥോഫെൽ നിങ്ങൾക്ക് വിരോധമായി ആലോചന പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. 22ഉടനെ ദാവീദും കൂടെയുള്ള ജനങ്ങളും എഴുന്നേറ്റ് യോർദ്ദാൻ കടന്നു; നേരം പുലരുമ്പോൾ യോർദ്ദാൻ കടക്കാതെ ഒരുവൻപോലും ശേഷിച്ചില്ല.
23എന്നാൽ അഹീഥോഫെൽ തന്‍റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്ത് ജീനിയിട്ടു കയറി തന്‍റെ പട്ടണത്തിൽ വീട്ടിലേക്ക് ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു; അവന്‍റെ അപ്പന്‍റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
24പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനങ്ങളും യോർദ്ദാൻ കടന്നു. 25അബ്ശാലോം യോവാബിന് പകരം അമാസയെ സേനാധിപതി ആക്കി; അമാസ നാഹാശിന്‍റെ മകളും യോവാബിന്‍റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്‍റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിസ്രായേല്യൻ#17:25 യിസ്രായേല്യൻ യിശ്മായേല്യൻ വന്നിട്ട് ഉണ്ടായ മകൻ ആയിരുന്നു. 26എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്ത് പാളയമിറങ്ങി.
27ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്‍റെ മകൻ ശോബി, ലോദെബാരിൽനിന്ന് അമ്മീയേലിന്‍റെ മകൻ മാഖീർ, രോഗെലീമിൽനിന്ന് ഗിലെയാദ്യൻ ബർസില്ലായിയും ദാവീദിനെ സന്ദർശിച്ചു. 28അവർ കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും, ഗോതമ്പ്, യവം, മാവ്, മലർ, അമരക്ക, പയർ, പരിപ്പ്, 29തേൻ, വെണ്ണ, ആട്, പശുവിൻ പാല്‍ക്കട്ട എന്നിവയും ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിക്കുവാൻ കൊണ്ടുവന്നു. “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുന്നുവല്ലോ” എന്നു അവർ പറഞ്ഞു.
Currently Selected:
2 ശമു. 17: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.