2 ശമു. 23
23
ദാവീദിന്‍റെ അന്ത്യവാക്കുകൾ
1ദാവീദിന്‍റെ അന്ത്യവാക്യങ്ങളാണിത്:
“യിശ്ശായിപുത്രൻ ദാവീദ് ചൊല്ലുന്നു;
ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു;
യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ,
യിസ്രായേലിൻ മധുരഗായകൻ തന്നെ.
2യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിക്കുന്നു;
അവിടുത്തെ വചനം എന്‍റെ നാവിന്മേൽ ഇരിക്കുന്നു.
3യിസ്രായേലിന്‍റെ ദൈവം കല്പിച്ചു;
യിസ്രായേലിൻ പാറ എന്നോട് അരുളിച്ചെയ്തു:
‘മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ,
ദൈവഭയത്തോടെ വാഴുന്നവൻ,
4മേഘമില്ലാത്ത പ്രഭാതകാലത്ത്
സുര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ;
മഴയ്ക്കു ശേഷം സൂര്യകാന്തിയാൽ
ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യൻ.’
5ദൈവസന്നിധിയിൽ എന്‍റെ ഗൃഹം അതുപോലെയല്ലയോ?
അവിടുന്ന് എന്നോട് ഒരു ശാശ്വതനിയമം ചെയ്തുവല്ലോ:
അത് എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു.
അവിടുന്ന് എനിക്ക് സകലരക്ഷയും വാഞ്ഛയും വർദ്ധിപ്പിക്കുകയില്ലയോ?
6എന്നാൽ സകലനീചന്മാരും വലിച്ചെറിയപ്പെടുന്ന മുള്ളുപോലെ ആകുന്നു
അവയെ കൈകൊണ്ട് എടുക്കാവതല്ലല്ലോ.
7അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും പിടിച്ചിരിക്കണം;
അവയെ അവ കിടക്കുന്നേടത്തു തന്നെ തീ വെച്ചു ചുട്ടുകളയേണം.”
ദാവീദിന്‍റെ വീരയോദ്ധാക്കൾ
8ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാണിത്: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നെ.
9അവന്‍റെ ശേഷം ഒരു അഹോഹ്യന്‍റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന് കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടി നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. 10അവൻ എഴുന്നേറ്റ് കൈതളർന്ന് വാളോട് പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയ ഒരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്‍റെ അടുക്കൽ മടങ്ങിവന്നുള്ളു.
11അവന്‍റെ ശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ള ഒരു വയലിൽ കവർച്ചക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. 12അവൻ വയലിന്‍റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി. അങ്ങനെ യഹോവ വലിയ ഒരു ജയം നല്കി.
13മുപ്പതു നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്ത് അദുല്ലാംഗുഹയിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫയീം താഴ്വരയിൽ പാളയമിറങ്ങിയിരുന്നു. 14അന്ന് ദാവീദ് കോട്ടയിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് ബേത്‍ലേഹേമിൽ അക്കാലത്ത് ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു.
15“ബേത്ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽ നിന്നു വെള്ളം എനിക്ക് കുടിക്കുവാൻ ആര്‍ കൊണ്ടുവന്നു തരും” എന്നു ദാവീദ് വാഞ്ഛയോടെ പറഞ്ഞു. 16അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്ന് ബേത്ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ അവൻ അത് കുടിക്കുവാൻ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു: 17“യഹോവേ, അവരുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? ഇത് ചെയ്യുവാൻ എനിക്ക് ഇടയാകരുതേ” എന്നു പറഞ്ഞു. അത് കുടിക്കുവാൻ അവന് മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തത്.
18യോവാബിന്‍റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ പ്രധാനി ആയിരുന്നു. അവൻ തന്‍റെ കുന്തം മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂന്നുപേരിൽവച്ച് കീർത്തി പ്രാപിച്ചു. 19ആ മൂന്നുപേരിൽ അബീശായി ആയിരുന്നു മാനം ഏറിയവൻ. അതുകൊണ്ട് അവൻ അവർക്ക് തലവനായിത്തീർന്നു. എങ്കിലും അവൻ ആദ്യത്തെ മൂന്നുപേരോളം വരുകയില്ല.
20കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ സിംഹതുല്യരും അരീയേലിന്‍റെ പുത്രന്മാരുമായ രണ്ടു വീരന്മാരെ കൊന്നതുകൂടാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നു. 21അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്‍റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; എന്നാൽ അവൻ ഒരു വടിയുംകൊണ്ട് അവന്‍റെ അടുക്കൽ ചെന്നു മിസ്രയീമ്യന്‍റെ കയ്യിൽനിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു. 22ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു. 23അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരുകയില്ല. ദാവീദ് അവനെ തന്‍റെ അംഗരക്ഷകരുടെ നായകനാക്കി.
24യോവാബിന്‍റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്-ലേഹേമ്യനായ ദോദോവിന്‍റെ മകൻ എൽഹാനാൻ, 25ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ, പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്‍റെ മകൻ ഈരാ, 26അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ, 27നെത്തോഫാത്യൻ മഹരായി, 28നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്, 29ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി, 30പിരാഥോന്യൻ ബെനായ്യാവ്, 31നഹലേഗാശ് അരുവികളിൽനിന്ന് ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്, 32ശാൽബോന്യൻ എല്യഹ്ബാ, യാശേന്‍റെ പുത്രന്മാർ: 33യോനാഥാൻ, ഹാരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്‍റെ മകൻ അഹീരാം, 34മയഖാത്യന്‍റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗീലോന്യനായ അഹീഥോഫെലിന്‍റെ മകൻ എലീയാം, 35കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി, 36സോബക്കാരനായ നാഥാന്‍റെ മകൻ യിഗാൽ, 37ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്‍റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോയോത്യൻ നഹരായി. 38യിത്രീയൻ ഈരാ, യിത്രിയൻ ഗാരേബ്, 39ഹിത്യൻ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തേഴു പേരുണ്ടായിരുന്നു.
Currently Selected:
2 ശമു. 23: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.