YouVersion Logo
Search Icon

പുറ. 18

18
യിത്രോ മോശെയെ സന്ദർശിക്കുന്നു
1ദൈവം മോശെയ്ക്കും തന്‍റെ ജനമായ യിസ്രായേലിനുംവേണ്ടി ചെയ്ത എല്ലാകാര്യങ്ങളും യഹോവ യിസ്രായേലിനെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനും മോശെയുടെ അമ്മായപ്പനുമായ യിത്രോ കേട്ടു.
2അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ, മോശെ മടക്കി അയച്ചിരുന്ന അവന്‍റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ട് പുറപ്പെട്ടു. 3ഞാൻ അന്യദേശത്ത് പരദേശിയായി എന്നു അവൻ പറഞ്ഞതുകൊണ്ട് അവരിൽ ഒരു മകന് ഗേർശോം#18:3 ഗേർശോംപരദേശി എന്നു പേരിട്ടു. 4എന്‍റെ പിതാവിന്‍റെ ദൈവം എനിക്ക് തുണയായി എന്നെ ഫറവോന്‍റെ വാളിൽനിന്ന് രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ട് രണ്ടാമത്തെ മകന് എലീയേസെർ #18:4 എലീയേസെർ എന്‍റെ ദൈവം സഹായകന്‍എന്നു പേരിട്ടു.
5എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്‍റെ പുത്രന്മാരോടും അവന്‍റെ ഭാര്യയോടുംകൂടി, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ, ദൈവത്തിന്‍റെ പർവ്വതത്തിൽ, അവന്‍റെ അടുക്കൽ വന്നു. 6നിന്‍റെ അമ്മായിയപ്പൻ യിത്രോ എന്ന ഞാനും നിന്‍റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്‍റെ അടുക്കൽ വന്നിരിക്കുന്നു എന്നു അവൻ മോശെയോട് പറയിച്ചു.
7മോശെ തന്‍റെ അമ്മായപ്പനെ എതിരേൽക്കുവാൻ പുറത്തേക്ക് ചെന്നു; അവനെ വണങ്ങി ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു. 8മോശെ തന്‍റെ അമ്മായിയപ്പനോട് യഹോവ യിസ്രായേലിനു വേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതും വഴിയിൽ അവർക്ക് നേരിട്ട പ്രയാസവും യഹോവ അവരെ രക്ഷിച്ചതും വിവരിച്ചു പറഞ്ഞു.
9യഹോവ മിസ്രയീമ്യരുടെ കയ്യിൽനിന്ന് യിസ്രായേലിനെ വിടുവിച്ചതിനാലും അവർക്ക് ചെയ്ത എല്ലാ നന്മകൾ നിമിത്തവും യിത്രോ സന്തോഷിച്ചു. 10യിത്രോ പറഞ്ഞത്: “നിങ്ങളെ മിസ്രയീമ്യരുടെ കയ്യിൽനിന്നും ഫറവോന്‍റെ കയ്യിൽനിന്നും രക്ഷിച്ച് അവരുടെ കൈക്കീഴിൽനിന്ന് ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ. 11യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. കാരണം മിസ്രയീമ്യർ അവരോടു അഹങ്കാരപൂർവ്വം പെരുമാറിയപ്പോൾ അവിടുന്ന് തന്‍റെ ജനത്തെ വിടുവിച്ചു. 12മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിന് ഹോമയാഗവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്ന് മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
13പിറ്റേദിവസം മോശെ ജനത്തിന് ന്യായം വിധിക്കുവാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു. 14അവൻ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: “നീ ജനത്തിന് വേണ്ടി ചെയ്യുന്ന ഈ കാര്യം എന്താണ്? നീ ഏകനും ന്യായാധിപതിയുമായി വിസ്തരിക്കുവാൻ ഇരിക്കുകയും ജനങ്ങൾ രാവിലെ തുടങ്ങി വൈകുന്നേരംവരെ നിന്‍റെ ചുറ്റും നില്‍ക്കുകയും ചെയ്യുന്നത് എന്ത്?“എന്നു അവൻ ചോദിച്ചു.
15മോശെ തന്‍റെ അമ്മായിയപ്പനോട്: “ദൈവത്തോട് ആലോചന ചോദിക്കുവാൻ ജനം എന്‍റെ അടുക്കൽ വരുന്നു. 16അവർക്ക് ഒരു തർക്കം ഉണ്ടാകുമ്പോൾ അവർ എന്‍റെ അടുക്കൽ വരും. അവർ തമ്മിലുള്ള തർക്കം ഞാൻ കേട്ടു വിധിക്കുകയും ദൈവത്തിന്‍റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യും” എന്നു പറഞ്ഞു.
17അതിന് മോശെയുടെ അമ്മായിയപ്പൻ അവനോട് പറഞ്ഞത്: 18“നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അത് നിവർത്തിക്കുവാൻ നിനക്കു കഴിയുന്നതല്ല. 19ആകയാൽ എന്‍റെ വാക്ക് കേൾക്കുക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന് വേണ്ടി ദൈവസന്നിധിയിൽ ഇരിക്കുക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക. 20അവർക്ക് കല്പനകളും പ്രമാണങ്ങളും ഉപദേശിക്കുകയും നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃത്തിയും അവരെ അറിയിക്കുകയും ചെയ്ക. 21അതുകൂടാതെ, ദൈവഭക്തന്മാരും സത്യവാന്മാരും കൈക്കൂലി വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരം (1,000) പേർക്ക് അധിപതിമാരായും, നൂറുപേർക്ക് അധിപതിമാരായും, അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും നിയമിക്കുക. 22അവർ എല്ലാസമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യം അവർ നിന്‍റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം അവർ തന്നെ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും. 23നീ ഈ കാര്യം ചെയ്യുകയും ദൈവം അത് അനുവദിക്കുകയും ചെയ്താൽ നിനക്കു നിലനില്ക്കാം. ഈ ജനങ്ങൾക്കെല്ലാം സമാധാനത്തോടെ അവരുടെ സ്ഥലത്തേക്ക് പോകുകയും ചെയ്യാം.”
24മോശെ തന്‍റെ അമ്മായിയപ്പൻ്റെ വാക്ക് കേട്ടു, അവൻ പറഞ്ഞതുപോലെ എല്ലാം ചെയ്തു. 25മോശെ എല്ലാ യിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ആയിരം (1,000) പേർക്ക് അധിപതിമാരായും നൂറുപേർക്ക് അധിപതിമാരായും അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും ജനത്തിന് തലവന്മാരാക്കി. 26അവർ എല്ലാസമയത്തും ജനത്തിന് ന്യായംവിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം അവർ തന്നെ തീർക്കും.
27അതിന്‍റെശേഷം മോശെ തന്‍റെ അമ്മായപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി.

Currently Selected:

പുറ. 18: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in