YouVersion Logo
Search Icon

പുറ. 20

20
പത്തു കല്പനകൾ
1ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: 2“അടിമകളായി പാര്‍ത്തിരുന്ന മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്‍റെ ദൈവം ആകുന്നു. 3ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്.
4ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളത്തിലോ ഉള്ള യാതൊന്നിൻ്റെയും പ്രതിമയും അരുത്. 5അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിന്‍റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അനീതി കാണിക്കുന്ന പിതാക്കന്മാരുടെ ശിക്ഷ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ നിലനിൽക്കുകയും 6എന്നെ സ്നേഹിച്ച് എന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു.
7നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്#20:7 വൃഥാ എടുക്കരുത് - വെറുതെ ഉപയോഗിക്കരുത്; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
8ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക. 9ആറുദിവസം അദ്ധ്വാനിച്ച് നിന്‍റെ വേല ഒക്കെയും ചെയ്യുക. 10ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്‍റെ മകനും മകളും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. 11ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
12നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.
13കൊല ചെയ്യരുത്.
14വ്യഭിചാരം ചെയ്യരുത്.
15മോഷ്ടിക്കരുത്.
16കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്.
17കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.”
18ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു. 19അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നു പറഞ്ഞു.
20മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു. 21അങ്ങനെ ജനം ദൂരത്ത് നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്‍റെ അടുത്തുചെന്നു.
22അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടുവല്ലോ. 23എന്‍റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്. 24എനിക്ക് മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്‍റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്‍റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കേണം. ഞാൻ എന്‍റെ നാമത്തിന്‍റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്‍റെ അടുക്കൽവന്ന് നിന്നെ അനുഗ്രഹിക്കും. 25കല്ലുകൊണ്ടു എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ടു അത് പണിയരുത്; നിന്‍റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അത് അശുദ്ധമാക്കും. 26എന്‍റെ യാഗപീഠത്തിൽ നിന്‍റെ നഗ്നത കാണാതിരിക്കുവാൻ നീ അതിന്‍റെ പടികളിലൂടെ കയറരുത്.“

Currently Selected:

പുറ. 20: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in