ഉല്പ. 43
43
മിസ്രയീമിലേക്കുള്ള രണ്ടാമത്തെ യാത്ര
1എന്നാൽ ക്ഷാമം കനാനില്‍ കഠിനമായി തീർന്നു. 2അവർ മിസ്രയീമിൽ നിന്നു കൊണ്ടുവന്ന ധാന്യം ഭക്ഷിച്ചു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്: “നിങ്ങൾ ഇനിയും പോയി കുറെ ആഹാരംകൂടി വാങ്ങുവിൻ” എന്നു പറഞ്ഞു.
3അതിന് യെഹൂദാ അപ്പനോട് പറഞ്ഞത് “നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്‍റെ മുഖം കാണുകയില്ല“ എന്നു അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു. 4അപ്പൻ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം; 5അയക്കാതിരുന്നാലോ ഞങ്ങൾ പോകയില്ല. ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്‍റെ മുഖം കാണുകയില്ല’ എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.”
6“നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടെന്ന് നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞ് എനിക്ക് ഈ ദോഷം വരുത്തിയത് എന്തിന്?” എന്നു യിസ്രായേൽ പറഞ്ഞു.
7അതിന് അവർ “‘നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടോ?’ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും നമ്മുടെ കുടുംബത്തെയുംകുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ട് ഞങ്ങൾ ഇതെല്ലാം അറിയിക്കേണ്ടിവന്നു; ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ’ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ” എന്നു പറഞ്ഞു.
8പിന്നെ യെഹൂദാ തന്‍റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത് “ഞങ്ങളും അപ്പനും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങൾ പോകാം. 9ഞാൻ അവനു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്‍റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ അപ്പന്‍റെ അടുക്കൽ കൊണ്ടുവന്ന് അപ്പന്‍റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം. 10ഞങ്ങൾ താമസിക്കാതിരുന്നെങ്കിൽ ഇപ്പോൾ രണ്ടുപ്രാവശ്യം പോയിവരുമായിരുന്നു.”
11അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞത്: “അങ്ങനെയെങ്കിൽ ഇതു ചെയ്യുവിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ചവയ്ക്കുവിൻ. 12ഇരട്ടിപണവും കയ്യിൽ എടുത്തുകൊള്ളുവിൻ; നിങ്ങളുടെ ചാക്കിൻ്റെ വായ്ക്കൽ മടങ്ങിവന്ന പണവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; ഒരുപക്ഷേ അത് നോട്ടപ്പിശകായിരിക്കാം. 13നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്‍റെ അടുക്കൽ വീണ്ടും ചെല്ലുവിൻ. 14അവൻ നിങ്ങളുടെ മറ്റെ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടി അയക്കേണ്ടതിന് സർവ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകണമെങ്കിൽ ആകട്ടെ.”
15അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിപണവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്‍റെ മുമ്പിൽനിന്നു. 16അവരോടുകൂടി ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് തന്‍റെ ഗൃഹവിചാരകനോട്: “നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ട് പോകുക; അവർ ഉച്ചയ്ക്ക് എന്നോടുകൂടി ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊള്ളുക” എന്നു കല്പിച്ചു.
17യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ട് പോയി. 18തങ്ങളെ യോസേഫിന്‍റെ വീട്ടിൽ കൊണ്ടുപോകുകയാൽ അവർ ഭയപ്പെട്ടു: “ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന പണം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത്“ എന്നു പറഞ്ഞു.
19അവർ യോസേഫിന്‍റെ ഗൃഹവിചാരകൻ്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവച്ച് അവനോട് സംസാരിച്ചു: 20“യജമാനനേ, ആഹാരം വാങ്ങുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു. 21ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോൾ ഓരോരുത്തന്‍റെ പണം മുഴുവനും അവനവന്‍റെ ചാക്കിൻ്റെ വായ്ക്കൽ ഉണ്ടായിരുന്നു; അത് ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു. 22ആഹാരം വാങ്ങുവാൻ വേറെ പണവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; പണം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
23അതിന് അവൻ: “നിങ്ങൾക്ക് സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്‍റെ ദൈവം തന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്ക് നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ പണം എനിക്ക് കിട്ടി” എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
24പിന്നെ അവൻ അവരെ യോസേഫിന്‍റെ വീടിനകത്തു കൊണ്ടുപോയി; അവർക്ക് വെള്ളം കൊടുത്തു, അവർ കാൽ കഴുകി; അവരുടെ കഴുതകൾക്ക് അവൻ തീറ്റ കൊടുത്തു. 25ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവർ കാഴ്ച വസ്തുക്കൾ ഒരുക്കിവച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ ആകുന്നു എന്നു അവർ കേട്ടിരുന്നു. 26യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച വസ്തുക്കൾ അകത്തുകൊണ്ടുചെന്ന് അവന്‍റെ മുമ്പാകെവച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു. 27അവൻ അവരോടു ക്ഷേമാന്വേഷണം നടത്തി: “നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ” എന്നു ചോദിച്ചു.
28അതിന് അവർ: “ഞങ്ങളുടെ അപ്പനായ അങ്ങേയുടെ അടിയാനു സുഖം തന്നെ; അവൻ ജീവനോടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
29പിന്നെ യോസേഫ് തല ഉയർത്തി, തന്‍റെ അമ്മയുടെ മകനും തന്‍റെ അനുജനുമായ ബെന്യാമീനെ കണ്ടു: “നിങ്ങൾ എന്നോട് പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ” എന്നു ചോദിച്ചു: “ദൈവം നിനക്കു കൃപ നല്കട്ടെ മകനേ” എന്നു പറഞ്ഞു. 30അനുജനെ കണ്ടിട്ട് യോസേഫിന്‍റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, സ്വകാര്യമുറിയിൽചെന്ന് അവിടെവച്ചു കരഞ്ഞു.
31പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു സ്വയം നിയന്ത്രിച്ച്: “ഭക്ഷണം കൊണ്ടുവരുവിൻ” എന്നു കല്പിച്ചു. 32അവർ യോസേഫിന് പ്രത്യേകവും സഹോദരന്മാർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നുവച്ചു; മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അത് മിസ്രയീമ്യർക്കു വെറുപ്പാകുന്നു. 33മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്‍റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു. 34അവൻ തന്‍റെ മുമ്പിൽനിന്ന് അവർക്ക് ഓഹരി കൊടുത്തയച്ചു; ബെന്യാമീന്‍റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്ത് അവനോടുകൂടെ ആഹ്ളാദിച്ചു.
Currently Selected:
ഉല്പ. 43: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.