യെശ. 42
42
യഹോവയുടെ ദാസൻ
1“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ;
എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ#42:1 വൃതൻ തിരഞ്ഞെടുക്കപ്പെട്ടവൻ എന്നു മറ്റ് ഭാഷാന്തരത്തിൽ കാണാം. ;
ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു;
അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും.
2അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല,
തെരുവീഥിയിൽ തന്‍റെ ശബ്ദം കേൾപ്പിക്കുകയുമില്ല.
3ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല;
പുകയുന്ന തിരി കെടുത്തികളയുകയില്ല;
അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.
4ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല;
അധൈര്യപ്പെടുകയുമില്ല;
അവന്‍റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.”
5ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും
ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും
അതിലെ ജനത്തിനു ശ്വാസത്തെയും
അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത
യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
6“കുരുട്ടുകണ്ണുകളെ തുറക്കുവാനും
തടവുകാരെ തടവറയിൽനിന്നും
അന്ധകാരത്തിൽ ഇരിക്കുന്നവരെ
കാരാഗൃഹത്തിൽനിന്നും വിടുവിക്കുവാനും
7യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു;
ഞാൻ നിന്‍റെ കൈ പിടിച്ചു നിന്നെ കാക്കും;
നിന്നെ ജനത്തിന്‍റെ നിയമവും
ജനതകളുടെ പ്രകാശവും ആക്കും.
8ഞാൻ യഹോവ; അത് തന്നെ എന്‍റെ നാമം;
ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനും
എന്‍റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല.
9പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു;
ഞാൻ പുതിയത് അറിയിക്കുന്നു;
അത് ഉത്ഭവിക്കും മുമ്പ് ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.”
യഹോവയ്ക്ക് ഒരു സ്തോത്രഗീതം
10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും
അവയിലെ നിവാസികളും ആയുള്ളവരേ,
യഹോവയ്ക്ക് ഒരു പുതിയ പാട്ടും
ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ.
11മരുഭൂമിയും അതിലെ പട്ടണങ്ങളും ശബ്ദം ഉയർത്തട്ടെ;
കേദാർ പാർക്കുന്ന ഗ്രാമങ്ങളും;
ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയും
മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ.
12അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത്
അവന്‍റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ.
13യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും;
ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും;
അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും;
തന്‍റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും.
ദൈവത്തിന്‍റെ വാഗ്ദാനം
14ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു;
ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു;
ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ
ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കുകയും ചെയ്യുന്നു.
15ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി
അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും;
ഞാൻ നദികളെ ദ്വീപുകളാക്കും;
പൊയ്കകളെ വറ്റിച്ചുകളയും.
16ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും;
അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും;
ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും
ദുർഘടങ്ങളെ സമഭൂമിയും ആക്കും;
ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും#42:16 ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും ഈ കാര്യങ്ങൾ ഞാൻ അവർക്കുവേണ്ടി ചെയ്യും; അവരെ ഉപേക്ഷിക്കുകയുമില്ല. എന്നുമാകാം. .
17വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്:
‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർ
പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും.
യിസ്രായേലിന്‍റെ അന്ധത
18“ചെകിടന്മാരേ, കേൾക്കുവിൻ;
കുരുടന്മാരേ, നോക്കിക്കാണുവിൻ!
19എന്‍റെ ദാസനല്ലാതെ കുരുടൻ ആര്‍?
ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആര്‍?
എന്‍റെ പ്രിയനെപ്പോലെ കുരുടനും
യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആര്‍?
20പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല#42:20 സൂക്ഷിക്കുന്നില്ല നിരീക്ഷിക്കുന്നില്ല എന്നു മറ്റ് ഭാഷന്തരത്തിൽ കാണാം. ;
ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.”
21യഹോവ തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി
മഹത്ത്വീകരിക്കുവാൻ പ്രസാദിച്ചിരിക്കുന്നു.
22എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു;
അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും
കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു;
അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല;
അവർ കൊള്ളയായിപ്പോയി,
“മടക്കിത്തരുക” എന്നു ആരും പറയുന്നതുമില്ല.
23നിങ്ങളിൽ ആര്‍ അതിന് ചെവികൊടുക്കും?
ഭാവികാലത്തേക്ക് ആര്‍ ശ്രദ്ധിച്ചു കേൾക്കും?
24യാക്കോബിനെ കൊള്ളയായും
യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആര്‍?
യഹോവ തന്നെയല്ലോ; അവനോട് നാം പാപം ചെയ്തുപോയി
അവന്‍റെ വഴികളിൽ നടക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു;
അവന്‍റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല.
25അതുകൊണ്ട് അവൻ തന്‍റെ ഉഗ്രകോപവും
യുദ്ധകാഠിന്യവും അവരുടെ മേൽ പകർന്നു;
അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല;
അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.
Currently Selected:
യെശ. 42: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.