ലൂക്കൊ. 18
18
വിധവയും ന്യായാധിപനും
1മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം എന്നതിന് യേശു അവരോട് ഒരു ഉപമ പറഞ്ഞത്: 2ദൈവത്തെ ഭയവും മനുഷ്യനെ ബഹുമാനവുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. 3ആ പട്ടണത്തിൽ ഒരു വിധവയും#18:3 ഭർത്താവ് മരിച്ചുപോയി സ്ത്രീ ഉണ്ടായിരുന്നു. അവൾ ന്യായാധിപന്‍റെ അടുക്കൽ ചെന്നു: എന്‍റെ എതിരാളിയിൽനിന്ന് നീതി ലഭിക്കുവാൻ എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു.
4 അവനു കുറെ സമയത്തേക്ക് അവളെ സഹായിക്കുവാൻ മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്ക് ദൈവത്തെ ഭയവും മനുഷ്യനെ പേടിയുമില്ല 5എങ്കിലും വിധവ എന്നെ അസഹ്യപ്പെടുത്തുന്നതുകൊണ്ട് അവൾക്ക് നീതി ലഭിക്കാൻ സഹായിക്കും; അല്ലെങ്കിൽ അവൾ വീണ്ടും വന്നു എന്നെ ശല്യപ്പെടുത്തും എന്നു ഉള്ളുകൊണ്ട് പറഞ്ഞു.
6കർത്താവ് തുടർന്ന് ശിഷ്യന്മാരോട് :അനീതിയുള്ള ന്യായാധിപൻ പറഞ്ഞത് എന്തെന്ന് ശ്രദ്ധിക്കുക. 7ആകയാൽ ദൈവം രാവും പകലും തന്നോട് നിലവിളിക്കുന്ന തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളോട് ദീർഘക്ഷമ കാണിക്കുകയും നീതി നടത്തി കൊടുക്കുകയും ചെയ്യും; 8ദൈവം അവർക്ക് വേഗത്തിൽ നീതി നടത്തി കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു പറഞ്ഞു.
ചുങ്കക്കാരനും പരീശനും
9തങ്ങൾ നീതിമാന്മാർ എന്നു വിശ്വസിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്ന ചിലരെക്കുറിച്ച് അവൻ ഇപ്രകാരം ഒരു ഉപമ പറഞ്ഞു: 10രണ്ടു മനുഷ്യർ പ്രാർത്ഥിക്കുവാൻ ദൈവാലയത്തിൽ പോയി; ഒരാൾ പരീശൻ, മറ്റെയാൾ ചുങ്കക്കാരൻ. 11പരീശൻ നിന്നുകൊണ്ടു തന്നോട് തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ തുടങ്ങിയ മറ്റ് മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ല. അതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. 12ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു; ലഭിക്കുന്നതിൽ ഒക്കെയും ദശാംശം#18:12 പത്തിൽ ഒരംശം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
13 ചുങ്കക്കാരനോ ദൂരത്ത് നിന്നുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കുവാൻപോലും ശ്രമിക്കാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. 14അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
യേശുവും ശിശുക്കളും
15ഒരിക്കൽ ചിലർ യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ശിശുക്കളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അത് കണ്ടു അവരെ ശാസിച്ചു. 16എന്നാൽ യേശു ശിശുക്കളെ തന്‍റെ അരികത്ത് വിളിച്ചു: പൈതങ്ങളെ എന്‍റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു. 17ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ധനവാനായ പ്രമാണി
18ഒരു പ്രമാണി അവനോട്: ”നല്ല ഗുരോ, നിത്യജീവൻ ലഭിക്കേണ്ടതിനു ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു.
19അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം അല്ലാതെ നല്ലവൻ മറ്റാരും ഇല്ല. വ്യഭിചാരം ചെയ്യരുത്; 20കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസാക്ഷ്യം പറയരുത്; നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
21”ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ പാലിക്കുന്നുണ്ട്” എന്നു അവൻ പറഞ്ഞു.
22ഇതു കേട്ടിട്ടു യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നീട് വന്നു എന്നെ അനുഗമിക്കഎന്നു പറഞ്ഞു.
23എന്നാൽ അവൻ ധനവാനായത് കൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു. 24യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! 25ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ#18:25 സൂചിയിലൂടെ നൂൽ കോർക്കുന്ന ചെറിയ ദ്വാരം കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു.
26ഇതു കേട്ടവർ: ”എന്നാൽ രക്ഷപെടുവാൻ ആർക്ക് കഴിയും?” എന്നു പറഞ്ഞു.
27അതിന് അവൻ: മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.
28”ഇതാ, ഞങ്ങൾ സ്വന്തമായത് വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പത്രൊസ് പറഞ്ഞു.
29യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളയുന്നവർക്ക് 30ഈ കാലത്തിൽ തന്നെ പല മടങ്ങായും, വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
31അനന്തരം അവൻ തന്‍റെ പന്ത്രണ്ടു ശിഷ്യരെയും കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും. 32അവനെ ജനതകൾക്ക് ഏല്പിച്ചുകൊടുക്കുകയും അവർ അവനെ പരിഹസിച്ചു അപമാനിച്ചു തുപ്പി തല്ലീട്ട് കൊല്ലുകയും 33മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു.
34അവർക്ക് ഇതു ഒന്നും മനസ്സിലായില്ല; ഈ പറഞ്ഞത് അവർക്ക് വ്യക്തമാകാതിരിക്കാനായി ദൈവം അവർക്ക് അത് മറച്ച് വെച്ചിരുന്നു.
കുരുടനു കാഴ്ച നല്കുന്നു
35അവൻ യെരീഹോവിന് അടുത്തപ്പോൾ വഴിയരികെ ഒരു കുരുടൻ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നിരുന്നു. 36പുരുഷാരം കടന്നുപോകുന്ന ശബ്ദം കേട്ടു: ഇതെന്താണ് എന്നു അവൻ ചോദിച്ചു. 37നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോട് അറിയിച്ചു. 38അപ്പോൾ അവൻ: ”യേശുവേ, ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു.
39ആൾക്കൂട്ടത്തിൻ്റെ മുന്നിൽ നടക്കുന്നവർ അവനെ മിണ്ടാതിരിക്കുവാൻ ശാസിച്ചു; അവനോ: ”ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു.
40യേശു അവിടെനിന്നു, അവനെ തന്‍റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു. 41അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്കു എന്ത് ചെയ്യേണം? എന്നു ചോദിച്ചു.
”കർത്താവേ, എനിക്ക് കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു.
42യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു. 43പെട്ടെന്ന് തന്നെ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം ഇതു കണ്ടിട്ട് ദൈവത്തിന് പുകഴ്ച കൊടുത്തു.
Currently Selected:
ലൂക്കൊ. 18: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.