ലൂക്കൊ. 6
6
ശബ്ബത്തിന്‍റെ കർത്താവ്
1ഒരു ശബ്ബത്തിൽ യേശു വിളഭൂമിയിൽ#6:1 ഗോതമ്പ് പാകിയിരിക്കുന്ന വലിയ കൃഷിസ്ഥലം കൂടി കടന്നുപോകുമ്പോൾ അവന്‍റെ ശിഷ്യന്മാർ കതിർ#6:1 ഗോതമ്പ് ചെടിയുടെ ഗോതമ്പ് ഉണ്ടാകുന്ന ഏറ്റവും മുകളിലുള്ള ഭാഗം. പറിച്ചു കൈകൊണ്ട് തിരുമ്മിത്തിന്നു. 2പരീശരിൽ ചിലർ “ശബ്ബത്തിൽ അനുവദിക്കാത്തത് എന്തിനാണ് നിങ്ങൾ ചെയ്തത്?” എന്നു ചോദിച്ചു.
3യേശു അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ എന്താണ് ചെയ്തത്? അവൻ ദൈവാലയത്തിൽ ചെന്നു 4പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്ക് കൊടുക്കുകയും ചെയ്തു എന്നുള്ളത് നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു. 5മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നും അവരോട് പറഞ്ഞു.
6മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. 7ശാസ്ത്രികളും പരീശരും അവനിൽ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം അന്വേഷിക്കുകയായിരുന്നു. അവൻ ശബ്ബത്തിൽ ആ മനുഷ്യനെ സൌഖ്യമാക്കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. 8അവരുടെ വിചാരം മനസ്സിലാക്കിയിട്ട് അവൻ ശോഷിച്ച കയ്യുള്ള മനുഷ്യനോടു: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു;
9അവൻ എഴുന്നേറ്റ് നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മചെയ്കയോ ജീവനെ രക്ഷിയ്ക്കുകയോ നശിപ്പിക്കയോ ചെയ്യുന്നത് നിയമാനുസൃതമോ? എന്നു ചോദിച്ചു.
10അവരെ എല്ലാം ചുറ്റും നോക്കീട്ട് ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്‍റെ കൈ സുഖമായി. 11അവർക്ക് കഠിനമായ ദേഷ്യം തോന്നി. യേശുവിനെ എന്ത് ചെയ്യേണം എന്നു തമ്മിൽതമ്മിൽ ആലോചിച്ചു.
12മറ്റൊരു ദിവസം അവൻ പ്രാർത്ഥിക്കുവാനായി ഒരു മലയിൽ ചെന്നു. അവൻ ദൈവത്തോട് രാത്രി മുഴുവൻ പ്രാർത്ഥിച്ചു. 13രാവിലെ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർവിളിച്ചു. 14അവരുടെ പേരുകൾ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്‍റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, 15മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, 16യാക്കോബിന്‍റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർ തന്നെ.
17അവൻ അവരോട് കൂടെ മലയിൽനിന്നു താഴെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്‍റെ ശിഷ്യന്മാരുടെ കൂട്ടവും, യെഹൂദ്യയിൽ എല്ലായിടത്തുനിന്നും, യെരൂശലേമിൽ നിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും, അവന്‍റെ വചനം കേൾക്കുവാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു. 18അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു. 19അവനിൽ നിന്നു ശക്തി പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ട് പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
20അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്:
ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ;
ദൈവരാജ്യം നിങ്ങൾക്കുള്ളത്.
21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ;
നിങ്ങൾക്ക് തൃപ്തിവരും;
ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ;
നിങ്ങൾ ചിരിക്കും.
22 മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ച് കൂട്ടത്തിൽനിന്ന് പുറന്തള്ളുകയും നിന്ദിക്കുകയും നിങ്ങൾ ദുഷ്ടർ എന്നു പറഞ്ഞ് നിങ്ങളെ തള്ളുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
23 ആ നാളിൽ സന്തോഷിക്കുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെ തന്നെ ചെയ്തുവല്ലോ.
24 എന്നാൽ സമ്പന്നരായ നിങ്ങൾക്ക് അയ്യോ കഷ്ടം;
നിങ്ങളുടെ ആശ്വാസം നിങ്ങൾക്ക് നേരത്തേ ലഭിച്ചുപോയല്ലോ.
25 ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം;
നിങ്ങൾക്ക് വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം;
നിങ്ങൾ ദുഃഖിച്ചു കരയും.
26 സകലമനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം;
അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
27 എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ സ്നേഹിക്കാതിരിക്കുന്നവർക്കു ഗുണം ചെയ്‌വിൻ. 28നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; നിങ്ങളെ ദുഷിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. 29നിന്നെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേതും കാണിച്ചു കൊടുക്കുക; നിന്‍റെ പുതപ്പ് എടുത്തുകളയുന്നവന് നിന്‍റെ ഉടുപ്പും എടുത്തുകളയുവാൻ അനുവദിക്കുക. 30നിന്നോട് ചോദിക്കുന്ന എല്ലാവർക്കും കൊടുക്ക; നിനക്കു അവകാശമുള്ള എന്തെങ്കിലും എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്. 31മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നെ അവർക്കും ചെയ്‌വിൻ.
32 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ. 33നിങ്ങൾക്ക് നന്മചെയ്യുന്നവർക്ക് നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും അങ്ങനെ തന്നെ ചെയ്യുന്നുവല്ലോ. 34നിങ്ങൾക്ക് തിരിച്ചു നൽകും എന്നു പ്രതീക്ഷിക്കുന്നവർക്ക് കടം കൊടുത്താൽ നിങ്ങൾക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന് പാപികൾക്ക് കടം കൊടുക്കുന്നുവല്ലോ. 35നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്ക് നന്മ ചെയ്‌വിൻ; ഒന്നും പകരം ആഗ്രഹിക്കാതെ കടം കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് വളരെ പ്രതിഫലം ലഭിക്കും; നിങ്ങൾ അത്യുന്നതന്‍റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ കാണിക്കുന്നു. 36അങ്ങനെ നിങ്ങളുടെ പിതാവ് കരുണയുള്ളവൻ ആകുന്നതുപോലെ നിങ്ങളും കരുണയുള്ളവർ ആകുവിൻ.
37 ആരെയും വിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല; ആർക്കും ശിക്ഷ വിധിക്കരുത്; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; എല്ലാവരോടും ക്ഷമിക്കുവിൻ; എന്നാൽ ദൈവം നിങ്ങളോടും ക്ഷമിയ്ക്കും. 38കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.
39അവൻ ഒരുപമയും അവരോട് പറഞ്ഞു: ഒരു കുരുടന് മറ്റൊരു കുരുടനെ വഴി കാണിച്ചുകൊടുക്കുവാൻ കഴിയുമോ? രണ്ടുപേരും കുഴിയിൽ വീഴും. ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല, 40എന്നാൽ അഭ്യസനം പൂർത്തിയാക്കിയവൻ എല്ലാം ഗുരുവിനെപ്പോലെ ആകും. 41എന്നാൽ നീ സഹോദരന്‍റെ കണ്ണിലെ കരട് കാണുകയും സ്വന്തകണ്ണിലെ കോൽ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്? 42അല്ലെങ്കിൽ, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നിൽക്ക; നിന്‍റെ കണ്ണിലെ കരട് എടുത്തുകളയട്ടെ എന്നു സഹോദരനോട് പറയുവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിലെ കോൽ എടുത്തുകളയുക; എന്നാൽ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയുവാൻ വ്യക്തമായി കാണുമല്ലോ.
43 ചീത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ചീത്ത വൃക്ഷവുമില്ല. 44ഏത് വൃക്ഷത്തെയും ഫലംകൊണ്ട് അറിയാം. ആർക്കും മുള്ളിൽനിന്ന് അത്തിപ്പഴം ശേഖരിക്കുവാനും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങ പറിക്കുവാനും സാധിക്കുകയില്ല. 45നല്ലമനുഷ്യൻ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിന്നു നിറഞ്ഞു കവിയുന്നതാണല്ലോ നാം സംസാരിക്കുന്നത്.
46 നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കുകയും ഞാൻ പറയുന്നത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്? 47എന്‍റെ അടുക്കൽ വന്നു എന്‍റെ വചനം കേട്ടു അനുസരിക്കുന്നവൻ എല്ലാം ആരോടാണ് തുല്യൻ എന്നു ഞാൻ പറഞ്ഞുതരാം. 48ആഴത്തിൽക്കുഴിച്ച് പാറമേൽ അടിസ്ഥാനം ഇട്ടു വീട് പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീടിനോട് അടിച്ചു; എന്നാൽ അത് നല്ലവണ്ണം പണിതിരിക്കുന്നതുകൊണ്ട് ഇളകിപ്പോയില്ല. 49എന്‍റെ വചനം കേട്ടിട്ടു അനുസരിക്കാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീട് പണിത മനുഷ്യനോടു തുല്യൻ. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീടിന്‍റെ വീഴ്ച പൂർണ്ണവുമായിരുന്നു.
Currently Selected:
ലൂക്കൊ. 6: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.