സദൃ. 1
1
1യിസ്രായേൽ രാജാവായിരുന്ന ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.
ആമുഖം
2ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും
വിവേകവചനങ്ങളെ ഗ്രഹിക്കുവാനും
3പരിജ്ഞാനം, നീതി, ന്യായം, സത്യം
എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും
4അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും
ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും
5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും,
ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും
6സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും
ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു.
7യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം
8മകനേ, അപ്പന്റെ പ്രബോധനം കേൾക്കുക;
അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്;
9അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും
നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും.
10മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ
അവർക്ക് വഴങ്ങരുത്.
11“ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക;
നിർദ്ദോഷിയെ കാരണംകൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക.
12പാതാളംപോലെ അവരെ ജീവനോടെയും
കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക.
13നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും;
നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം.
14നിനക്കു ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും;
നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ,
15മകനേ, നീ അവരുടെ വഴിക്ക് പോകരുത്;
നിന്റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.
16അവരുടെ കാൽ ദോഷം ചെയ്യുവാൻ ഓടുന്നു;
രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു.
17പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ.
18അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു;
സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
19ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ;
അത് അവരുടെ ജീവനെ എടുത്തുകളയുന്നു.
ജ്ഞാനത്തിന്റെ ആഹ്വാനം
20ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു;
അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു.
21അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു;
നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:
22“ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും
പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും
ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം?
23എന്റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ;
ഞാൻ എന്റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും;
എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
24”ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും
ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും
25നിങ്ങൾ എന്റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും
എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്
26ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും;
നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും.
27നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും
നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ,
കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നെ.
28”അപ്പോൾ അവർ എന്നെ വിളിക്കും;
ഞാൻ ഉത്തരം പറയുകയില്ല.
എന്നെ ജാഗ്രതയോടെ അന്വേഷിക്കും;
കണ്ടെത്തുകയുമില്ല.
29അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ;
യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
30അവർ എന്റെ ആലോചന അനുസരിക്കാതെ
എന്റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട്
31അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും
അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും.
32ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും;
ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും.
33എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും
ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും.”
Currently Selected:
സദൃ. 1: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.