YouVersion Logo
Search Icon

1 കൊരിന്ത്യർ 16

16
ജെറുശലേമിലുള്ള വിശ്വാസികൾക്കുവേണ്ടി ധനശേഖരണം
1ദൈവജനത്തിനു വേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി: ഗലാത്യസഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക. 2ഓരോ ആഴ്ചയുടെയും ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും അവരവരുടെ വരുമാനം അനുസരിച്ചുള്ള ഒരു തുക മാറ്റിവെക്കണം. അങ്ങനെചെയ്താൽ, ഞാൻ വന്നതിനുശേഷം ധനശേഖരണം നടത്തേണ്ടിവരികയില്ലല്ലോ. 3നിങ്ങളുടെ സംഭാവന ജെറുശലേമിലേക്കു കൊണ്ടുപോകാൻ ഞാൻ വന്നശേഷം നിങ്ങൾക്കു സമ്മതരായവരെ ശുപാർശക്കത്തുകളുമായി അയയ്ക്കാം. 4ഞാനും പോകുന്നതു നല്ലതെന്നു തോന്നിയാൽ അവർക്ക് എന്നോടുകൂടെ പോരാം.
വ്യക്തിപരമായ അപേക്ഷകൾ
5ഞാൻ മക്കദോന്യയിൽക്കൂടി യാത്രചെയ്ത് നിങ്ങളുടെ അടുത്തെത്തും—അതുവഴിയാണു ഞാൻ വരുന്നത്. 6ഒരുപക്ഷേ ഞാൻ കുറച്ചുകാലം നിങ്ങളോടുകൂടെ താമസിച്ചേക്കും, ശീതകാലം മുഴുവൻ അവിടെ ചെലവഴിച്ചെന്നും വരാം, അപ്പോൾ എന്റെ തുടർന്നുള്ള യാത്രയ്ക്കു വേണ്ടുന്ന സഹായം ചെയ്തുതരാൻ നിങ്ങൾക്കു കഴിയുമല്ലോ. 7ഇപ്പോൾ നിങ്ങളെ സന്ദർശിച്ചിട്ടു പെട്ടെന്നു മടങ്ങാനല്ല ഞാൻ ആഗ്രഹിക്കുന്നത്; കർത്താവ് അനുവദിച്ചാൽ കുറച്ചുകാലം നിങ്ങളോടൊപ്പം താമസിക്കാൻ ഞാൻ ആശിക്കുന്നു. 8എന്നാൽ പെന്തക്കൊസ്തുവരെ#16:8 പെസഹാപ്പെരുന്നാളിന് അതായത്, യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന് അൻപതാമത്തെ ദിവസമാണ് പെന്തക്കൊസ്ത് എന്ന ഉത്സവം. ഞാൻ എഫേസോസിൽ താമസിക്കും. 9കാരണം, ഫലപ്രദമായ വേലയ്ക്കുവേണ്ടി വലിയൊരു വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു; എന്നെ എതിർക്കുന്നവരും പലരുണ്ട്.
10തിമോത്തിയോസ് വരുമ്പോൾ, ഭയലേശമെന്യെ അദ്ദേഹത്തിന് നിങ്ങളോടുകൂടെ വസിക്കാൻ നിങ്ങൾ സാഹചര്യമൊരുക്കണം. അദ്ദേഹം എന്നെപ്പോലെതന്നെ കർത്താവിന്റെ വേല ചെയ്യുകയാണല്ലോ. 11ആരും അദ്ദേഹത്തോട് അനാദരവ് കാണിക്കരുത്. എന്റെ അടുക്കൽ മടങ്ങിയെത്തേണ്ടതിന് അദ്ദേഹത്തെ സമാധാനത്തോടെ യാത്രയയയ്ക്കണം. ഞാനും സഹോദരന്മാരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്.
12നമ്മുടെ സഹോദരനായ അപ്പൊല്ലോസിന്റെ കാര്യം: സഹോദരരോടുകൂടെ നിങ്ങളുടെ അടുത്തേക്കു വരാൻ ഞാൻ അദ്ദേഹത്തെ നിർബന്ധിച്ചു, എന്നാൽ ഉടനെ വരാൻ അദ്ദേഹത്തിനു തീരെ താത്പര്യമില്ല, അവസരം ലഭിക്കുമ്പോൾ അദ്ദേഹം വരും.
13ജാഗ്രതയോടിരിക്കുക, വിശ്വാസത്തിൽ സുസ്ഥിരരായിരിക്കുക, ധൈര്യമുള്ളവരായിരിക്കുക, ശക്തരായിരിക്കുക. 14നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ആകട്ടെ.
15സഹോദരങ്ങളേ, അഖായയിൽ ആദ്യം വിശ്വസിച്ചത്#16:15 മൂ. ഭാ. ആദ്യഫലം സ്തെഫാനൊസിന്റെ കുടുംബമാണെന്നു നിങ്ങൾക്കറിയാമല്ലോ; വിശ്വാസികളുടെ ശുശ്രൂഷയ്ക്കായി അവർ സ്വയം സമർപ്പിച്ചിരിക്കുകയാണ്. 16അങ്ങനെയുള്ളവർക്കും, ഈ ശുശ്രൂഷയിൽ അവരോടൊപ്പം അധ്വാനിക്കുന്നവർക്കും നിങ്ങൾ വിധേയരായിരിക്കണമെന്നു ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. 17സ്തെഫാനൊസും ഫൊർത്തുനാതൊസും അഖായിക്കോസും വന്നപ്പോൾ ഞാൻ ആനന്ദിച്ചു; കാരണം നിങ്ങളുടെ അഭാവം അവർ നികത്തി. 18അവർ എന്റെയും നിങ്ങളുടെയും ആത്മാവിനു നവോന്മേഷം നൽകിയിരിക്കുന്നു. ഇങ്ങനെയുള്ളവരെ ആദരിക്കുക.
അഭിവാദനം
19ഏഷ്യാപ്രവിശ്യയിലെ#16:19 ആധുനിക തുർക്കിയുടെ പശ്ചിമഭാഗത്തുള്ള ചില പട്ടണങ്ങൾ ഉൾപ്പെടുന്നതാണ് പുരാതന റോമൻ സാമ്രാജ്യത്തിലെ ഏഷ്യാപ്രവിശ്യ അഥവാ, സംസ്ഥാനം സഭകൾ നിങ്ങളെ അഭിവാദനംചെയ്യുന്നു.
അക്വിലാസും പ്രിസ്കില്ലയും അവരുടെ ഭവനത്തിൽ കൂടിവരുന്ന സഭയും കർത്താവിൽ നിങ്ങളെ ഹൃദയപൂർവം അഭിവാദനംചെയ്യുന്നു.
20എല്ലാ സഹോദരങ്ങളും അഭിവാദനംചെയ്യുന്നു.
വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനംചെയ്യുക.
21പൗലോസ് എന്ന ഞാൻ, സ്വന്തം കൈയാൽ ഈ വന്ദനം എഴുതുന്നു.
22കർത്താവിനെ സ്നേഹിക്കാത്ത ഏവരും ശാപഗ്രസ്തർ! കർത്താവേ, വരണമേ!
23കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടാകുമാറാകട്ടെ.
24നിങ്ങൾക്ക് എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം, ആമേൻ.#16:24 ചി.കൈ.പ്ര. ആമേൻ എന്ന പദമില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in