2 കൊരിന്ത്യർ 4
4
മൺപാത്രങ്ങളിലെ നിക്ഷേപം
1ഞങ്ങൾക്ക് ഈ ആത്മികശുശ്രൂഷ ലഭിച്ചിരിക്കുന്നത് ദൈവത്തിന്റെ കരുണയാൽ ആയതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടുന്നതേയില്ല. 2ഞങ്ങൾ ലജ്ജാകരമായ രഹസ്യപ്രവൃത്തികളും വഞ്ചനയും പ്രയോഗിക്കുന്നില്ല. ദൈവവചനം വികലമായി വ്യാഖ്യാനിക്കുന്നതുമില്ല. മറിച്ച്, അതിലെ സത്യം വ്യക്തമാക്കിക്കൊണ്ട് എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കുമുമ്പാകെ സ്വീകാര്യമാകേണ്ടതിന് ഞങ്ങൾ ഞങ്ങളെത്തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. 3ഞങ്ങൾ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ അത് നശിച്ചുകൊണ്ടിരിക്കുന്നവർക്കു മാത്രമാണ്. 4അവിശ്വാസികളായ അവരുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവമായ പിശാച് അന്ധമാക്കിയിരിക്കുന്നു; അത് ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനാണ്. 5ഞങ്ങളുടെ പ്രസംഗം ഞങ്ങളെക്കുറിച്ചല്ല; പിന്നെയോ, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. ഞങ്ങൾ യേശുവിനുവേണ്ടി നിങ്ങളുടെ ദാസന്മാർമാത്രമാണ്. 6“ഇരുളിൽനിന്ന് പ്രകാശം ഉദിക്കട്ടെ”#4:6 ഉൽ. 1:3 എന്നു കൽപ്പിച്ച ദൈവംതന്നെയാണ് യേശുക്രിസ്തുവിന്റെ മുഖത്ത് തിളങ്ങിയ ദൈവതേജസ്സ് ഗ്രഹിക്കാനുള്ള പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നത്.
7എന്നാൽ, സർവോന്നതമായ ഈ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതുതന്നെ എന്നുവരേണ്ടതിന് മൺപാത്രങ്ങളായിരിക്കുന്ന ഞങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 8ഞങ്ങൾ സകലവിധത്തിലും കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പാടേ തകർന്നുപോകുന്നില്ല. ആകാംക്ഷാഭരിതരെങ്കിലും നിരാശപ്പെടുന്നില്ല. 9പീഡിതരെങ്കിലും പരിത്യക്തരല്ല; അടിയേറ്റുവീഴുന്നവരെങ്കിലും നശിച്ചുപോകുന്നില്ല. 10യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരങ്ങളിൽ പ്രകടമാകാൻ ഞങ്ങൾ എപ്പോഴും യേശുവിന്റെ മരണം ഞങ്ങളുടെ ശരീരങ്ങളിൽ വഹിക്കുന്നു. 11അതായത്, ഞങ്ങൾ ജീവനോടിരിക്കുമ്പോൾത്തന്നെ യേശുവിന്റെ ജീവൻ ഞങ്ങളുടെ മർത്യശരീരങ്ങളിൽ പ്രകടമാകേണ്ടതിന്, ഞങ്ങൾ യേശുനിമിത്തം ദാസന്മാർ എന്നതിനാൽ മരണത്തിന് എപ്പോഴും ഏൽപ്പിക്കപ്പെടുന്നു. 12അങ്ങനെ ഞങ്ങൾ നിരന്തരം അഭിമുഖീകരിക്കുന്നത് മരണം; എന്നാൽ അതുമൂലം നിങ്ങൾ നേടുന്നത് നിത്യജീവൻ.
13“ഞാൻ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ സംസാരിച്ചു”#4:13 സങ്കീ. 116:10 എന്ന് എഴുതിയിരിക്കുന്നു:#4:13 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ അതേ ആത്മാവിനാൽ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയുംചെയ്യുന്നു. 14കാരണം, കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ജീവിപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ജീവിപ്പിച്ച് നിങ്ങളോടൊപ്പം തന്റെ സന്നിധിയിൽ നിർത്തുമെന്നു ഞങ്ങൾ അറിയുന്നു. 15ഇതെല്ലാം നിങ്ങളുടെ പ്രയോജനത്തിനായിത്തന്നെയാണല്ലോ; ഇതിനാൽ അധികമധികം ആളുകൾക്കു കൃപ ലഭിക്കാനും അതുനിമിത്തം ദൈവമഹത്ത്വത്തിനായി അവരിൽനിന്ന് സ്തുതിസ്തോത്രങ്ങൾ നിറഞ്ഞുകവിയാനും ഇടയാകുമല്ലോ.
16അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു. 17ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകൾ, അത്യന്തം ഘനമേറിയ നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു. 18അതുകൊണ്ട്, ദൃശ്യമായതിനെ അല്ല, അദൃശ്യമായതിനെ ഞങ്ങൾ കാത്തുകൊണ്ടിരിക്കുന്നു. ദൃശ്യമായത് താൽക്കാലികം, അദൃശ്യമായതോ നിത്യം.
Currently Selected:
2 കൊരിന്ത്യർ 4: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.