2 ശമുവേൽ 23
23
ദാവീദിന്റെ അന്ത്യവചസ്സുകൾ
1ദാവീദിന്റെ അന്ത്യവചസ്സുകൾ ഇവയാകുന്നു:
“യിശ്ശായിപുത്രനായ ദാവീദിന്റെ,
പരമോന്നതനായ ദൈവത്താൽ ഉയർത്തപ്പെട്ട പുരുഷന്റെ,
യാക്കോബിൻദൈവത്താൽ അഭിഷിക്തനായ മനുഷ്യന്റെ,
ഇസ്രായേലിന്റെ മധുരഗായകന്റെ വചസ്സുകൾ:
2“യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിച്ചു;
അവിടത്തെ വചനം എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.
3ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്തു,
ഇസ്രായേലിന്റെ പാറയായുള്ളവൻ എന്നോടു കൽപ്പിച്ചു:
‘ഒരുവൻ നീതിയോടെ മനുഷ്യരെ ഭരിക്കുമ്പോൾ,
അയാൾ ദൈവഭയത്തിൽ ഭരണം നടത്തുമ്പോൾ,
4കാർമേഘരഹിതമായ പ്രഭാതത്തിലെ
സൂര്യോദയത്തിൽ തിളങ്ങുന്ന അരുണാഭപോലെയാണ് അയാൾ;
മഴയ്ക്കുശേഷം ഭൂമിയിൽനിന്നു മുളയ്ക്കുന്ന
പുൽനാമ്പുകളിൽ സൂര്യൻ പ്രതിജ്വലിക്കുന്നതുപോലെയും.’
5“എന്റെ ഭവനവും ദൈവസന്നിധിയിൽ അതുപോലെതന്നെയല്ലേ?
അവിടന്ന് എന്നോട് ഒരു ശാശ്വതമായ ഉടമ്പടി ചെയ്തിട്ടില്ലയോ?
വിശദാംശങ്ങളിലെല്ലാം ക്രമീകൃതമായ സുഭദ്രമായ ഒരു ഉടമ്പടിതന്നെ.
അവിടന്ന് എന്റെ രക്ഷ സഫലമാക്കുകയും
എന്റെ അഭിലാഷം സാധിതമാക്കുകയും ചെയ്യുകയില്ലേ?
6എന്നാൽ ദുഷ്ടമനുഷ്യരോ, മുൾച്ചെടിപോലെ പറിച്ചെറിഞ്ഞു കളയപ്പെടേണ്ടവരാകുന്നു,
അവ കൈകൊണ്ടു ശേഖരിക്കപ്പെടുന്നില്ല,
7അവയെ തൊടേണ്ടവർ
ഇരുമ്പുദണ്ഡോ കുന്തത്തടിയോ ഉപയോഗിക്കുന്നു.
അവ കിടക്കുന്നിടത്തുവെച്ചുതന്നെ ചുട്ടുകളയപ്പെടുന്നു.”
ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കൾ
8ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പേരുകൾ ഇവയാണ്:
തഹ്കെമോന്യനായ#23:8 ഹക്‌മോന്യനായ, തഹ്കെമോന്യനായ എന്നതിന്റെ മറ്റൊരുരൂപം. യോശേബ്-ബോശ്ശേബെത്ത്,#23:8 ചി.കൈ.പ്ര. ഈശ്-ബോശെത്ത് അതായത്, എശ്-ബാൽ 1 ദിന. 11:11 ഇദ്ദേഹം പരാക്രമശാലികളായിരുന്ന മൂന്നുപേരിൽ പ്രധാനിയായിരുന്നു, അദ്ദേഹം ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ എണ്ണൂറുപേരെ തന്റെ കുന്തംകൊണ്ട് വധിച്ചയാളായിരുന്നു.#23:8 ചി.കൈ.പ്ര. ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ എണ്ണൂറുപേരെ തന്റെ കുന്തംകൊണ്ട് വധിച്ച എസ്ന്യൻ അദീനോ ഇവൻതന്നെ.
9അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ ആയിരുന്നു അടുത്ത പ്രധാനി. അദ്ദേഹം പരാക്രമശാലികളായ മൂന്നു യോദ്ധാക്കളിൽ ഒരുവനായിരുന്നു. യുദ്ധത്തിനായി പാസ്-ദമ്മീമിൽ അണിനിരന്ന ഫെലിസ്ത്യരെ ഇസ്രായേൽ വെല്ലുവിളിച്ചപ്പോൾ#23:9 1 ദിന. 11:13 കാണുക. അദ്ദേഹവും ദാവീദിനോടൊപ്പമുണ്ടായിരുന്നു. അന്ന് ഇസ്രായേൽസൈന്യം പിന്തിരിഞ്ഞോടിയിരുന്നു. 10എന്നാൽ എലെയാസാർ, യുദ്ധക്കളത്തിൽനിന്നു പിന്മാറാതെ ഉറച്ചുനിന്ന്, കൈ തളർന്നു മരവിച്ച് വാൾപ്പിടിയിൽനിന്നും ഇളകാതെയാകുന്നതുവരെ, ഫെലിസ്ത്യരെ വെട്ടിവീഴ്ത്തി. അന്ന് യഹോവ അവർക്കൊരു മഹാവിജയം നൽകി. മരിച്ചുവീണവരെ കൊള്ളയടിക്കാൻമാത്രമായിരുന്നു പടയാളികൾ എലെയാസാരിന്റെ അടുത്തേക്കു തിരിച്ചുവന്നത്.
11അടുത്ത ആൾ ഹരാര്യനായ ആഗേയുടെ മകൻ ശമ്മാ ആയിരുന്നു. ഒരിക്കൽ നിറയെ പയറുള്ള ഒരു വയലിൽ ഫെലിസ്ത്യർ സംഘംചേർന്നപ്പോൾ ഇസ്രായേൽസൈന്യം അവരുടെമുമ്പിൽനിന്ന് ഓടിപ്പോയി. 12എന്നാൽ ശമ്മാ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ചു. അദ്ദേഹം അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി.
13കൊയ്ത്തുകാലത്ത് ഒരിക്കൽ മുപ്പതു പ്രമുഖയോദ്ധാക്കളിൽ മൂന്നുപേർ അദുല്ലാം ഗുഹയിൽ ദാവീദിന്റെ അടുത്തെത്തി. അന്ന് ഫെലിസ്ത്യരുടെ ഒരുസംഘം രെഫായീം താഴ്വരയിൽ താവളമടിച്ചിരുന്നു. 14ആ സമയത്തു ദാവീദ് സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരുടെ കാവൽസേനാവിഭാഗം ബേത്ലഹേമിലും ആയിരുന്നു. 15ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.” 16അതുകേട്ട പരാക്രമശാലികളായ ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയുടെമുമ്പിൽ നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു 17പറഞ്ഞു: “അയ്യോ യഹോവേ! ഇതു ചെയ്യാൻ എനിക്ക് ഇടവരുത്താതിരിക്കട്ടെ! തങ്ങളുടെ ജീവനെ പണയപ്പെടുത്തിപ്പോയ പുരുഷന്മാരുടെ രക്തമല്ലേ, ഇത്?” ദാവീദ് ആ ജലം കുടിച്ചില്ല.
ആ മൂന്നു പരാക്രമശാലികളുടെ ഉജ്ജ്വല വീരകൃത്യങ്ങൾ ഈ വിധമായിരുന്നു.
18സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായി ഈ മൂവരിൽ#23:18 1 ദിന. 11:20 കാണുക. ചി.കൈ.പ്ര. മുപ്പതുപേരിൽ പ്രമുഖനായിരുന്നു. അദ്ദേഹം മുന്നൂറു#23:18 ചി.കൈ.പ്ര. മുപ്പത് പേർക്കെതിരേ തന്റെ കുന്തമുയർത്തി പൊരുതി; അവരെ വധിച്ചു. അങ്ങനെ അദ്ദേഹം മറ്റേ മൂവരോളംതന്നെ വിഖ്യാതനായിത്തീർന്നു. 19അദ്ദേഹം ആ മൂവരെക്കാളും#23:19 ചി.കൈ.പ്ര. മുപ്പത് അധികം ബഹുമാനിതൻ ആയിരുന്നു. അദ്ദേഹം അവർക്ക് അധിപനായിത്തീർന്നു. എന്നിരുന്നാലും അദ്ദേഹം ആദ്യത്തെ പരാക്രമശാലികളായ മൂന്നുപേരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല.
20യെഹോയാദായുടെ മകനായ ബെനായാവ് കബ്സെയേൽക്കാരനും ശൂരപരാക്രമിയും ആയ ഒരു യോദ്ധാവായിരുന്നു. അദ്ദേഹം ഉജ്ജ്വല വീരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്: അദ്ദേഹം മോവാബ്യരിലെ ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കളെ അടിച്ചുവീഴ്ത്തി. മഞ്ഞുകാലത്ത് ഒരു ദിവസം അദ്ദേഹം ഒരു ഗുഹയിൽ ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു. 21ഭീമാകാരനായ ഒരു ഈജിപ്റ്റുകാരനെയും അദ്ദേഹം അടിച്ചുവീഴ്ത്തി. ആ ഈജിപ്റ്റുകാരന്റെ കൈവശം ഒരു കുന്തമുണ്ടായിരുന്നു. എങ്കിലും ഒരു ദണ്ഡുമായി ബെനായാവ് അയാളെ എതിരിട്ടു. അദ്ദേഹം ഈജിപ്റ്റുകാരന്റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടുതന്നെ അയാളെ വധിച്ചു. 22യെഹോയാദായുടെ മകനായ ബെനായാവിന്റെ വീരകൃത്യങ്ങൾ ഈ വിധമൊക്കെയായിരുന്നു. അദ്ദേഹവും പരാക്രമശാലികളായ ആ മൂന്ന് യോദ്ധാക്കളെപ്പോലെ കീർത്തിശാലിയായിരുന്നു. 23മുപ്പതുപേരിൽ മറ്റാരെക്കാളും കൂടുതൽ ആദരണീയനായി അദ്ദേഹം അവരോധിക്കപ്പെട്ടു. എന്നാൽ അദ്ദേഹം ആ മൂവരിൽ ഉൾപ്പെട്ടിരുന്നില്ല. ദാവീദ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ തലവനാക്കി.
24മുപ്പതു പരാക്രമശാലികളിൽ താഴെപ്പറയുന്നവർ ഉൾപ്പെട്ടിരുന്നു:
യോവാബിന്റെ സഹോദരനായ അസാഹേൽ,
ബേത്ലഹേമിൽനിന്നുള്ള ദോദോവിന്റെ മകൻ എൽഹാനാൻ,
25ഹരോദ്യനായ ശമ്മാ,
ഹരോദ്യനായ എലീക്കാ,
26ഫൽത്യനായ ഹേലെസ്,
തെക്കോവക്കാരനായ ഇക്കേശിന്റെ മകൻ ഈരാ,
27അനാഥോത്തുകാരനായ അബിയേസെർ,
ഹൂശാത്യനായ സിബ്ബെഖായി,#23:27 വാ. 21:18; 1 ദിന. 11:29 കാണുക. ചി.കൈ.പ്ര. മെബുന്നായി
28അഹോഹ്യനായ സൽമോൻ,
നെതോഫാത്യനായ മഹരായി,
29നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,#23:29 ചി.കൈ.പ്ര. ഹേലെബ്
ബെന്യാമീനിലെ ഗിബെയാക്കാരനായ രീബായിയുടെ മകൻ ഇത്ഥായി,
30പിരാഥോന്യനായ ബെനായാവ്,
ഗായശ് മലയിടുക്കിൽനിന്നുള്ള ഹിദ്ദായി,#23:30 1 ദിന. 11:32 കാണുക. ചി.കൈ.പ്ര. ഹുരായി
31അർബാത്യനായ അബീ-അൽബോൻ,
ബർഹൂമ്യനായ അസ്മാവെത്ത്,
32ശാൽബോന്യനായ എല്യഹ്ബാ,
യാശേന്റെ പുത്രന്മാരും,
ഹരാര്യനായ 33ശമ്മായുടെ മകൻ#23:33 1 ദിന. 11:34 കാണുക. മൂ.ഭാ. ഈ വാക്ക് കാണുന്നില്ല. യോനാഥാൻ,
ഹരാര്യനായ ശരാരിന്റെ#23:33 1 ദിന. 11:35 കാണുക. ചി.കൈ.പ്ര. സകാരിന്റെ മകൻ അഹീയാം
34മാഖാത്യനായ അഹശ്ബായിയുടെ മകൻ എലീഫേലെത്ത്,
ഗീലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
35കർമേല്യനായ ഹെസ്രോ,
അർബ്യനായ പാറായി,
36സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,
ഗാദ്യനായ ബാനി,#23:36 1 ദിന. 11:38 കാണുക. ചി.കൈ.പ്ര. ഹഗ്രീയുടെ പുത്രൻ
37അമ്മോന്യനായ സേലെക്ക്,
സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യനായ നഹരായി,
38യിത്രിയനായ ഈരാ,
യിത്രിയനായ ഗാരേബ്,
39ഹിത്യനായ ഊരിയാവ് എന്നിവരും.
ഇങ്ങനെ ഇവർ ആകെ മുപ്പത്തിയേഴു പേരുണ്ടായിരുന്നു.
Currently Selected:
2 ശമുവേൽ 23: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.