ദാനീയേൽ 5
5
ഭിത്തിമേൽ കാണപ്പെട്ട എഴുത്ത്
1ബേൽശസ്സർ രാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വിരുന്നു നടത്തി, അവരോടൊപ്പം അദ്ദേഹം വീഞ്ഞുകുടിച്ചു. 2ബേൽശസ്സർ വീഞ്ഞു രുചിച്ചുനോക്കിയശേഷം തന്റെ പിതാവായ#5:2 അഥവാ, പൂർവികൻ നെബൂഖദ്നേസർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങൾ കൊണ്ടുവരാൻ ആജ്ഞാപിച്ചു. രാജാവും പ്രഭുക്കന്മാരും രാജപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽനിന്ന് കുടിക്കേണ്ടതിനാണ് ഈ കൽപ്പന പുറപ്പെടുവിച്ചത്. 3അങ്ങനെ അവർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണപ്പാത്രങ്ങൾ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്റെ പത്നിമാരും വെപ്പാട്ടികളും അവയിൽനിന്നു കുടിച്ചു. 4അവർ വീഞ്ഞുകുടിച്ചശേഷം സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവതകളെ സ്തുതിച്ചു.
5പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ടു. വിളക്കുതണ്ടിനുനേരേയുള്ള രാജകൊട്ടാരത്തിന്റെ വെൺഭിത്തിമേൽ എഴുതാനാരംഭിച്ചു. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവു കണ്ടു. 6രാജാവിന്റെ മുഖം വിളറി ഭയപരവശനായി; അദ്ദേഹത്തിന്റെ അരയുടെ ഏപ്പ് അഴിഞ്ഞു; കാൽമുട്ടുകൾ കൂട്ടിയിടിച്ചു.
7മന്ത്രവാദികളെയും ജ്യോതിഷികളെയും ദേവപ്രശ്നംവെക്കുന്നവരെയും വരുത്താൻ രാജാവ് ഉറക്കെ വിളിച്ചുപറഞ്ഞു. ബാബേലിലെ ജ്ഞാനികളോട് രാജാവ് ഇങ്ങനെ പറഞ്ഞു: “ഈ എഴുത്തുവായിച്ച് അതിന്റെ അർഥം പറയാൻ കഴിയുന്ന മനുഷ്യനെ ഞാൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിക്കും. അവൻ രാജ്യത്തിൽ മൂന്നാമനായി വാഴും.”
8അപ്പോൾ രാജാവിന്റെ സകലജ്ഞാനികളും വന്നുകൂടി; എങ്കിലും ആ എഴുത്തു വായിക്കുന്നതിനോ അർഥം പറയുന്നതിനോ ആർക്കും കഴിഞ്ഞില്ല. 9അപ്പോൾ ബേൽശസ്സർ രാജാവ് അത്യന്തം പരിഭ്രമിച്ചു; അദ്ദേഹത്തിന്റെ മുഖം അധികം വിളറിവെളുത്തു. അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും അമ്പരന്നു.
10രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് രാജ്ഞി#5:10 അഥവാ, രാജമാതാവ് വിരുന്നുശാലയിൽ എത്തി. രാജ്ഞി ഇപ്രകാരം പറഞ്ഞു: “രാജാവ്, ദീർഘായുസ്സായിരിക്കട്ടെ! അങ്ങ് ചിന്താപരവശനാകുകയോ തിരുമേനിയുടെ മുഖം വിളറുകയോ ചെയ്യരുത്. 11വിശുദ്ധദേവതകളുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമേനിയുടെ രാജ്യത്തുണ്ട്. തിരുമേനിയുടെ പിതാവിന്റെകാലത്ത് അന്തർദൃഷ്ടിയും വിവേകവും ദേവതകളുടേതുപോലെയുള്ള ജ്ഞാനവും അയാളിൽ കണ്ടിരുന്നു. അങ്ങയുടെ പിതാവായ നെബൂഖദ്നേസർ രാജാവ്, അയാളെ ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ജ്യോതിഷികൾക്കും ദേവപ്രശ്നംവെക്കുന്നവർക്കും അധിപതിയായി നിയമിച്ചു. 12രാജാവു ബേൽത്ത്ശസ്സർ എന്നു പേരുവിളിച്ച ഈ ദാനീയേലിൽ ഉൽക്കൃഷ്ടമനസ്സും ജ്ഞാനവും വിവേകവും സ്വപ്നവ്യാഖ്യാനവും ഗൂഢാർഥപരിജ്ഞാനവും പ്രശ്നപരിഹാരസാമർഥ്യവും കണ്ടിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും, അദ്ദേഹം ഇതിന്റെ അർഥം വെളിപ്പെടുത്തും.”
13അതനുസരിച്ച് ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവു ദാനീയേലിനോടു പറഞ്ഞു: “എന്റെ പിതാവ് യെഹൂദ്യയിൽനിന്ന് കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനീയേലല്ലേ താങ്കൾ? 14ദേവതകളുടെ ആത്മാവ് താങ്കളിൽ ഉണ്ടെന്നും അന്തർദൃഷ്ടിയും വിവേകവും അസാധാരണജ്ഞാനവും താങ്കളിൽ കണ്ടിരിക്കുന്നെന്നും ഞാൻ കേട്ടു. 15ഇപ്പോൾ ജ്ഞാനികളെയും മന്ത്രവാദികളെയും ഈ എഴുത്തുവായിച്ച് അതിന്റെ അർഥം അറിയിക്കാനായി എന്റെമുമ്പിൽ കൊണ്ടുവന്നിരുന്നു. എന്നാൽ അതിന്റെ അർഥം അറിയിക്കാൻ അവർക്കു കഴിഞ്ഞില്ല. 16എന്നാൽ താങ്കൾ അർഥം വിവരിക്കാനും വിഷമപ്രശ്നങ്ങൾ പരിഹരിക്കാനും പ്രാപ്തനാണെന്നു ഞാൻ കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്തു വായിക്കാനും അതിന്റെ അർഥം വിവരിക്കാനും താങ്കൾക്കു കഴിയുമെങ്കിൽ താങ്കൾ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച് രാജ്യത്തിൽ മൂന്നാമനായി വാഴും.”
17അപ്പോൾ ദാനീയേൽ രാജാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: “സമ്മാനങ്ങൾ തിരുമേനിക്കുതന്നെ ഇരിക്കട്ടെ. പ്രതിഫലം മറ്റാർക്കെങ്കിലും നൽകിയാലും. എങ്കിലും ഞാൻ രാജാവിനുള്ള ഈ എഴുത്തുവായിച്ച് അതിന്റെ അർഥം പറയാം.
18“രാജാവേ, പരമോന്നതനായ ദൈവം തിരുമേനിയുടെ പിതാവായ നെബൂഖദ്നേസരിന് ആധിപത്യവും പ്രതാപവും മഹത്ത്വവും ബഹുമാനവും നൽകി. 19ദൈവം അദ്ദേഹത്തിനു നൽകിയ പ്രതാപംനിമിത്തം സകലരാഷ്ട്രങ്ങളും ജനതകളും എല്ലാ ഭാഷക്കാരും അദ്ദേഹത്തെ ഭയപ്പെടുകയും അദ്ദേഹത്തിന്റെമുമ്പിൽ വിറയ്ക്കുകയും ചെയ്തു. താൻ ആഗ്രഹിച്ചവനെ അദ്ദേഹം കൊല്ലുകയും താൻ ആഗ്രഹിച്ചവനെ ജീവനോടെ രക്ഷിക്കുകയും തനിക്കു ബോധിച്ചവനെ ഉയർത്തുകയും തനിക്കു ബോധിച്ചവനെ താഴ്ത്തുകയും ചെയ്തു. 20എങ്കിലും അദ്ദേഹത്തിന്റെ ഹൃദയം നിഗളിച്ചു. മനസ്സ് അഹങ്കാരത്താൽ കഠിനമായപ്പോൾ രാജസിംഹാസനത്തിൽനിന്നും അദ്ദേഹം നീക്കപ്പെട്ടു, പ്രതാപം അദ്ദേഹത്തെ വിട്ടുപോയി. 21മനുഷ്യരിൽനിന്നും അദ്ദേഹം നീക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഹൃദയം മൃഗത്തിനു തുല്യമായി; അദ്ദേഹത്തിന്റെ വാസം കാട്ടുകഴുതകളോടൊപ്പമായി. കാളകൾക്കെന്നപോലെ പുല്ല് അദ്ദേഹത്തിന് ആഹാരമായി. പരമോന്നതനായ ദൈവം സകലരാജ്യങ്ങളിന്മേലും ഭരണം നടത്തുന്നു എന്നും താൻ ഇച്ഛിക്കുന്നവനെ അവർക്ക് അധിപതിയാക്കിത്തീർക്കുന്നു എന്നും അംഗീകരിച്ചതുവരെയും അദ്ദേഹത്തിന്റെ ശരീരം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
22“എങ്കിലും അദ്ദേഹത്തിന്റെ മകനായ#5:22 അഥവാ, അനന്തരാവകാശിയായ ബേൽശസ്സരേ, ഇതെല്ലാം അറിഞ്ഞിരുന്നിട്ടും തിരുമേനി സ്വന്തം ഹൃദയത്തെ വിനയപ്പെടുത്തിയില്ല. 23നേരേമറിച്ച്, സ്വർഗത്തിലെ ദൈവത്തിനെതിരേ തിരുമേനി സ്വയം ഉയർത്തി. ദൈവാലയത്തിലെ പാത്രങ്ങൾ അവർ അങ്ങയുടെമുമ്പിൽ കൊണ്ടുവന്നു. തിരുമേനിയും തിരുമേനിയുടെ പ്രഭുക്കന്മാരും ഭാര്യമാരും വെപ്പാട്ടികളും അവയിൽനിന്ന് വീഞ്ഞുകുടിച്ചു. വെള്ളി, സ്വർണം, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവയാൽ നിർമിക്കപ്പെട്ടതും കാണുന്നതിനോ കേൾക്കുന്നതിനോ ഗ്രഹിക്കുന്നതിനോ കഴിവില്ലാത്തതുമായ ദേവതകളെ നിങ്ങൾ വാഴ്ത്തിസ്തുതിച്ചു. തിരുമേനിയുടെ ജീവശ്വാസവും സർവമാർഗങ്ങളും നിയന്ത്രിക്കുന്ന ദൈവത്തെ തിരുമേനി മഹത്ത്വപ്പെടുത്തിയതുമില്ല. 24അതിനാൽ ആ ദൈവം ഈ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിയിരിക്കുന്നു.
25“എഴുതപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്:
മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.
26“വാക്കുകളുടെ അർഥം ഇപ്രകാരമാണ്:
മെനേ, എന്നതിന് ദൈവം അങ്ങയുടെ രാജത്വത്തിന്റെ ദിനങ്ങൾ എണ്ണി അതിന് അന്തം വരുത്തിയിരിക്കുന്നു എന്നും
27 തെക്കേൽ, എന്നതിന് അങ്ങയെ ത്രാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു എന്നും
28 ഊഫർസീൻ, എന്നതിന് അങ്ങയുടെ രാജ്യത്തെ വിഭജിച്ച് മേദ്യർക്കും പാർസികൾക്കുമായി നൽകിയിരിക്കുന്നു എന്നുമാണ്.”
29അപ്പോൾ ബേൽശസ്സരിന്റെ കൽപ്പനപ്രകാരം ദാനീയേലിനെ അവർ ധൂമ്രവസ്ത്രം ധരിപ്പിച്ചു; അദ്ദേഹത്തിന്റെ കഴുത്തിൽ പൊന്മാല അണിയിച്ചു. അദ്ദേഹത്തെ രാജ്യത്തിലെ മൂന്നാമത്തെ ഉന്നത ഭരണാധികാരിയാക്കി വിളംബരം പുറപ്പെടുവിച്ചു.
30ആ രാത്രിയിൽത്തന്നെ ബാബേൽരാജാവായ#5:30 അഥവാ, കൽദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. 31മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ടാം വയസ്സിൽ രാജ്യം ഏറ്റെടുത്തു.
Currently Selected:
ദാനീയേൽ 5: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.