പുറപ്പാട് 10
10
വെട്ടുക്കിളിയുടെ ബാധ
1യഹോവ മോശയോട് അരുളിച്ചെയ്തു: “നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെയും അവന്റെ ഉദ്യോഗസ്ഥരുടെയും മുന്നിൽ എന്റെ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കേണ്ടതിന് അവരുടെ ഹൃദയം കഠിനമാക്കിയിരിക്കുന്നു. 2ഞാൻ ഈജിപ്റ്റുകാരോട് എത്ര കർശനമായി പെരുമാറിയെന്നും അവരുടെ ഇടയിൽ എന്റെ അത്ഭുതചിഹ്നങ്ങൾ എങ്ങനെ പ്രവർത്തിച്ചെന്നും നിനക്കു നിന്റെ മക്കളോടും മക്കളുടെ മക്കളോടും വിവരിക്കാൻ കഴിയേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനുമാണ് ഇങ്ങനെ ചെയ്യുന്നത്.”
3മോശയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു പറഞ്ഞു, “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘നീ എത്രകാലം എന്റെമുമ്പിൽ നിന്നെത്തന്നെ വിനയപ്പെടുത്താതിരിക്കും? എന്റെ ജനം എന്നെ ആരാധിക്കേണ്ടതിന് അവരെ വിട്ടയയ്ക്കുക. 4നീ അവരെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നാളെ നിന്റെ ദേശത്തു വെട്ടുക്കിളികളെ അയയ്ക്കും. 5നിലം കാണാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. നിന്റെ വയലുകളിലും നിലത്തും തളിർത്തുവളരുന്ന സകലവൃക്ഷങ്ങളും ഉൾപ്പെടെ, കന്മഴയിൽ നശിക്കാതെ ശേഷിച്ചിട്ടുള്ളതെല്ലാം അവ തിന്നുകളയും. 6അവ നിന്റെയും നിന്റെ ഉദ്യോഗസ്ഥരുടെയും ഈജിപ്റ്റുകാരായ എല്ലാവരുടെയും ഭവനങ്ങളിൽ നിറയും. ആ കാഴ്ച നിന്റെ പിതാക്കന്മാരോ പൂർവികരോ ഈ ദേശത്തു താമസം ഉറപ്പിച്ച നാൾമുതൽ ഇതുവരെയും ഒരിക്കലും കണ്ടിട്ടില്ലാത്തതായിരിക്കും.’ ” പിന്നെ മോശ പിന്തിരിഞ്ഞ് ഫറവോനെ വിട്ടുപോയി.
7ഫറവോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തോട്, “ഈ മനുഷ്യൻ എത്രകാലം നമുക്ക് ഒരു കെണിയായി തുടരും? ആ ജനം ചെന്ന് അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് അവരെ വിട്ടയയ്ക്കണം. ഈജിപ്റ്റു നശിച്ചുകൊണ്ടിരിക്കുകയാണെന്ന് അങ്ങ് ഇപ്പോഴും മനസ്സിലാക്കുന്നില്ലയോ?” എന്നു ചോദിച്ചു.
8അപ്പോൾ മോശയെയും അഹരോനെയും ഫറവോന്റെ അടുക്കൽ തിരികെക്കൊണ്ടുവന്നു. “പൊയ്ക്കൊൾക, നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക,” അദ്ദേഹം പറഞ്ഞു. “എന്നാൽ ആരൊക്കെയാണു പോകുന്നത്?” അദ്ദേഹം ചോദിച്ചു.
9അതിന് മോശ മറുപടി പറഞ്ഞു, “ഞങ്ങൾ യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കേണ്ടതാകുന്നു; അതുകൊണ്ട്, ഞങ്ങൾ ഞങ്ങളുടെ ചെറുപ്പക്കാരെയും വൃദ്ധജനങ്ങളെയും ആൺമക്കളെയും പെൺമക്കളെയും ആട്ടിൻപറ്റങ്ങളെയും കന്നുകാലിക്കൂട്ടങ്ങളെയും കൂട്ടിയാണു പോകുന്നത്.”
10അപ്പോൾ ഫറവോൻ പറഞ്ഞു, “ഞാൻ നിങ്ങളെ നിങ്ങളുടെ കുഞ്ഞുങ്ങളോടുംകൂടെ പോകാൻ അനുവദിച്ചാൽ, യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ! നിങ്ങൾ ദോഷത്തിനു തുനിഞ്ഞിരിക്കുന്നു. 11വേണ്ടാ, പുരുഷന്മാർമാത്രം പോയി യഹോവയെ ആരാധിക്കുക; അതാണല്ലോ നിങ്ങൾ ഇതുവരെ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്?” പിന്നെ മോശയെയും അഹരോനെയും ഫറവോന്റെ മുന്നിൽനിന്ന് ആട്ടിയോടിച്ചു.
12യഹോവ മോശയോട് അരുളിച്ചെയ്തു, “വെട്ടുക്കിളികൾ വന്നു ദേശത്തെ മൂടി, വയലിൽ വളരുന്നതെല്ലാം, കന്മഴ കഴിഞ്ഞു ശേഷിക്കുന്ന സകലതും തിന്നുകളയേണ്ടതിന് നിന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടുക.”
13മോശ ഈജിപ്റ്റിനുമീതേ തന്റെ വടിനീട്ടി. യഹോവ അന്നു പകലും രാത്രിയും ദേശത്തുകൂടി ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. നേരം പുലർന്നപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളികളെ വരുത്തിയിരുന്നു. 14അവ ഈജിപ്റ്റിനെ മുഴുവൻ ആക്രമിച്ച്, ദേശത്ത് അത്യധികമായി വ്യാപിച്ചു. അതുപോലുള്ള വെട്ടുക്കിളിശല്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഉണ്ടാകുകയുമില്ല. 15അവ ദേശംമുഴുവൻ മൂടിയതുകൊണ്ട് എല്ലായിടവും ഇരുണ്ടുപോയി. കന്മഴ ശേഷിപ്പിച്ചിരുന്നതെല്ലാം—വയലിലെ സസ്യങ്ങളും വൃക്ഷങ്ങളിലെ കായ്കളും എല്ലാം—അവ തിന്നുതീർത്തു. ഈജിപ്റ്റുദേശത്ത് ഒരിടത്തും, വൃക്ഷങ്ങളിലോ സസ്യങ്ങളിലോ പച്ചയായതൊന്നും ശേഷിച്ചില്ല.
16ഫറവോൻ മോശയെയും അഹരോനെയും പെട്ടെന്നു വരുത്തി അവരോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും പാപംചെയ്തിരിക്കുന്നു. 17എന്റെ പാപം ഈ ഒരു പ്രാവശ്യംകൂടി ക്ഷമിക്കുക; മാരകമായ ഈ ബാധ എന്നിൽനിന്ന് അകറ്റിക്കളയാൻ നിങ്ങളുടെ ദൈവമായ യഹോവയോട് അപേക്ഷിക്കണം.”
18മോശ ഫറവോന്റെ അടുക്കൽനിന്നുപോയി യഹോവയോടു പ്രാർഥിച്ചു. 19യഹോവ അതിശക്തമായ ഒരു പടിഞ്ഞാറൻ കാറ്റു വരുത്തി; അതു വെട്ടുക്കിളികളെ കൊണ്ടുപോയി ചെങ്കടലിൽ എറിഞ്ഞു. ഈജിപ്റ്റിൽ ഒരിടത്തും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. 20എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അദ്ദേഹം ഇസ്രായേൽമക്കളെ വിട്ടയച്ചില്ല.
ഇരുട്ടിന്റെ ബാധ
21അപ്പോൾ യഹോവ മോശയോട്, “സ്പർശിക്കത്തക്ക കൂരിരുൾ ഈജിപ്റ്റുദേശത്തു മൂടേണ്ടതിനു നീ ആകാശത്തേക്കു കൈനീട്ടുക” എന്ന് അരുളിച്ചെയ്തു. 22അതനുസരിച്ചു മോശ ആകാശത്തേക്കു കൈനീട്ടി, കനത്ത ഇരുട്ട് ഈജിപ്റ്റിനെ മൂന്നുദിവസത്തേക്കു നിശ്ശേഷം മറച്ചു. 23ആർക്കും ആരെയും കാണാനോ സ്വസ്ഥാനം വിട്ടുപോകാനോ കഴിയാതായി. എങ്കിലും ഇസ്രായേൽമക്കളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
24അപ്പോൾ ഫറവോൻ മോശയെ വരുത്തി, “പോയി യഹോവയെ ആരാധിക്കുക. നിങ്ങളുടെ ഭാര്യമാരും കുട്ടികളും നിങ്ങളുടെകൂടെ പോരട്ടെ; നിങ്ങളുടെ ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രം ഇവിടെ നിൽക്കട്ടെ” എന്നു പറഞ്ഞു.
25അതിന് മോശ ഉത്തരം പറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങളും ഹോമയാഗങ്ങളും അർപ്പിക്കാൻ അങ്ങു ഞങ്ങളെ അനുവദിക്കണം. 26ഞങ്ങളുടെ സകലമൃഗങ്ങളെയുംകൂടെ കൊണ്ടുപോകണം; ഒരു കുളമ്പുപോലും പിന്നിൽ ശേഷിച്ചുകൂടാ. ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിന് അവയിൽ ചിലതിനെ ഉപയോഗിക്കേണ്ടതുണ്ട്. തന്നെയുമല്ല, യഹോവയെ ആരാധിക്കാൻ എന്താണ് ഉപയോഗിക്കേണ്ടതെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നുമില്ല.”
27എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അവരെ വിട്ടയയ്ക്കാൻ അയാൾക്കു സമ്മതമായിരുന്നില്ല. 28ഫറവോൻ മോശയോട്, “കടന്നുപോകൂ എന്റെ മുന്നിൽനിന്ന്! ഇനി എന്റെമുമ്പിൽ വരികയേ അരുത്. എന്റെ മുഖം കാണുന്ന ദിവസം നീ മരിക്കും” എന്നു പറഞ്ഞു.
29അതിന് മോശ, “താങ്കൾ പറയുന്നതുപോലെതന്നെ ആകട്ടെ. ഇനി ഒരിക്കലും ഞാൻ അങ്ങയുടെ മുഖം കാണുകയില്ല” എന്ന് ഉത്തരം പറഞ്ഞു.
Currently Selected:
പുറപ്പാട് 10: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.