യെഹെസ്കേൽ 48
48
ദേശവിഭജനം
1“ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്:
“വടക്കേ അതിർത്തിയിൽ, ദാനിന് ഒരു ഓഹരി ഉണ്ടായിരിക്കും; വടക്കേ അറ്റംമുതൽ ഹെത്ത്ലോനിലേക്കുള്ള വഴിയോടുചേർന്ന് ലെബോ-ഹമാത്തുവരെയും ഹസർ-ഏനാനും ഹമാത്തിനോടുചേർന്നുള്ള ദമസ്കോസിന്റെ വടക്കേ അതിർത്തിവരെയും ആയിരിക്കും അതിന്റെ കിഴക്കേവശംമുതൽ പടിഞ്ഞാറുവശംവരെയുള്ള അതിർത്തിയുടെ ഒരുഭാഗം.
2കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെയുള്ള ദാന്റെ അതിർത്തിയിൽ ആശേരിന് ഒരു ഓഹരി ഉണ്ടായിരിക്കും.
3നഫ്താലിക്ക് ഒരു ഓഹരി ഉണ്ടായിരിക്കും; അത് ആശേരിന്റെ അതിർത്തിമുതൽ കിഴക്കുപടിഞ്ഞാറായി വ്യാപിച്ചുകിടക്കും.
4മനശ്ശെക്ക് ഒരു ഓഹരി ഉണ്ടായിരിക്കും; അതു നഫ്താലിയുടെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും ആയിരിക്കും.
5എഫ്രയീമിന് ഒരു ഓഹരി; അതു മനശ്ശെയുടെ അതിർത്തിയിൽ തുടങ്ങി കിഴക്കുപടിഞ്ഞാറായി നീണ്ടുകിടക്കും.
6രൂബേന് ഒരു ഓഹരി; അത് എഫ്രയീമിന്റെ അതിർത്തിയിൽ തുടങ്ങി കിഴക്കുനിന്നും പടിഞ്ഞാറുവരെ ആയിരിക്കും.
7യെഹൂദയ്ക്ക് ഒരു ഓഹരി; അത് രൂബേന്റെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും ആയിരിക്കും.
8“യെഹൂദയുടെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും നിങ്ങൾ യഹോവയ്ക്കു പ്രത്യേക വഴിപാടായി വേർതിരിക്കുന്ന പ്രദേശമായിരിക്കും. അതിന് 25,000 മുഴം വീതിയുണ്ടായിരിക്കും. അതിന്റെ നീളം കിഴക്കുമുതൽ പടിഞ്ഞാറുവരെ ഒരു ഗോത്രപ്രദേശത്തിന്റെ നീളത്തിനു തുല്യമായിരിക്കും. വിശുദ്ധമന്ദിരം അതിന്റെ മധ്യത്തിൽ ആയിരിക്കും.
9“യഹോവയ്ക്കു നിങ്ങൾ വഴിപാടായി വേർതിരിക്കുന്ന പ്രദേശം 25,000 മുഴം നീളവും 10,000 മുഴം വീതിയും ഉള്ളതായിരിക്കും. 10ഇത് പുരോഹിതന്മാർക്കുള്ള വിശുദ്ധസ്ഥലമായിരിക്കും. വടക്കുഭാഗത്ത് അത് 25,000 മുഴം നീളത്തിലായിരിക്കും. പടിഞ്ഞാറുഭാഗത്ത് അതിന്റെ വീതി 10,000 മുഴവും, കിഴക്കുഭാഗത്ത് 10,000 മുഴവുമായിരിക്കും. തെക്കേഭാഗത്തും നീളം 25,000 മുഴമായിരിക്കും. അതിന്റെ മധ്യത്തിൽ യഹോവയുടെ ആലയമായിരിക്കും. 11ഈ സ്ഥലം സാദോക്കിന്റെ പുത്രന്മാരായ വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കും. ഇസ്രായേൽജനം വഴിതെറ്റിപ്പോയപ്പോൾ, ഒപ്പംപോയ ലേവ്യരെപ്പോലെ ആയിത്തീരാതെ എന്നെ വിശ്വസ്തരായി സേവിച്ചവരാണല്ലോ ഇവർ. 12അത് ലേവ്യർക്കു കൊടുത്ത അവകാശദേശത്തിന്റെ അതിരിനോടുചേർന്ന്, ദേശത്തിന്റെ വിശുദ്ധ അംശത്തിൽനിന്ന് ഇവർക്കു നൽകപ്പെടുന്ന അതിവിശുദ്ധമായ സവിശേഷദാനമായിരിക്കും.
13“പുരോഹിതന്മാരുടെ ഈ പ്രദേശത്തോടു ചേർന്ന് ലേവ്യർക്ക് 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള ഒരു ഓഹരി ഉണ്ടായിരിക്കും. അതിന്റെ ആകെ നീളം 25,000 മുഴവും, വീതി 10,000 മുഴവും തന്നെ. 14അതിൽ ഒരു ഭാഗവും അവർ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇത് ദേശത്തിലെ ഏറ്റവും ഉത്തമമായ സ്ഥലമാണ്. അതു യഹോവയ്ക്കു വിശുദ്ധമാകുകയാൽ അന്യർക്ക് കൈവശമായി കൊടുക്കരുത്.
15“ശേഷിച്ച സ്ഥലം, 5,000 മുഴം വീതിയിലും 25,000 മുഴം നീളത്തിലുമുള്ളത്, നഗരത്തിന്റെ പൊതു ആവശ്യത്തിനുവേണ്ടിയും ഭവനങ്ങൾക്കും മേച്ചിൽസ്ഥലങ്ങൾക്കുംവേണ്ടിയും ആയിരിക്കണം. നഗരം അതിന്റെ മധ്യത്തിൽ ആയിരിക്കും. 16അതിന്റെ അളവുകൾ ഇപ്രകാരം ആയിരിക്കണം: വടക്കേവശം 4,500 മുഴം;#48:16 ഏക. 2.4 കി.മീ. തെക്കേവശം 4,500 മുഴം; കിഴക്കേവശം 4,500 മുഴം; പടിഞ്ഞാറേവശം 4,500 മുഴം. 17നഗരത്തിനുവേണ്ടിയുള്ള മേച്ചിൽപ്പുറം വടക്ക് 250 മുഴവും#48:17 ഏക. 135 മീ. തെക്ക് 250 മുഴവും കിഴക്ക് 250 മുഴവും പടിഞ്ഞാറ് 250 മുഴവും ദൈർഘ്യമുള്ളതായിരിക്കും. 18അവശേഷിക്കുന്ന സ്ഥലം വിശുദ്ധഅംശത്തിന്റെ അതിരിനോടുചേർന്ന് അതിന്റെ നീളത്തിനൊത്ത് കിഴക്കോട്ടു 10,000 മുഴവും, പടിഞ്ഞാറോട്ടു 10,000 മുഴവും ആയിരിക്കും. അതിലെ ഉത്പന്നങ്ങൾ നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനത്തിനുവേണ്ടി ആയിരിക്കും. 19അതിൽ കൃഷിചെയ്യുന്ന കൃഷിക്കാർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംപെട്ടവർ ആയിരിക്കും. 20ഓരോ വശത്തും 25,000 മുഴംവീതമുള്ള ഒരു സമചതുരമാണ് മുഴുവൻ സ്ഥലവും. വിശുദ്ധസ്ഥലം ഒരു സവിശേഷ ദാനമായി നഗരത്തിന്റെ സ്വത്തിനോടുചേർത്ത് നിങ്ങൾ വേർതിരിക്കും.
21“വിശുദ്ധസ്ഥലത്തിനും നഗരത്തിന്റെ സ്വത്തിനുംശേഷം ഇരുവശത്തും അവശേഷിക്കുന്ന സ്ഥലം പ്രഭുവിനുള്ളതായിരിക്കും. അതിന്റെ വിസ്തൃതി വിശുദ്ധസ്ഥലത്തിന്റെ 25,000 മുഴംമുതൽ കിഴക്കേ അതിർത്തിവരെയും 25,000 മുഴംമുതൽ പടിഞ്ഞാറോട്ട് പടിഞ്ഞാറേ അതിർത്തിവരെയും ആയിരിക്കും. ഗോത്രങ്ങളുടെ ഓഹരിയോട് ചേർന്നുള്ള ഈ രണ്ട് സ്ഥലങ്ങളും പ്രഭുവിന്റെ വകയായിരിക്കും. ആലയത്തിന്റെ അങ്കണം ഉൾപ്പെടുന്ന വിശുദ്ധ ഓഹരി ഇവയുടെ മധ്യത്തിൽ ആയിരിക്കും. 22അങ്ങനെ ലേവ്യരുടെ അവകാശവും നഗരത്തിന്റേതായ സ്ഥലവും പ്രഭുവിനുള്ള സ്ഥലത്തിന്റെ മധ്യത്തിലായിരിക്കും. പ്രഭുവിനുള്ള സ്ഥലം യെഹൂദയുടെ അതിരിനും ബെന്യാമീന്റെ അതിരിനും മധ്യത്തിലായിരിക്കും.
23“ശേഷമുള്ള ഗോത്രങ്ങൾക്കുള്ള സ്ഥലം:
“ബെന്യാമീന് ഒരു ഓഹരി. അതു കിഴക്ക് തുടങ്ങി പടിഞ്ഞാറുവരെ വ്യാപിച്ചിരിക്കും.
24ശിമെയോന് ഒരു ഓഹരി; അത് ബെന്യാമീന്റെ ഓഹരിമുതൽ കിഴക്കുപടിഞ്ഞാറ് വ്യാപിച്ചിരിക്കും.
25യിസ്സാഖാറിന് ഒരു ഓഹരി; അത് ശിമെയോന്റെ ഓഹരിമുതൽ കിഴക്കുതൊട്ടു പടിഞ്ഞാറുവരെ ആയിരിക്കും.
26സെബൂലൂന് ഒരു ഓഹരി; അത് യിസ്സാഖാറിന്റെ ഓഹരിമുതൽ കിഴക്കുപടിഞ്ഞാറ് വ്യാപിച്ചിരിക്കും
27ഗാദിന് ഒരു ഓഹരി; അത് സെബൂലൂന്റെ അതിർത്തിയിൽ തുടങ്ങി കിഴക്കുമുതൽ പടിഞ്ഞാറുവരെ ആയിരിക്കും.
28ഗാദിന്റെ തെക്കേ അതിർത്തി താമാർമുതൽ തെക്കോട്ടുപോയി മെരീബത്ത് കാദേശിലെ ജലാശയംവരെയും തുടർന്ന് ഈജിപ്റ്റിലെ തോടിനോടുചേർന്ന് മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കും.
29“ഇതാണ് നീ ഇസ്രായേൽഗോത്രത്തിന് അവകാശമായി വിഭാഗിക്കേണ്ട ദേശം. അവരുടെ ഓഹരികൾ ഇവതന്നെ,” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
പുതിയ നഗരത്തിന്റെ കവാടങ്ങൾ
30“നഗരത്തിന്റെ പുറത്തേക്കുള്ള കവാടങ്ങൾ ഇവയായിരിക്കും:
“4,500 മുഴം നീളമുള്ള വടക്കുവശത്തുനിന്നാണ്, 31ഇസ്രായേൽഗോത്രങ്ങളുടെ പേരുകൾക്ക് അനുസൃതമായി നഗരകവാടങ്ങളുടെ നാമകരണം ആരംഭിക്കുന്നത്. വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ കവാടം, യെഹൂദയുടെ കവാടം, ലേവിയുടെ കവാടം എന്നിങ്ങനെ ആയിരിക്കും അവയുടെ പേരുകൾ.
32കിഴക്കേവശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ ഇവയാണ്: യോസേഫിന്റെ കവാടം, ബെന്യാമീന്റെ കവാടം, ദാന്റെ കവാടം.
33തെക്കേവശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ: ശിമെയോന്റെ കവാടം, യിസ്സാഖാറിന്റെ കവാടം, സെബൂലൂന്റെ കവാടം.
34പടിഞ്ഞാറേ വശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ: ഗാദിന്റെ കവാടം, ആശേരിന്റെ കവാടം, നഫ്താലിയുടെ കവാടം.
35“നഗരത്തിന്റെ ചുറ്റളവ് 18,000 മുഴം.#48:35 ഏക. 9.5 കി.മീ.
“അന്നുമുതൽ നഗരത്തിന്റെ പേര് ‘യഹോവശമ്മ’#48:35 യഹോവ അവിടെ സന്നിഹിതനാണ് എന്നർഥം. എന്നായിരിക്കും.”
Currently Selected:
യെഹെസ്കേൽ 48: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.