YouVersion Logo
Search Icon

ഉൽപ്പത്തി 43

43
ഈജിപ്റ്റിലേക്കുള്ള രണ്ടാമത്തെ യാത്ര
1ദേശത്തു ക്ഷാമം കഠിനമായിത്തീർന്നു. 2ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ധാന്യം മുഴുവൻ ഭക്ഷിച്ചുതീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്, “നിങ്ങൾ മടങ്ങിച്ചെന്ന് നമുക്കുവേണ്ടി കുറെ ധാന്യംകൂടി വാങ്ങിക്കൊണ്ടുവരിക” എന്നു പറഞ്ഞു.
3എന്നാൽ യെഹൂദാ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “ ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലെങ്കിൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല’ എന്ന് ആ മനുഷ്യൻ ഞങ്ങളോടു ഗൗരവമായി താക്കീതു ചെയ്തിട്ടുണ്ട്. 4അങ്ങ് ഞങ്ങളുടെ സഹോദരനെ ഞങ്ങളോടുകൂടെ അയയ്ക്കുമെങ്കിൽ ഞങ്ങൾ ചെന്ന് അങ്ങേക്കുവേണ്ടി ധാന്യം വാങ്ങാം. 5എന്നാൽ അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കിൽ ഞങ്ങൾ പോകുകയില്ല; ‘നിങ്ങളുടെ സഹോദരൻ നിങ്ങളുടെ കൂടെയില്ലെങ്കിൽ നിങ്ങൾ ഇനി എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.”
6“ഞങ്ങൾക്കു മറ്റൊരു സഹോദരൻ ഉണ്ട് എന്ന് ആ മനുഷ്യനോടു പറഞ്ഞ് നിങ്ങൾ എനിക്ക് ഈ പ്രയാസം വരുത്തിവെച്ചതെന്തിന്?” ഇസ്രായേൽ ചോദിച്ചു.
7അതിന് അവർ ഉത്തരം പറഞ്ഞത്, “ആ മനുഷ്യൻ ഞങ്ങളോടു നമ്മെക്കുറിച്ചും നമ്മുടെ കുടുംബത്തെക്കുറിച്ചും വളരെ സൂക്ഷ്മമായി ചോദിച്ചു. ‘നിങ്ങളുടെ പിതാവു ജീവിച്ചിരിക്കുന്നോ? നിങ്ങൾക്കു മറ്റൊരു സഹോദരൻ ഉണ്ടോ?’ എന്നും അദ്ദേഹം ഞങ്ങളോടു ചോദിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയുകമാത്രമേ ചെയ്തിട്ടുള്ളൂ. ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൊണ്ടുവരിക’ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ എങ്ങനെയാണ് അറിയുക?”
8അപ്പോൾ യെഹൂദാ തന്റെ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: “ഞങ്ങളും അങ്ങും ഞങ്ങളുടെ കുഞ്ഞുങ്ങളും മരിച്ചുപോകാതെ, ജീവിച്ചിരിക്കേണ്ടതിന് ബാലനെ എന്റെകൂടെ അയയ്ക്കുക, ഞങ്ങൾ ഉടനെതന്നെ പോകാം. 9അവന്റെ സുരക്ഷിതത്വത്തിനു ഞാൻതന്നെ ഉറപ്പുതരുന്നു; അവനുവേണ്ടി ഞാൻ അങ്ങയോട് ഉത്തരവാദി ആയിരിക്കും. അവനെ ഞാൻ തിരികെക്കൊണ്ടുവന്ന് ഇവിടെ അങ്ങയുടെ സന്നിധിയിൽ നിർത്താത്തപക്ഷം ഞാൻ എന്റെ ആയുഷ്കാലം മുഴുവൻ അങ്ങയുടെമുമ്പാകെ അതിന്റെ ദോഷം വഹിച്ചുകൊള്ളാം. 10നാം ഇത്രയും കാലതാമസം വരുത്താതിരുന്നെങ്കിൽ ഞങ്ങൾക്ക് ഇതിനോടകം രണ്ടുതവണ പോയിവരാൻ കഴിയുമായിരുന്നു.”
11അപ്പോൾ അവരുടെ പിതാവായ ഇസ്രായേൽ അവരോടു പറഞ്ഞു, “അങ്ങനെ നിർബന്ധമെങ്കിൽ ഇതു ചെയ്യുക—കുറെ സുഗന്ധപ്പശ, അൽപ്പം തേൻ, സുഗന്ധവസ്തുക്കൾ, മീറ, പിസ്താപ്പരിപ്പ്,#43:11 അതായത്, ബോടനണ്ടി. ബദാം എന്നിങ്ങനെ—ഈ നാട്ടിലെ ഏറ്റവും നല്ല വസ്തുക്കളിൽ ചിലത് ആ മനുഷ്യനുള്ള സമ്മാനമായി നിങ്ങളുടെ സഞ്ചികളിൽ കരുതിവെക്കുക. 12നിങ്ങളുടെ ചാക്കുകളിൽ വെച്ചിരുന്ന പണം തിരികെ കൊടുക്കേണ്ടതായതിനാൽ ഇരട്ടിത്തുകയും എടുക്കണം; ഒരുപക്ഷേ അതൊരു തെറ്റുപറ്റിയതാകാം. 13നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ഉടൻതന്നെ പോകുക. 14നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടൊപ്പം തിരികെപ്പോരാൻ അദ്ദേഹം അനുവദിക്കുംവിധം സർവശക്തനായ ദൈവം അദ്ദേഹത്തിന്റെ മുമ്പാകെ നിങ്ങളോടു കരുണ കാണിക്കുമാറാകട്ടെ. എനിക്കോ, എന്റെ മക്കൾ നഷ്ടപ്പെടുകയാണെങ്കിൽ അതും ആകട്ടെ!”
15അങ്ങനെ അവർ സമ്മാനങ്ങളും ഇരട്ടിപ്പണവും എടുത്തു, ബെന്യാമീനെയും കൂട്ടിക്കൊണ്ട് ഈജിപ്റ്റിലേക്കു തിടുക്കത്തിൽ ചെന്ന്, യോസേഫിന്റെ മുമ്പിൽനിന്നു. 16അവരോടുകൂടെ ബെന്യാമീൻ ഉണ്ട് എന്നു കണ്ടിട്ട് യോസേഫ് തന്റെ വീട്ടിലെ കാര്യസ്ഥനോട്, “ഈ മനുഷ്യരെ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ഒരു മൃഗത്തെ കൊന്ന് വിരുന്നൊരുക്കുകയും വേണം; അവർ ഇന്നത്തെ ഉച്ചഭക്ഷണം എന്നോടുകൂടെ കഴിക്കേണ്ടതാകുന്നു” എന്നു പറഞ്ഞു.
17യോസേഫ് പറഞ്ഞതുപോലെ ആ മനുഷ്യൻ ചെയ്തു, അവരെ യോസേഫിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. 18അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയപ്പോൾ, “നമ്മുടെ ചാക്കുകളിൽ, ഒന്നാമത്തെ പ്രാവശ്യം വെച്ചിരുന്ന പണംനിമിത്തം നമ്മെ ഇവിടെ കൊണ്ടുവന്നിരിക്കുന്നു. നമ്മെ കീഴ്പ്പെടുത്തി അടിമകളാക്കി പിടിച്ചുവെക്കാനും നമ്മുടെ കഴുതകളെ കൈവശമാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു,” എന്ന് ചിന്തിച്ച് അവർ ഭയപ്പെട്ടു.
19അതുകൊണ്ട്, അവർ യോസേഫിന്റെ കാര്യസ്ഥന്റെ അടുക്കൽച്ചെന്ന് വീട്ടുവാതിൽക്കൽവെച്ച് അദ്ദേഹത്തോടു സംസാരിച്ചു: 20“യജമാനനേ, ഞങ്ങൾ ഇവിടെ ഒന്നാമത്തെ തവണ വന്നത് ഭക്ഷ്യസാധനം വാങ്ങുന്നതിനാണ്. 21എന്നാൽ ഞങ്ങൾ രാത്രി ചെലവഴിക്കുന്നതിനു തങ്ങിയ സ്ഥലത്തുവെച്ചു ഞങ്ങളുടെ ചാക്കുകൾ തുറന്നപ്പോൾ ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്റെ വായ്ക്കൽ കൃത്യം തൂക്കത്തിൽത്തന്നെ വെച്ചിരിക്കുന്നതായി കണ്ടു. അതു ഞങ്ങൾ തിരികെ കൊണ്ടുവന്നിട്ടുണ്ട്. 22ആഹാരം വാങ്ങുന്നതിനുള്ള കൂടുതൽ പണവും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങളുടെ പണം ഞങ്ങളുടെ ചാക്കിൽ വെച്ചത് ആരെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.”
23“അതൊക്കെ ശരി, നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങളുടെ ദൈവം, നിങ്ങളുടെ പിതാവിന്റെ ദൈവംതന്നെ നിങ്ങളുടെ ചാക്കുകളിൽ നിങ്ങൾക്കു നിക്ഷേപങ്ങൾ നൽകിയിരിക്കുന്നു; നിങ്ങളുടെ പണം ഞാൻ കൈപ്പറ്റിയിരുന്നു,” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ശിമെയോനെ അവരുടെ അടുക്കൽ കൊണ്ടുവന്നു.
24ഇതിനുശേഷം കാര്യസ്ഥൻ അവരെ യോസേഫിന്റെ വീടിനുള്ളിലേക്കു കൊണ്ടുപോകുകയും അവർക്കു കാലുകഴുകാൻ വെള്ളം കൊടുക്കുകയും ചെയ്തു. അവരുടെ കഴുതകൾക്കുള്ള തീറ്റയും അദ്ദേഹം ഏർപ്പാടുചെയ്തു. 25തങ്ങൾ ഭക്ഷണം കഴിക്കേണ്ടത് അവിടെവെച്ചാണെന്നു കേട്ടതുകൊണ്ട്, യോസേഫ് ഉച്ചയ്ക്ക് വരുമ്പോഴേക്കും അവർ സമ്മാനങ്ങൾ തയ്യാറാക്കിവെച്ചു.
26യോസേഫ് വീട്ടിലെത്തിയപ്പോൾ, തങ്ങൾ വീടിനുള്ളിലേക്കു കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾ അവർ അദ്ദേഹത്തിനു കാഴ്ചവെച്ചു; പിന്നെ അവർ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു. 27അവർക്കു സുഖംതന്നെയോ എന്ന് ആരാഞ്ഞതിനുശേഷം അദ്ദേഹം അവരോട്, “നിങ്ങൾ നിങ്ങളുടെ വൃദ്ധനായ പിതാവിനെക്കുറിച്ച് എന്നോടു പറഞ്ഞിരുന്നല്ലോ! അദ്ദേഹത്തിനു സുഖമാണോ? അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു.
28അതിന് അവർ, “അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, അദ്ദേഹത്തിനു സുഖംതന്നെ” എന്നു മറുപടി പറഞ്ഞു; ഇങ്ങനെ പറഞ്ഞ് അവർ അദ്ദേഹത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
29അദ്ദേഹം ചുറ്റും നോക്കി, തന്റെ സഹോദരനും സ്വന്തം അമ്മയുടെ മകനുമായ ബെന്യാമീനെ കണ്ടിട്ട്, “നിങ്ങൾ എന്നോടു പറഞ്ഞിരുന്ന നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ ഇതാണോ?” എന്നു ചോദിച്ചു. പിന്നെ അദ്ദേഹം, “എന്റെ മകനേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ” എന്നു പറഞ്ഞു. 30അനുജനെ കണ്ടപ്പോൾ യോസേഫ് വികാരാധീനനായിത്തീർന്നു; കരയാൻ ഇടം അന്വേഷിച്ചു; സ്വന്തം മുറിയിലേക്ക് തിരക്കിട്ടുകൊണ്ട് ചെന്നു കരഞ്ഞു.
31മുഖം കഴുകിയിട്ടു പുറത്തുവന്ന് തന്നെത്താൻ നിയന്ത്രിച്ചുകൊണ്ട്, “ആഹാരം വിളമ്പുക” എന്ന് ആജ്ഞാപിച്ചു.
32അവർ അദ്ദേഹത്തിനും സഹോദരന്മാർക്കും അദ്ദേഹത്തോടൊപ്പം ആഹാരം കഴിക്കുന്ന ഈജിപ്റ്റുകാർക്കും പ്രത്യേകം പ്രത്യേകമായി ഭക്ഷണം വിളമ്പി: കാരണം ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ആഹാരം കഴിക്കുകയില്ല, അവർക്ക് അതു വെറുപ്പാണ്. 33അദ്ദേഹത്തിന്റെ മുമ്പാകെ അവരെ മൂത്തവൻമുതൽ ഇളയവൻവരെ അവരുടെ പ്രായക്രമത്തിൽ ഇരുത്തി; അവർ വിസ്മയത്തോടെ പരസ്പരം നോക്കി. 34യോസേഫിന്റെ മേശയിൽനിന്ന് അവർക്ക് ഓഹരി വിളമ്പിക്കൊടുത്തു. ബെന്യാമീനുള്ള ഓഹരി മറ്റുള്ളവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു. അവർ അദ്ദേഹത്തോടൊപ്പം യഥേഷ്ടം ഭക്ഷിച്ചുപാനംചെയ്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഉൽപ്പത്തി 43