YouVersion Logo
Search Icon

എബ്രായർ 1

1
ദൈവപുത്രൻ: ദൈവത്തിന്റെ ആത്യന്തിക വെളിപ്പാട്
1ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു. 2എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്. 3ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത്#1:3 അതായത്, ആദരവിന്റെയും അധികാരത്തിന്റെയും സ്ഥാനം. ഉപവിഷ്ടനായി. 4ദൈവദൂതന്മാരെക്കാൾ പരമോന്നതനായിരിക്കുകയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു.
പുത്രൻ ദൂതന്മാരെക്കാൾ അതിശ്രേഷ്ഠൻ
5ദൈവം ദൂതന്മാരിൽ ആരോടെങ്കിലും,
“നീ എന്റെ പുത്രൻ;
ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു”#1:5 സങ്കീ. 2:7
എന്നും
“ഞാൻ അവന്റെ പിതാവും
അവൻ എന്റെ പുത്രനും ആയിരിക്കും”#1:5 2 ശമു. 7:14; 1 ദിന. 17:13
എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ? 6മാത്രമല്ല,
“സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക”#1:6 ആവ. 32:43
എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്. 7ദൂതന്മാരെക്കുറിച്ച് ദൈവം
“തന്റെ ദൂതന്മാരെ കാറ്റുകളായും#1:7 മൂ.ഭാ. ഈ പദത്തിന് ആത്മാവ് എന്നും അർഥമുണ്ട്; ദൂതന്മാരെ സേവകാത്മാക്കളായും, എന്നും പരിഭാഷപ്പെടുത്താം.
സേവകരെ അഗ്നിജ്വാലകളായും മാറ്റുന്നു.”#1:7 സങ്കീ. 104:4
എന്ന് അരുളിച്ചെയ്തിരിക്കുന്നു. 8എന്നാൽ പുത്രനെക്കുറിച്ചാകട്ടെ:
“ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും;
അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും.
9അങ്ങു നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കുന്നു;
അതുകൊണ്ട് ദൈവം, ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്#1:9 പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം.
അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.”#1:9 സങ്കീ. 45:6,7
10മാത്രവുമല്ല,
“കർത്താവേ, ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു.
ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.
11അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും;
അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും.
12അങ്ങ് അവയെ ഒരു പുതപ്പുപോലെ ചുരുട്ടും;
വസ്ത്രം മാറുന്നതുപോലെ അവ മാറ്റപ്പെടും.
എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും;
അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.”#1:12 സങ്കീ. 102:25-27
13ദൈവം ദൂതന്മാരിൽ ആരോടെങ്കിലും,
“ഞാൻ നിന്റെ ശത്രുക്കളെ
നിന്റെ ചവിട്ടടിയിലാക്കുംവരെ
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”#1:13 സങ്കീ. 110:1
എന്ന് എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ? 14ദൂതന്മാരെല്ലാവരും, രക്ഷപ്രാപിക്കുന്നവർക്ക് ശുശ്രൂഷചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന സേവകാത്മാക്കളാണല്ലോ?

Currently Selected:

എബ്രായർ 1: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for എബ്രായർ 1