യെശയ്യാവ് 42
42
യഹോവയുടെ ദാസൻ
1“ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ!
ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ;
ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും,
അവൻ രാഷ്ട്രങ്ങൾക്കു ന്യായം നടത്തിക്കൊടുക്കും.
2അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല;
തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല.
3ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല,
പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.
അവൻ വിശ്വസ്തതയോടെ ന്യായപാലനം നടത്തും.
4ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ
അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല.
അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.”
5യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു—
ആകാശത്തെ സൃഷ്ടിച്ച് അതിനെ വിരിക്കയും
ഭൂമിയെയും അതിലുള്ള ഉല്പന്നങ്ങളെയും വ്യവസ്ഥാപിക്കയും
അതിലെ ജനത്തിനു ശ്വാസവും
അതിൽ ജീവിക്കുന്നവർക്കു ജീവനും പ്രദാനംചെയ്യുകയും ചെയ്തവൻതന്നെ:
6-7“അന്ധനയനങ്ങൾ തുറക്കുന്നതിനും
തടവുകാരെ കാരാഗൃഹത്തിൽനിന്നും
അന്ധകാരത്തിൽ ഇരിക്കുന്നവരെ ഇരുട്ടറയിൽനിന്നും പുറപ്പെടുവിക്കാനും
യഹോവയായ ഞാൻ, നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു;
ഞാൻ നിന്നെ കൈപിടിച്ചു നടത്തും.
ഞാൻ നിന്നെ സൂക്ഷിക്കയും
ജനത്തിന് ഒരു ഉടമ്പടിയും
യെഹൂദേതരർക്കു പ്രകാശവുമായി നിന്നെ നിയമിക്കുകയും ചെയ്യും.
8“ഞാൻ യഹോവ ആകുന്നു; അതാണ് എന്റെ നാമം!
ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും
എന്റെ സ്തുതി വിഗ്രഹങ്ങൾക്കും നൽകുകയില്ല.
9ഇതാ, പണ്ടു പ്രസ്താവിച്ച കാര്യങ്ങൾ നിറവേറിയിരിക്കുന്നു,
ഇപ്പോൾ ഞാൻ പുതിയ കാര്യങ്ങൾ പ്രസ്താവിക്കുന്നു;
അവ ഉണ്ടാകുന്നതിനുമുമ്പേ
ഞാൻ അതു നിങ്ങളെ അറിയിക്കുന്നു.”
യഹോവയ്ക്ക് ഒരു സ്തോത്രഗീതം
10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിലുള്ള സകലതും
ദ്വീപുകളും അവയിലെ നിവാസികളുമേ,
യഹോവയ്ക്ക് ഒരു പുതിയ ഗാനം ആലപിക്കുക,
അവിടത്തെ സ്തുതി ഭൂമിയുടെ സീമകളിൽനിന്ന് പാടുക.
11മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ;
കേദാറിലെ ഗ്രാമങ്ങളും അതിലെ നിവാസികളും ആനന്ദിക്കട്ടെ.
സേലാപട്ടണനിവാസികളും ആഹ്ലാദത്താൽ പാടട്ടെ;
പർവതത്തിന്റെ മുകളിൽനിന്ന് അവർ ആർത്തുവിളിക്കട്ടെ.
12അവർ യഹോവയ്ക്ക് മഹത്ത്വം കൊടുക്കുകയും
അവിടത്തെ സ്തുതി ദ്വീപുകളിൽ പ്രസ്താവിക്കുകയും ചെയ്യട്ടെ.
13യഹോവ ഒരു യോദ്ധാവിനെപ്പോലെ പുറപ്പെടും,
ഒരു യുദ്ധവീരനെപ്പോലെ തന്റെ തീക്ഷ്ണത പ്രകടമാക്കും;
അവിടന്ന് ആർത്തുവിളിക്കും, യുദ്ധഘോഷം മുഴക്കും,
തന്റെ ശത്രുക്കൾക്കെതിരേ അവിടന്ന് വിജയംനേടും.
14“ഞാൻ ദീർഘകാലം മൗനമായിരുന്നു,
ഞാൻ മിണ്ടാതിരുന്ന് എന്നെത്തന്നെ നിയന്ത്രിച്ചുപോന്നു.
എന്നാൽ ഇപ്പോൾ പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ
ഞാൻ ഞരങ്ങുന്നു, കിതയ്ക്കുകയും നെടുവീർപ്പിടുകയുംചെയ്യുന്നു.
15ഞാൻ പർവതങ്ങളെയും മലകളെയും ശൂന്യമാക്കും
അവയിലെ സസ്യങ്ങളെ കരിച്ചുകളയും.
ഞാൻ നദികളെ ദ്വീപുകളാക്കും,
ജലാശയങ്ങളെ വറ്റിച്ചുംകളയും.
16ഞാൻ അന്ധരെ അവർ അറിയാത്ത വഴിയിലൂടെ നടത്തും,
അവർ അറിഞ്ഞിട്ടില്ലാത്ത പാതകളിലൂടെ ഞാൻ അവരെ നയിക്കും.
ഞാൻ അവരുടെമുമ്പിൽ അന്ധകാരത്തെ പ്രകാശമായും
ദുർഘടസ്ഥലങ്ങളെ സമതലമായും മാറ്റും.
അവർക്കു ഞാൻ ഇവയെല്ലാം ചെയ്തുകൊടുക്കും;
ഞാൻ അവരെ ഉപേക്ഷിക്കുകയില്ല.
17എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്,
ബിംബങ്ങളോട്, ‘നിങ്ങളാണ് ഞങ്ങളുടെ ദേവതകളെന്നു,’
പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിതരാകും.
ഇസ്രായേൽജനത്തിന്റെ അന്ധരും ബധിരരും
18“ചെകിടരേ, കേൾക്കുക;
അന്ധരേ, നോക്കിക്കാണുക!
19എന്റെ ദാസനല്ലാതെ അന്ധൻ ആർ?
ഞാൻ അയയ്ക്കുന്ന എന്റെ സന്ദേശവാഹകനെപ്പോലെ ചെകിടൻ ആർ?
എന്റെ ഉടമ്പടിയിൽ പങ്കാളിയായിരിക്കുന്നവനെപ്പോലെ അന്ധനും
യഹോവയുടെ ആ ദാസനെപ്പോലെ കുരുടനും ആരുള്ളൂ?
20നീ പലതും കണ്ടു; എങ്കിലും നീ അവ ഗ്രഹിക്കുന്നില്ല;
നിന്റെ ചെവികൾ തുറന്നിരിക്കുന്നു; എങ്കിലും ഒന്നും കേൾക്കുന്നില്ല.”
21തന്റെ നീതിക്കായി
അവിടത്തെ നിയമം ശ്രേഷ്ഠവും മഹത്ത്വകരവുമാക്കാൻ
യഹോവയ്ക്കു പ്രസാദമായിരിക്കുന്നു.
22എങ്കിലും ഇതു കൊള്ളചെയ്യപ്പെട്ടു കവർച്ചയായിത്തീർന്ന ഒരു ജനമാണ്,
അവരെല്ലാം ഗുഹകളിൽ കുടുങ്ങുകയോ
കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നു.
അവർ കവർച്ചയ്ക്ക് ഇരയായി,
വിടുവിക്കാൻ ആരും ഇല്ല;
കൊള്ളചെയ്യപ്പെട്ടു,
“മടക്കിത്തരിക,” എന്ന് ആരും പറയുന്നതുമില്ല.
23നിങ്ങളിൽ ആര് ഇതു ശ്രദ്ധിക്കും?
ഭാവിക്കുവേണ്ടി ആര് ചെവികൊടുത്തു കേൾക്കും?
24യാക്കോബിനെ കവർച്ചയ്ക്കും
ഇസ്രായേലിനെ കൊള്ളക്കാർക്കും വിട്ടുകൊടുത്തതാര്?
യഹോവ തന്നെയല്ലേ,
അവിടത്തോടല്ലേ നാം പാപം ചെയ്തത്?
കാരണം അവർ അവിടത്തെ വഴികൾ അനുസരിച്ചിട്ടില്ല;
അവിടത്തെ നിയമം അനുസരിച്ചിട്ടുമില്ല.
25അതുകൊണ്ട് തന്റെ തീക്ഷ്ണമായ കോപവും
യുദ്ധത്തിന്റെ ഭീകരതയും അവിടന്ന് അവരുടെമേൽ ചൊരിഞ്ഞു.
അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ തിരിച്ചറിഞ്ഞില്ല;
അത് അവരെ ദഹിപ്പിച്ചിട്ടും അവർ ഗൗനിച്ചതേയില്ല.
Currently Selected:
യെശയ്യാവ് 42: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.