YouVersion Logo
Search Icon

ഇയ്യോബ് 35

35
1എലീഹൂ ഇപ്രകാരം തുടർന്നു:
2“ ‘എന്റെ നീതി ദൈവത്തിന്റെ നീതിയെ കവിയുന്നു,’ എന്നു താങ്കൾ പറയുന്നു,
ഇതു ന്യായമെന്നു കരുതുന്നോ?
3പിന്നെ താങ്കൾ ചോദിക്കുന്നു: ‘അതുകൊണ്ട് എനിക്കെന്തു മെച്ചം?
പാപം ചെയ്യാതിരുന്നാൽ എനിക്കെന്തു നേട്ടം?’
4“അതിന് ഞാൻ താങ്കളോടും
താങ്കളോടൊപ്പമുള്ള ഈ സ്നേഹിതന്മാരോടും മറുപടി പറയാൻ ആഗ്രഹിക്കുന്നു.
5ആകാശത്തേക്കു തലയുയർത്തി കാണുക;
നിങ്ങളെക്കാൾ വളരെ മുകളിലുള്ള മേഘപാളികളിലേക്ക് ഇമവെട്ടാതെ നോക്കുക.
6താങ്കൾ പാപംചെയ്താൽ അത് അത്യുന്നതനെ എങ്ങനെയാണ് ബാധിക്കുന്നത്?
താങ്കളുടെ പാപങ്ങൾ അനേകമാണെങ്കിൽ അത് അവിടത്തോട് എന്തുചെയ്യും?
7താങ്കൾ നീതിനിഷ്ഠൻ ആയിരിക്കുന്നതിലൂടെ ദൈവത്തിന് എന്തോ ഉപകാരം ചെയ്യുകയാണോ?
അവിടത്തേക്ക് താങ്കളുടെ കൈയിൽനിന്ന് എന്തു ലഭിക്കുന്നു?
8താങ്കളുടെ ദുഷ്ടത താങ്കളെപ്പോലെ മനുഷ്യർക്കു ദോഷംവരുത്തുന്നു.
താങ്കളുടെ നീതികൊണ്ടും ഇതരമനുഷ്യർക്കാണ് പ്രയോജനം.
9“പീഡനത്തിന്റെ ബാഹുല്യംനിമിത്തം ജനം നിലവിളിക്കുന്നു;
ശക്തരുടെ കരങ്ങളിൽനിന്നു മോചിപ്പിക്കപ്പെടുന്നതിനായി അവർ മുറവിളി കൂട്ടുന്നു.
10-11എന്നാൽ ‘രാത്രിയിൽ ഗീതങ്ങൾ നൽകുന്നവനും
ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ അഭ്യസിപ്പിക്കുന്നവനും
ആകാശത്തിലെ പക്ഷികളെക്കാൾ ജ്ഞാനം നൽകുന്നവനുമായ
എന്റെ സ്രഷ്ടാവായ ദൈവം എവിടെ?’ എന്ന് ആരും ചോദിക്കുന്നില്ല.
12ദുഷ്ടമനുഷ്യരുടെ അഹങ്കാരംനിമിത്തം
ജനം നിലവിളിക്കുമ്പോൾ അവിടന്ന് ഉത്തരമരുളുന്നില്ല.
13തീർച്ചയായും വ്യർഥമായ ഒരു നിലവിളി ദൈവം ശ്രദ്ധിക്കുകയില്ല;
സർവശക്തൻ അവയ്ക്കു യാതൊരുവിധ ശ്രദ്ധയും കൊടുക്കുകയില്ല.
14അവിടത്തെ കാണുന്നില്ല എന്നു താങ്കൾ പറയുമ്പോൾ
എത്ര അല്പം ആയിരിക്കും അവിടന്ന് താങ്കളെ ശ്രദ്ധിക്കുന്നത്,
താങ്കളുടെ ആവലാതി അവിടത്തെ മുമ്പിൽത്തന്നെ ഇരിക്കുന്നു;
അതിനാൽ അവിടത്തേക്കായി കാത്തിരിക്കുക;
15കാരണം, അവിടത്തെ കോപം ശിക്ഷാവിധി നടപ്പാക്കുന്നില്ല,
ദുഷ്ടത അവിടന്ന് അശേഷം പരിഗണിക്കുന്നതുമില്ല.
16ഇയ്യോബ് വായ് തുറന്നു വ്യർഥമായി സംസാരിക്കുന്നു;
പരിജ്ഞാനമില്ലാതെ അദ്ദേഹം പാഴ്വാക്കുകൾ പുലമ്പുന്നു.”

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in