ഇയ്യോബ് 37
37
1“ഇതിങ്കൽ എന്റെ ഹൃദയം വിറയ്ക്കുന്നു;
അതു സ്വസ്ഥാനത്തു കുതിച്ചുചാടുന്നു.
2അവിടത്തെ ശബ്ദത്തിന്റെ ഗർജനവും
അവിടത്തെ വായിൽനിന്നുള്ള മുഴക്കവും ശ്രദ്ധിക്കുക.
3അവിടത്തെ മിന്നൽപ്പിണരുകളെ ആകാശത്തിൻകീഴിലെല്ലാം അഴിച്ചുവിടുന്നു,
അതിനെയും ഭൂമിയുടെ അറുതിയോളം അയയ്ക്കുകയും ചെയ്യുന്നു.
4അവയ്ക്കു പിന്നാലെ ഒരു ഗർജനശബ്ദം ഉയരുന്നു;
തന്റെ മഹത്തായ നാദത്തോടെ അവിടന്ന് ഇടിമുഴക്കുന്നു;
തന്റെ ശബ്ദം മുഴങ്ങുമ്പോഴും
അവിടന്നു മിന്നൽപ്പിണരിനെ തടഞ്ഞുവെക്കുന്നില്ല.
5ദൈവത്തിന്റെ നാദം അത്ഭുതകരമായി ഇടിമുഴക്കും സൃഷ്ടിക്കുന്നു;
നമുക്കു ഗ്രഹിക്കാനാകാത്ത വൻകാര്യങ്ങൾ അവിടന്നു പ്രവർത്തിക്കുന്നു.
6മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും
മഴയോട്, ‘അതിശക്തമായ പേമാരി പൊഴിക്കുക’ എന്നും അവിടന്നു കൽപ്പിക്കുന്നു.
7സകലമനുഷ്യരും അവിടത്തെ പ്രവൃത്തി ഗ്രഹിക്കേണ്ടതിന്,
അവിടന്ന് ഓരോ മനുഷ്യന്റെയും പ്രവൃത്തികൾ നിർത്തിവെപ്പിക്കുന്നു.#37:7 മൂ.ഭാ. മുദ്രവെപ്പിക്കുന്നു
8മൃഗങ്ങളെല്ലാം അവയുടെ ഒളിവിടങ്ങളിലേക്കു മടങ്ങുന്നു;
ഓരോന്നും അതിന്റെ ഗുഹയിൽ കിടക്കുന്നു.
9കൊടുങ്കാറ്റ് അതിന്റെ പള്ളിയറയിൽനിന്നു വരുന്നു;
വടക്കൻകാറ്റിൽനിന്നു ശൈത്യവും.
10ദൈവത്തിന്റെ നിശ്വാസത്താൽ മഞ്ഞുകട്ട ഉളവാകുന്നു;
ആഴിയുടെ പരപ്പ് ദ്രവിച്ചുറഞ്ഞു കട്ടിയാകുന്നു.
11ഈർപ്പത്താൽ അവിടന്നു മേഘത്തെ സാന്ദ്രമാക്കുന്നു;
അവയിലൂടെ അവിടന്നു മിന്നൽപ്പിണർ ചിതറിക്കുന്നു.
12ഭൂമുഖത്തെങ്ങും
അവിടന്നു കൽപ്പിക്കുന്നതൊക്കെയും നിറവേറ്റുന്നതിന്
അവിടത്തെ നിർദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു.
13അവിടന്നു മേഘങ്ങളെ അയച്ച് മനുഷ്യരെ ശിക്ഷിക്കുന്നു,
അല്ലായെങ്കിൽ ഭൂമിയെ നനയ്ക്കുകയും അവിടത്തെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
14“ഇയ്യോബേ, ഇതു ശ്രദ്ധിക്കുക;
ഒന്നു നിൽക്കുക, ദൈവത്തിന്റെ അത്ഭുതങ്ങളെപ്പറ്റി ചിന്തിക്കുക.
15ദൈവം മേഘജാലങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നും
തന്റെ മിന്നൽപ്പിണരിനെ എങ്ങനെ പ്രകാശിപ്പിക്കുന്നു എന്നും താങ്കൾക്കറിയാമോ?
16മേഘപാളികൾ സന്തുലിതാവസ്ഥയിൽ തങ്ങിനിൽക്കുന്നത് എങ്ങനെ എന്നും
ജ്ഞാനപൂർണനായവന്റെ അത്ഭുതങ്ങളെപ്പറ്റിയും നീ അറിയുന്നുണ്ടോ?
17തെക്കൻകാറ്റിനാൽ ഭൂമി ശാന്തമായിരിക്കുമ്പോൾപ്പോലും
വസ്ത്രത്തിനുള്ളിൽ വിയർത്തൊലിക്കുന്ന നിനക്കു
18വെങ്കലക്കണ്ണാടി വാർത്തെടുക്കുമ്പോലെ
ആകാശത്തെ വിരിക്കുന്നവന്റെ പങ്കാളിയാകാൻ നിനക്കു കഴിയുമോ?
19“അവിടത്തോട് എന്തു പറയണമെന്നു ഞങ്ങളെ ഉപദേശിക്കുക,
ഞങ്ങളിൽ ബാധിച്ചിരിക്കുന്ന അന്ധകാരംനിമിത്തം പരാതി തയ്യാറാക്കാൻപോലും ഞങ്ങൾക്കു കഴിയുന്നില്ല.
20എനിക്കു സംസാരിക്കണം എന്ന് അവിടത്തോടു ബോധിപ്പിക്കണമോ?
അങ്ങനെ സ്വയം വിഴുങ്ങപ്പെടാൻ ആഗ്രഹിക്കുന്നവരുണ്ടോ?
21കാറ്റടിച്ച് മേഘമൊഴിഞ്ഞ സ്വച്ഛമായ ആകാശത്തിൽ
ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ
നോക്കാൻ ആർക്കും കഴിയുകയില്ല.
22ഉത്തരദിക്കിൽനിന്നും സൗവർണശോഭയിൽ അവിടന്ന് ആഗമിക്കുന്നു;
ദൈവം ഭയജനകമായ തേജസ്സിലേറി വരുന്നു.
23സർവശക്തൻ നമുക്ക് അപ്രാപ്യൻ, അവിടന്നു ശക്തിയിൽ അത്യുന്നതൻ;
അവിടന്നു ന്യായവും മഹത്തായ നീതിയും ഉള്ളവൻ ആയതിനാൽ ആരെയും അടിച്ചമർത്തുന്നില്ല.
24അതിനാൽ മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു;
ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടന്ന് ആദരിക്കുന്നില്ല.”
Currently Selected:
ഇയ്യോബ് 37: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.