YouVersion Logo
Search Icon

മത്തായി 3

3
യോഹന്നാൻസ്നാപകൻ വഴിയൊരുക്കുന്നു
1-2ആ നാളുകളിൽ യോഹന്നാൻസ്നാപകൻ യെഹൂദ്യ മരുഭൂമിയിൽ എത്തി, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിച്ചു.
3“ ‘കർത്താവിന്റെ വഴിയൊരുക്കുക;
അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക’
എന്ന് മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം,”#3:3 യെശ. 40:3
എന്ന് യെശയ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.
4യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും തുകൽ അരപ്പട്ടയും#3:4 അതായത്, ബെൽറ്റ് ധരിച്ചിരുന്നു.#3:4 2 രാജാ. 1:8 വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. 5ജെറുശലേമിൽനിന്നും യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തുനിന്നും യോർദാൻനദിയുടെ പരിസരപ്രദേശങ്ങളിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി. 6തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
7എന്നാൽ, പരീശന്മാരും സദൂക്യരുമായ#3:7 യെഹൂദർക്കിടയിൽ നിലനിന്നിരുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങൾ. പരീശന്മാർ: ന്യായപ്രമാണത്തിലെ നിയമങ്ങൾ കർശനമായി പാലിക്കുന്നതിന് ഊന്നൽ കൊടുക്കുന്നവർ. സദൂക്യർ: ദൃശ്യമായതിൽ അപ്പുറമുള്ളവ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവർ. ഉദാ. മരണാനന്തരജീവിതം, ദൈവദൂതന്മാർ എന്നിവ നിരാകരിക്കുന്നവർ. അനേകർ അദ്ദേഹം സ്നാനം കഴിപ്പിക്കുന്ന ഇടത്തേക്കു വരുന്നതുകണ്ടിട്ട് അവരോട്, “അണലിക്കുഞ്ഞുങ്ങളേ!#3:7 അഥവാ, വഴിതെറ്റിക്കുന്നവർ. വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്?” എന്നു വിളിച്ചുപറഞ്ഞു. 8“മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. 9‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും. 10ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.
11“ഞാൻ നിങ്ങൾക്കു നൽകുന്ന ജലസ്നാനം നിങ്ങൾ മാനസാന്തരപ്പെട്ടു എന്നതിന്റെ പ്രതീകമാണ്. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും. 12വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച്, ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”
യേശുവിന്റെ സ്നാനം
13ഈ സമയത്ത് യോഹന്നാനാൽ സ്നാനം സ്വീകരിക്കുന്നതിന് യേശു ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയിലേക്ക്#3:13 യോർദാൻനദി ഗലീലാപ്രവിശ്യയിൽക്കൂടെ ഒഴുകുന്നുണ്ടെങ്കിലും യോഹന്നാനാൽ സ്നാനം സ്വീകരിക്കേണ്ടതിന് യെഹൂദ്യമരുഭൂമിയിലുള്ള യോർദാൻനദിയുടെ ഭാഗത്തേക്കാണ് യേശു വന്നത്. വന്നു. 14എന്നാൽ, യോഹന്നാൻ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, “അങ്ങയിൽനിന്ന് സ്നാനം സ്വീകരിക്കുക എന്നതാണ് എന്റെ അഭിലാഷം, എന്നിട്ടും അങ്ങ് എന്റെ അടുത്തേക്കാണല്ലോ വരുന്നത്?”
15അതിന് യേശു, “ഇപ്പോൾ ഇതിന് സമ്മതിക്കുക; ഇങ്ങനെ സർവനീതിയും നാം പൂർത്തീകരിക്കുന്നത് ഉചിതമാണല്ലോ” എന്നു പ്രതിവചിച്ചു; അപ്പോൾ യോഹന്നാൻ സമ്മതിച്ചു.
16യേശു സ്നാനമേറ്റ് വെള്ളത്തിൽനിന്ന് കയറി; ആ നിമിഷത്തിൽത്തന്നെ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ പറന്നിറങ്ങുന്നത് അദ്ദേഹം കണ്ടു. 17“ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.

Currently Selected:

മത്തായി 3: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in